LATEST

6/recent/ticker-posts

ഷാജി എൻ കരുണ്‍ അന്തരിച്ചു.



പ്രശസ്ത സിനിമ സംവിധായകനും ഛായാഗ്രഹകനുമായ ഷാജി എൻ കരുണ്‍(73) അന്തരിച്ചു. വെെകുന്നേരം അഞ്ച് മണിയോടെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.

ദേശീയ, അന്തർദേശീയതലങ്ങളില്‍ മലയാള സിനിമയെ അടയാളപ്പെടുത്തിയ അതുല്യ പ്രതിഭയെയാണ് രാജ്യത്തിന് നഷ്ടമായത്. 40 ഓളം സിനിമകള്‍ക്ക് ഛായാഗ്രഹണം നിർവഹിച്ച ഷാജി, അന്തരിച്ച അതുല്യകലാകാരൻ ജി അരവിന്ദന്റെ ഛായാഗ്രാഹകൻ‌ എന്ന നിലയില്‍ മലയാളത്തിലെ നവതരംഗ സിനിമയക്ക് സർഗാത്മകമായ ഊർജം പകർന്നു നല്‍കി. പിറവി, സ്വപാനം, സ്വം, വാനപ്രസ്ഥം, നിഷാദ്, കുട്ടിസ്രാങ്ക്, എകെജി എന്നിങ്ങനെ ഒരുപിടി കലാമൂല്യമുള്ള ചിത്രങ്ങള്‍ അദ്ദേഹത്തിന്റെതായി മലയാളത്തിന് ലഭിച്ചു.

ആദ്യചിത്രമായ പിറവിക്ക് കാൻ ഫിലിം ഫിലിം ഫെസ്റ്റിവല്ലില്‍ ഗോള്‍ഡെൻ ക്യാമറ പ്രത്യേക പരാമർശമടക്കം നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചു. രണ്ടാമത്തെ ചിത്രമായ സ്വം കാൻ ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക മലയാളചലച്ചിത്രമെന്ന സവിശേഷത കൂടിയുണ്ട്.

കൊല്ലം ജില്ലയിലെ കണ്ടച്ചിറയില്‍ എൻ കരുണാകരന്റെയും ചന്ദ്രമതിയുടെയും മൂത്തമകനായാണ് ഷാ‍ജി എൻ കരുണ്‍ ജനിച്ചത്. പള്ളിക്കര സ്കൂള്‍, യൂണിവേഴ്സിറ്റി കോളേജ് തിരുവനന്തപുരം എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1971 ല്‍ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ ചേർന്ന് ഛായാഗ്രഹണത്തില്‍ ഡിപ്ലോമ നേടി. സംസ്ഥാനചലച്ചിത്ര അക്കാദമി രൂപപ്പെട്ടപ്പോള്‍ അദ്ദേഹം അവിടെ നിയമിതനായി. പ്രശസ്ത സം‌വിധായകനായ ജി അരവിന്ദനെ കണ്ടുമുട്ടിയത് ജീവിതത്തില്‍ വഴിത്തിരിവായി. അരവിന്ദന്റെ കീഴില്‍ ഛായാഗ്രാഹകനായി നിരവധി സിനിമകള്‍ ചെയ്തു. കൂടാതെ പ്രശസ്ത സംവിധായകരായ കെ ജി ജോർജ്, എം ടി വാസുദേവൻ നായർ എന്നിവർക്കൊപ്പവും ഷാജി എൻ കരുണ്‍ പ്രവർത്തിച്ചു.

എഴുപതോളം ചലച്ചിത്രമേളകളില്‍ പ്രദർശിപ്പിക്കുകയും 31 പുരസ്കാരങ്ങള്‍ നേടുകയുംചെയ്ത 'പിറവി', കാൻ ചലച്ചിത്രമേളയില്‍ പാംദോറിന് നാമനിർദേശം ചെയ്യപ്പെട്ട 'സ്വം', കാനില്‍ ഔദ്യോഗികവിഭാഗത്തില്‍ പ്രദർശിപ്പിച്ച 'വാനപ്രസ്ഥം' തുടങ്ങിയ ചിത്രങ്ങളിലൂടെ അന്തർദേശീയതലത്തില്‍ മലയാളസിനിമയ്ക്ക് അഭിമാനകരമായ അംഗീകാരങ്ങള്‍ അദ്ദേഹം നേടിത്തന്നു. മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാർഡും മൂന്ന് സംസ്ഥാന അവാർഡുകളും നേടിയിട്ടുണ്ട്. ഏഴുവീതം ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ നേടി.

കലാസാംസ്കാരിക രംഗത്തെ സംഭാവനയ്ക്കുള്ള ഫ്രഞ്ച് സർക്കാരിന്റെ അന്താരാഷ്ട്ര അംഗീകാരമായ 'ദ ഓർഡർ ഓഫ് ആർട്‌സ് ആൻഡ് ലെറ്റേഴ്‌സ്', പത്മശ്രീ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

Post a Comment

0 Comments