തിരുവമ്പാടി : പോലീസിന്റെ അപ്രതീക്ഷിത ഉത്തരവ് വന്നതോടെ വന്യമൃഗശല്യം രൂക്ഷമായ തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ചൊവ്വാഴ്ച നടത്താനിരുന്ന മെഗാ നായാട്ടു മുടങ്ങി. കഴിഞ്ഞ ദിവസം പകൽ നേരത്ത് പോലും തിരുവമ്പാടി അങ്ങാടിയിൽ കാട്ടുപന്നി അക്രമണമുണ്ടായ പശ്ചാത്തലത്തിലാണ് പഞ്ചായത്ത് കാട്ടുപന്നികളെ പിടികൂടാൻ നായാട്ടു നടത്താൻ നിശ്ചയിച്ചിരുന്നത്.
ഇതിനായി നാൽപ്പതോളം എം പാനൽ ഷൂട്ടർമാരെയും ഇരുപതോളം വേട്ടനായ്ക്കളെയും തയ്യാറാക്കിയിരുന്നു. എന്നാൽ അപ്രതീക്ഷിതമായി നിർത്തിവെയ്ക്കാൻ കളക്ടറുടെ ഉത്തരവ് ഉണ്ടെന്ന് പറഞ്ഞ് എം പാനൽ ഷൂട്ടർമാരുടെ തോക്കുകൾ പോലീസ് സ്റ്റേഷനിൽ സറണ്ടർ ചെയ്യണമെന്ന് പോലീസ് അറിയിച്ചത്. ഇതോടെ (03, 04/03/2026 ) രണ്ട് ദിവസങ്ങളിലായി ( ചൊവ്വാഴ്ച, ബുധൻ) നായാട്ടു നടത്താൻ കഴിയാത്ത അവസ്ഥയിലാണ് പഞ്ചായത്ത് അധികൃതർ.
ഈ ഭരണ സമിതി അധികാരത്തിൽ വരുമ്പോൾ വെറും ഏഴ് എം പാനൽ ഷൂട്ടർമാരാണ് പഞ്ചായത്തിലുണ്ടായിരുന്നത്. നിലവിലെ ഭരണസമിതിയുടെ പ്രയത്നത്തിന്റെ ഫലമായി കോഴിക്കോട്, കണ്ണൂർ, വയനാട്, മലപ്പുറം, എറണാംകുളം എന്നിവിടങ്ങളിൽ നിന്നുള്ള ഷൂട്ടർമാരെക്കൂടി ഉൾപ്പെടുത്തിയാണ് ഇപ്പോൾ പഞ്ചായത്തിൽ എം പാനൽ ഷൂട്ടർമാരുടെ എണ്ണം നാല്പതാക്കിയത്. ഇതിനിടെ കഴിഞ്ഞ ദിവസം സ്പോർട്സ് ക്വാട്ടയിലുള്ള ലൈസൻസ് നേടിയ തോക്കുകൾ പന്നിവേട്ടക്ക് ഉപയോഗിക്കരുതെന്നു വനം വകുപ്പ് ഉത്തരവിറക്കിയിരുന്നു. പിന്നീട് അത് മരവിപ്പിക്കുകയും ചെയ്തിരുന്നു.
വന്യമൃഗ ശല്യം ഏറെയുള്ള തിരുവമ്പാടി പഞ്ചായത്തിലെ കൊടക്കാട്ടുപാറ, ഉറുമി, പൊന്നാങ്കയം, പുന്നക്കൽ ,ഒറ്റപ്പൊയിൽ, പുല്ലൂരാംപാറ തുടങ്ങിയ എട്ടു വാർഡുകളിലാണ് നായാട്ടു നടത്താൻ നിശ്ചയിച്ചിരുന്നത്. അതാണിപ്പോൾ വനം വകുപ്പിന്റെയും പോലീസിന്റെയും നിർദ്ദേശത്തെ തുടർന്ന് മുടങ്ങിയിരിക്കുന്നത് . സാധാരണ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷമേ തോക്കുകൾ പോലീസ് സ്റ്റേഷനിൽ സറണ്ടർ ചെയ്യാൻ ഉത്തരവ് വരാറുള്ളൂവെന്നും, അതിനാൽ ഉത്തരവ് പുനഃപരിശോധിക്കണമെന്നും തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് ആവശ്യപ്പെട്ടു. ഒപ്പം പന്നിവേട്ടയ്ക്ക് പഞ്ചായത്തിന് അനുവദിച്ച ഒരു ലക്ഷം രൂപ അഞ്ചു ലക്ഷം രൂപയാക്കണമെന്നും ജിതിൻ പല്ലാട്ട് പറഞ്ഞു.

0 Comments