ചെന്നൈ : ബാറ്റിങ്ങിൽ തിളങ്ങാനായില്ലെങ്കിലും ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിനിടെ റെക്കോഡ് ബുക്കിൽ പേരെഴുതിച്ചേർത്ത് സഞ്ജു സാംസൺ. ഐപിഎൽ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 5,000 റൺസ് തികയ്ക്കുന്ന ഇന്ത്യൻ താരമെന്ന നേട്ടമാണ് സഞ്ജു സ്വന്തമാക്കിയത്.
ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ കാഗിസോ റബാദയ്ക്കെതിരേ ഒരു ബൗണ്ടറി നേടിയാണ് സഞ്ജു 5,000 റൺസെന്ന നാഴികക്കല്ല് പിന്നിട്ടത്. ഏറ്റവും കുറഞ്ഞ പന്തുകളിൽ 5,000 ഐപിഎൽ റൺസ് നേടുന്ന ഇന്ത്യൻ താരമായിരിക്കുകയാണ് സഞ്ജു. മാത്രമല്ല ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ പന്തുകളിൽ 5,000 റൺസ് തികയ്ക്കുന്ന മൂന്നാമത്തെ താരമെന്ന നേട്ടവും സഞ്ജുവിന് സ്വന്തമായി. 3,555 പന്തുകളിൽ നിന്നാണ് സഞ്ജു 5,000 ഐപിഎൽ റൺസ് നേടിയത്.
3,288 പന്തിൽ നിന്ന് ഈ നേട്ടം സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കയുടെ എ ബി ഡിവില്ലിയേഴ്സാണ് ഏറ്റവും കുറഞ്ഞ പന്തുകളിൽ 5,000 റൺസ് നേടിയ താരം. 3,554 പന്തിൽ നിന്ന് 5,000 തികച്ച് ഓസ്‌ട്രേലിയൻ താരം ഡേവിഡ് വാർണറാണ് രണ്ടാം സ്ഥാനത്ത്. മൂന്നാമൻ സഞ്ജുവും.
3,620 പന്തുകളിൽ നിന്ന് ഈ നേട്ടത്തിലെത്തിയ സുരേഷ് റെയ്‌നയുടെ പേരിലായിരുന്നു ഏറ്റവും കുറഞ്ഞ പന്തുകളിൽ 5,000 റൺസ് നേടിയ ഇന്ത്യൻ താരമെന്ന റെക്കോഡ്. ഇതാണ് സഞ്ജു പഴങ്കഥയാക്കിയത്. 3,688 പന്തുകളിൽനിന്ന് ഈ നേട്ടം സ്വന്തമാക്കിയ കെ.എൽ രാഹുലാണ് പട്ടികയിലെ മൂന്നാമത്തെ ഇന്ത്യക്കാരൻ. 3,691 പന്തിൽ നിന്ന് 5,000 റൺസെടുത്ത എം.എസ് ധോനി നാലാം സ്ഥാനത്തും.

0 Comments