കോഴിക്കോട് : രാത്രിയിലെ അപ്രതീക്ഷിത വൈദ്യുതി നിയന്ത്രണത്തിൽ പ്രതിഷേധിച്ച് പന്നിയങ്കര കെഎസ്ഇബി ഓഫീസിന് മുന്നിൽ നാട്ടുകാരുടെയും കെഎസ്‌യു പ്രവർത്തകരുടെയും പ്രതിഷേധം. പുലർച്ചെ ഒരു മണി മുതൽ രണ്ട് മണി വരെ വൈദ്യുതി മുടങ്ങിയതോടെയാണ് ജനങ്ങൾ തെരുവിലിറങ്ങിയത്.

സംസ്ഥാനത്ത് വൈകിട്ട് 6 മുതൽ രാത്രി 12 വരെയുള്ള സമയത്തിനുള്ളിൽ അരമണിക്കൂർ വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് നേരത്തെ പ്രഖ്യാപനമുണ്ടായിരുന്നു. എന്നാൽ ഈ സമയപരിധി കഴിഞ്ഞ് പുലർച്ചെയും പവർകട്ട് തുടർന്നതാണ് പ്രതിഷേധത്തിന് കാരണമായത്. ഏകദേശം ഒരു മണിക്കൂറോളം നീണ്ട ഉപരോധം, ഇനി മുതൽ നിയന്ത്രണം ഉണ്ടാകില്ലെന്ന കെഎസ്ഇബി അധികൃതരുടെ ഉറപ്പിന്മേലാണ് അവസാനിപ്പിച്ചത്.

വൈദ്യുതി വാഹന ചാർജിംഗ് വൈകുന്നേരം 6 മുതൽ രാത്രി 12 വരെ പൂർണ്ണമായും ഒഴിവാക്കണമെന്നും ചാർജിങ് പകൽ സമയത്തേക്ക് ക്രമീകരിക്കണമെന്നും കെ എസ് ഇ ബി നിർദ്ദേശിച്ചിരുന്നു. എസിയുടെ താപനില 24-26 ഡിഗ്രി സെൽഷ്യസിൽ നിലനിർത്തണമെന്നും എസിയുടെ ഉപയോഗം അത്യാവശ്യമുള്ള മുറികളിൽ മാത്രമായി ചുരുക്കണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നു.