തിരുവനന്തപുരം : ആളും ആരവങ്ങളും അകമ്പടിയുമില്ലാതെ പിണറായി വിജയൻ തലസ്ഥാനത്ത്. തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയിൽ കടുത്ത വിമർശനം ഉയരുന്നതിനിടെയാണ് പിണറായി ഇന്ന് രാവിലെ 11.20-ഓടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. വോട്ടെണ്ണൽ ദിനത്തിൽ കണ്ണൂരിലായിരുന്നു അദ്ദേഹം.
എകെജി സെന്ററിൽനിന്നുള്ള വാഹനത്തിലാണ് പിണറായി ക്ലിഫ് ഹൗസിലെത്തിയത്. ഭാര്യയും മകളും പേരക്കുട്ടിയും അദ്ദേഹത്തിനൊപ്പമുണ്ട്. കഴിഞ്ഞദിവസം അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച സാഹചര്യത്തിൽ ഉടൻതന്നെ ക്ലിഫ് ഹൗസും ഒഴിഞ്ഞു കൊടുത്തേക്കും.
വിമാനത്താവളത്തിന് പുറത്തിറങ്ങുമ്പോൾ മാധ്യമപ്രവർത്തകർ സമീപിച്ചെങ്കിലും തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയിൽ മുഖ്യമന്ത്രി പ്രതികരിച്ചല്ല. കൂടിനിന്നവരിലേക്ക് കൈവീശി കാണിച്ചതല്ലാതെ മാധ്യമങ്ങളോട് സംസാരിക്കാൻ തയ്യാറായില്ല.
2016 മേയ് മാസത്തിലാണ് അദ്ദേഹം മുഖ്യമന്ത്രിയായി അധികാരത്തിലെത്തുന്നത്. തുടർന്ന് ഒരു പതിറ്റാണ്ട് അദ്ദേഹം കേരളത്തെ നയിച്ചു. 2026 മേയിൽ അദ്ദേഹം പടിയിറങ്ങുന്നു. ദീർഘകാലം കേരളത്തിന്റെ മുഖ്യമന്ത്രി എന്ന ഖ്യാതിയോടെ. പാർട്ടിക്കേറ്റ കനത്ത തോൽവിയിൽ നേതൃത്വത്തിന് നേരെ കടുത്ത വിമർശനങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ അടക്കം ഉയരുന്നത്.
67 സീറ്റുകളുണ്ടായിരുന്ന സിപിഎമ്മിന് ഇത്തവണ വെറും 26 സീറ്റുകളിലേക്ക് ഒതുങ്ങേണ്ടി വന്നത് അണികൾക്കിടയിലും അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന തരത്തിലുള്ള വിമർശനങ്ങളും സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്നുണ്ട്.

0 Comments