കൂടരഞ്ഞി : മലയോര മേഖലയായ തിരുവമ്പാടി, കൂടരഞ്ഞി, പുല്ലൂരാംപാറ, ആനക്കാംപൊയിൽ തുടങ്ങിയ പ്രദേശങ്ങളിൽ ഇന്നലെ അതിശക്തമായ മഴയും ശക്തമായ വെള്ളപ്പാച്ചിലും അനുഭവപ്പെട്ടു. പല ചെറുതോടുകളിലും പുഴകളിലും ജലനിരപ്പ് ഉയർന്നതോടെ ചിലയിടങ്ങളിൽ വെള്ളം കരകവിഞ്ഞൊഴുകി.
തുടർച്ചയായ മഴയെ തുടർന്ന് മലയോര മേഖലകളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതായി അധികൃതർ മുന്നറിയിപ്പ് നൽകി. ഇതിന്റെ പശ്ചാത്തലത്തിൽ ദുരന്തനിവാരണ അതോറിറ്റിയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
മലയോര മേഖലയിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും പുഴകളിലും തോടുകളിലും ഇറങ്ങരുതെന്നും രാത്രി സമയങ്ങളിൽ പ്രത്യേക ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു. കാലാവസ്ഥാ മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കണമെന്നും എന്തെങ്കിലും അപകടസാധ്യത ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട അധികൃതരെ ഉടൻ അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

0 Comments