LATEST

6/recent/ticker-posts

യുഡിഎഫ് കോഴിക്കോട് ജില്ലാ ചെയർമാനായി വി.ഡി.ജോസഫിനെ നിയമിച്ചു.



കോടഞ്ചേരി : യുഡിഎഫ് ജില്ലാ ചെയർമാനായി കോടഞ്ചേരി വലിയമറ്റത്തിൽ വി.ഡി.ജോസഫിനെ നിയമിച്ചതായി സംസ്ഥാന കൺവീനർ അടൂർ പ്രകാശ് എംപി അറിയിച്ചു. കെഎസ്‌യു ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹി, കെഎസ്‌യു കലാസാംസ്കാരിക വേദി കൺവീനർ, ഡിസിസി ജനറൽ സെക്രട്ടറി, കെപിസിസി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 

1974–75 കാലഘട്ടത്തിൽ ബാലജനസഖ്യം മലബാർ റീജൻ പ്രസിഡന്റായിരുന്നു.

കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി. ജില്ലാ പഞ്ചായത്തിന്റെ പ്രതിപക്ഷ നേതാവുമായിരുന്നു. കെ.കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് വി.ഡി.ജോസഫ് ഡിടിപിസി എക്സിക്യൂട്ടീവ് അംഗമായിരുന്നു. 

അക്കാലത്താണ് തുഷാരഗിരിയിൽ ടൂറിസ്റ്റ് കേന്ദ്രം തുടങ്ങിയത്. കോടഞ്ചേരി മേഖലയിൽ കയാക്കിങ് മത്സരങ്ങൾക്കു തുടക്കമിട്ടതു വി.ഡി.ജോസഫ് ജില്ലാപഞ്ചായത്ത് അംഗം ആയിരിക്കെയാണ്. 

കാലിക്കറ്റ് സർവകലാശാല സെനറ്റ് അംഗം, സിൻഡിക്കറ്റ് അംഗം എന്നീ സ്ഥാനങ്ങളും വഹിച്ചു. അക്കാലത്താണ് കോടഞ്ചേരിയിൽ ഗവ. കോളജ് കൊണ്ടുവരാൻ ശ്രമങ്ങൾ നടന്നത്. നിലവിൽ ജില്ലാ റബർ മാർക്കറ്റിങ് സൊസൈറ്റി പ്രസിഡന്റും റബർ മാർക്ക് ഡയറക്ടറുമാണ്. ജീരകപ്പാറ വനം നശീകരണത്തിന് എതിരെ സമരം ചെയ്യുകയും അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ നേരിൽ കണ്ട് മരംമുറി നിരോധനനിയമം സെക്‌ഷൻ അഞ്ച് നടപ്പാക്കുകയും ചെയ്തത് ജോസഫിന്റെ ശ്രമഫലമായാണ്. 

ഞായറാഴ്ച രാവിലെ 11.30 നു വി.ഡി.ജോസഫ് ഔദ്യോഗികമായി ചുമതലയേൽക്കുമെന്ന് ജില്ലാ യുഡിഎഫ് കൺവീനർ അഹമ്മദ് പുന്നക്കൽ അറിയിച്ചു. ഡിസിസി ഓഫിസിൽ നടക്കുന്ന ചടങ്ങിൽ യുഡിഎഫ് ജില്ലാ ലെയ്സൻ കമ്മിറ്റി അംഗങ്ങൾ, നിയോജക മണ്ഡലം ചെയർമാൻ, കൺവീനർ, ഘടക കക്ഷികളുടെ സംസ്ഥാന, ജില്ല നേതാക്കൾ, എന്നിവർ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments