തിരുവമ്പാടി : അൽഫോൻസാ കോളേജിലെ കോളേജ് ഡേ ‘അലോഹാ 2026’ വിവിധ പരിപാടികളോടെ ആഘോഷിച്ചു. കോളേജ് മാനേജർ ഫാ. സജി മംഗരയിൽ അധ്യക്ഷത വഹിച്ച പരിപാടി തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. മലയോര മേഖലയിൽ മികച്ച ഉന്നത വിദ്യാഭ്യാസം നൽകിക്കൊണ്ടിരിക്കുന്ന അൽഫോൻസാ കോളേജ് നാടിന് ഒരു തിലകക്കുറിയാണെന്ന് എംഎൽഎ തന്റെ പ്രസംഗത്തിൽ പറഞ്ഞു.
ജീവിതത്തിൽ എന്നും നിലനിൽക്കുന്ന സൗഹൃദങ്ങൾ കോളേജ് കാലഘട്ടത്തിലെ സൗഹൃദങ്ങൾ ആണെന്നും അതിനാൽ കോളേജ് ജീവിതം സൗഹൃദത്തിന്റെ ആഘോഷമാക്കി മാറ്റണമെന്നും അദ്ദേഹം കുട്ടികളെ ഓർമിപ്പിച്ചു.
വിദ്യാർത്ഥികളുടെ പഠന മികവിനെ പ്രോത്സാഹിപ്പിക്കുന്നതിനായി മാനേജ്മെന്റ് ഏർപ്പെടുത്തിയ അൽഫോൺസ മെറിറ്റോറിയസ് സ്കോളർഷിപ്പ് വിതരണവും ചടങ്ങിന്റെ ഭാഗമായി നടന്നു. അതോടൊപ്പം കോളേജ് ആർട്സ് ഡേയുടെ ഭാഗമായി നടന്ന മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനവും നൽകി.
പ്രിൻസിപ്പൽ ഡോ. ഷിജു ഏലിയാസ് വാർഷിക റിപ്പോർട്ടും കോളേജ് യൂണിയൻ വൈസ് ചെയർപേഴ്സൺ മിൻഹ മുജീബ് യൂണിയൻ റിപ്പോർട്ടും അവതരിപ്പിച്ചു. വൈസ് പ്രിൻസിപ്പൽ സെബാസ്റ്റ്യൻ എംസി, കോളേജ് യൂണിയൻ ചെയർമാൻ എബിൻ സണ്ണി, ജനറൽ ക്യാപ്റ്റൻ ആരതി എം എന്നിവർ സംസാരിച്ചു.
തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സജീവ പങ്കാളിത്തം പരിപാടിയെ ശ്രദ്ധേയമാക്കി.

0 Comments