LATEST

6/recent/ticker-posts

ഫുട്പാത്തിൽ വണ്ടി കയറ്റിയാൽ ഞാൻ തടയും’– എരഞ്ഞിപ്പാലത്തെ ആ ‘അവ്വൈ ഷൺമുഖി’ പത്മാവതി അമ്മ




കോഴിക്കോട് : എരഞ്ഞിപ്പാലം ട്രാഫിക് സിഗ്‌നലിനു സമീപം ഫുട്പാത്തിലൂടെ സ്കൂട്ടർ കയറ്റിപ്പോകാൻ ശ്രമിച്ചയാളെ തടഞ്ഞ് സമൂഹമാധ്യമങ്ങളിൽ സൂപ്പർ താരമായ വീട്ടമ്മയെ തിരിച്ചറിഞ്ഞു. എരഞ്ഞിപ്പാലം കൊയ്യേരി പ്രഭാവതി അമ്മയാണ് ആ ‘സൂപ്പർ അമ്മ’. ജംക്‌ഷനിലെ തിരക്കുമറികടക്കാൻ റോഡിൽ നിന്ന് ഫുട്‌പാത്തിലൂടെ ‘വളഞ്ഞ വഴി’ തേടിയയാളെ തടഞ്ഞ് തിരിച്ചയച്ച തന്റെ വിഡിയോ വൈറലായ വിവരം വ്യാഴാഴ്ച വൈകിട്ടാണ് പ്രഭാവതി അമ്മ അറിഞ്ഞത്. 

സമീപത്തെ കെട്ടിടത്തിൽ നിന്ന് ഒരാൾ വിഡിയോ പകർത്തുന്നത് അപ്പോൾ കണ്ടിരുന്നു. എന്നാൽ അത് ഇത്രയും പേർ കണ്ട വിവരമൊന്നും അറിഞ്ഞില്ലെന്ന് എഴുപതുകൾ പിന്നിട്ട പ്രഭാവതി പറയുന്നു.

പ്രഭാവതി അമ്മ തടസ്സം പറഞ്ഞിട്ടും സ്കൂട്ടറുമായി മുന്നോട്ടു കടന്നുപോകാൻ ശ്രമിക്കുന്നയാൾക്ക് മുന്നിൽ ധൈര്യത്തോടെ നിലകൊണ്ട് കാൽ കൊണ്ടും മറ്റും തടസ്സം സൃഷ്ടിച്ച ശേഷം മൊബൈലിൽ ദൃശ്യങ്ങൾ പകർത്തും എന്ന് കൂടി സൂചിപ്പിച്ചാണ് ഇവർ ഫുട്പാത്തിൽ നിന്ന് സ്കൂട്ടർ യാത്രക്കാരനെ പുറത്തിറക്കിയത്. റോഡിൽ തിരക്കു കൂടുമ്പോൾ ഈ ഭാഗത്ത് ചിലർ ഇരുചക്രവാഹനങ്ങൾ ഫുട്പാത്തിലൂടെ ഓടിച്ചു പോകുന്നത് പതിവാണ്.

‘ഇത് താൻടാ മാസ്’, ‘ഈ അമ്മയ്ക്കൊരു ബിഗ് സല്യൂട്ട്’, നിയമലംഘനം തടയുന്ന ഈ അമ്മ പുലി തന്നെ’, ‘തല നരയ്ക്കുവതല്ലെന്റെ വൃദ്ധത്വം; തല നരക്കാത്തതല്ലെൻ യുവത്വവും...’ എന്നു തുടങ്ങിയ കമന്റുകളുമായാണ് പലരും ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ‘എരഞ്ഞിപ്പാലത്തെ അവ്വൈ ഷൺമുഖി’ എന്ന കമന്റിനും നിരവധി പേർ ‘ലൈക്ക’ടിച്ചു. 

വടകര സ്വദേശിയായ വ്ളോഗർ അഫ്‌ലുവിന്റെ ‘അഫ്‌ലു സ്റ്റോറീസ്’ എന്ന ഹാൻഡിലിൽ നിന്നാണ് ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയത്. മണിക്കൂറുകൾക്കുള്ളിൽ ആയിരങ്ങളാണ് ഈ വിഡിയോയ്ക്ക് ലൈക്കും ഷെയറുമായി രംഗത്തുവന്നത്.

‘‘ എന്റെ വീട് ഇതിന്റെ അപ്പുറത്താ..ഈ വഴി ഞാൻ നടന്നു വരുമ്പോ ഫുട്പാത്തിലൂടെ വണ്ടി കയറിവന്നാൽ ഞാൻ തടയും. ഫുട്പാത്ത് കാൽനടക്കാർക്കുള്ളതാണ്.’’ – പ്രഭാവതി അമ്മ നയം വ്യക്തമാക്കുന്നു. കോഴിക്കോട് മിനി ബൈപ്പാസിൽ എരഞ്ഞിപ്പാലം സഹകരണ ആശുപത്രിയുടെ ഭാഗത്തുനിന്ന് എരഞ്ഞിപ്പാലം ജംക്‌ഷനിലേക്കുള്ള റോഡരികിലെ ഫുട്പാത്തിലാണ് ബുധനാഴ്ച സംഭവം ഉണ്ടായത്. 

റോഡിൽ തിരക്കുകൂടുമ്പോൾ ഇരുചക്രവാഹനങ്ങൾ നിയമം തെറ്റിച്ച് ഫുട്പാത്തിൽകയറ്റി ഓടിക്കുന്നത് സ്ഥിരമാണ്. യുവാക്കൾപോലും ഇതിനെതിരെ പ്രതികരിക്കാൻ തയാറാകാത്തപ്പോഴാണ് പ്രഭാവതിയമ്മ വാഹനം തടഞ്ഞ് ‘സ്റ്റാറാ’യത്.

‘ഈ അമ്മമ്മ ടീച്ചറാണോ’ എന്നാണ് പലരും വിഡിയോയ്ക്ക് കമന്റു ചെയ്തിരിക്കുന്നത്. ഇക്കാര്യം ചോദിച്ചപ്പോൾ ‘ഞാൻ ടീച്ചറൊന്നുമല്ല. സാക്ഷരതാ ക്ലാസ് എടുത്തിട്ടുണ്ട്. അൽപം രാഷ്ട്രീയ പ്രവർത്തനമുണ്ട്’ എന്നായിരുന്നു മറുപടി. മഹിളാ അസോസിയേഷന്റെ ജില്ലാകമ്മിറ്റി അംഗമായിരുന്ന പ്രഭാവതി ചാലപ്പുറത്തെ ക്യാപ്റ്റൻ ലക്ഷ്മി ഹോസ്പിറ്റലിൽ വാർഡനായും ജോലി ചെയ്തിരുന്നു. 

സൈക്കിളോടിക്കാറുണ്ടായിരുന്നു. 1970 കാലഘട്ടത്തിൽ ഡ്രൈവിങ് പഠിച്ചയാളാണ്. അന്നത്തെകാലത്ത് ഫുട്ബോളും കളിക്കാറുണ്ടായിരുന്നു- പ്രഭാവതി വിവരിച്ചു. മുൻപൊരിക്കൽ ഫുട്പാത്തിലൂടെ വന്ന വാഹനം പ്രഭാവതിയമ്മ തടഞ്ഞിരുന്നു. അന്ന് വണ്ടിയോടിച്ച യുവാവ് പ്രഭാവതിയമ്മയെ അടിച്ചു. 

തുടർന്ന് എസിപിക്ക് പരാതി നൽകിയതിൽ യുവാവിനെ വിളിപ്പിച്ച് താക്കീത് ചെയ്തിരുന്നു.

Post a Comment

0 Comments