കൂടരഞ്ഞി : രാജ്യത്തെ കേന്ദ്ര തൊഴിലാളി സംഘടനകളും, കർഷക സംഘടനകളും സംയുക്തമായി പ്രഖ്യാപിച്ച പൊതുപണിമുടക്ക് മലയാേര
മേഖലയിൽ പൂർണ്ണം. കടകമ്പോളങ്ങൾ പൂർണ്ണമായും അടഞ്ഞ് കിടക്കുകയും ബസുകൾ അടക്കമുള്ളവ സർവീസ് നിർത്തിവെക്കുകയും ചെയ്ത സാഹചര്യത്തിൽ പണിമുടക്ക് മലയോര മേഖലയിൽ ഹർത്താൽ പ്രതീതിയായി.
ജില്ലയിലെ പലയിടത്തും വാഹനങ്ങൾ തടഞ്ഞു. മിക്ക ജില്ലകളിലും കെഎസ്ആർടിസി സർവീസ് നടത്തുന്നില്ല. ഓട്ടോ ടാക്സി തൊഴിലാഴിലാളികളും പണിമുടക്കിൽ പങ്കെടുത്തതോടെ യാത്രക്കാർ വലഞ്ഞു. റെയിൽവേ സ്റ്റേഷനുകളിലടക്കം എത്തിയവർ കുടുങ്ങി. പോലീസും മറ്റു സന്നദ്ധ സംഘടനകളും യാത്രക്കാർക്ക് സഹായമായി എത്തിയിട്ടുണ്ട്.
അതേസമയം, ഇരുചക്രവാഹനങ്ങളും സ്വകാര്യ കാറുകളും നിരത്തിലുണ്ട്. ഫുഡ് ഡെലിവറി ആപ്പുകൾ ലൈവ് ആണെങ്കിലും ഭക്ഷണവും മറ്റും നൽകാനായി സജീവമായ ഭക്ഷണശാലകളുടെ എണ്ണം കുറവാണ്.
തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഐഎൻടിയുസി, സിഐടിയു അടക്കം 10 സംഘടനകൾ സംയുക്തമായാണ് രാജ്യവ്യാപകമായി പണിമുടക്കുന്നത്.
സംയുക്ത കര്‍ഷകമോര്‍ച്ചയും കര്‍ഷക തൊഴിലാളി സംഘടനകളും സിപിഎം, സിപിഐ അടക്കമുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടികളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം അവശ്യ മേഖലയെ പണിമുടക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

0 Comments