LATEST

6/recent/ticker-posts

ബുംറ കളിച്ചേക്കില്ല, റാണയ്ക്ക് പകരം സിറാജ്; സഞ്ജു ഓപ്പൺ ചെയ്യുമോ? ജയിച്ച് തുടങ്ങാൻ ഇന്ത്യ.



മുംബൈ : ലോകകപ്പിൽ നിലവിലെ ജേതാക്കൾ, ലോകറാങ്കിങ്ങിലെ ഒന്നാംസ്ഥാനക്കാർ, ബാറ്റർമാരിൽ ഒന്നാം റാങ്കുകാരന്റെ ടീം... ട്വന്റി 20 ക്രിക്കറ്റ് കണക്കുകളിൽ ഇപ്പോൾ ഇന്ത്യക്ക്‌ തുല്യമായി ആരുമില്ല. ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ശനിയാഴ്ച യു.എസിനെ നേരിടാനിറങ്ങുന്ന ഇന്ത്യക്ക്‌ എതിരാളികളെക്കുറിച്ച് ആശങ്കയുണ്ടാകില്ല. 

സ്വന്തം ആവനാഴിയിലെ ആയുധങ്ങളുടെ മുനയും മൂർച്ചയും പരിശോധിക്കാനുള്ള അവസരമാണിത്. വൈകീട്ട് ഏഴുമുതൽ മുംബൈയിലെ വാഖഡെ സ്‌റ്റേഡിയത്തിലാണ് മത്സരം.സൂര്യകുമാർ യാദവ് നയിക്കുന്ന ഇന്ത്യ ഈയിടെ ന്യൂസീലൻഡിനെതിരായ പരമ്പര 4-1ന് ജയിച്ചാണ് ലോകകപ്പിനെത്തുന്നത്. ബാറ്റിങ്ങിൽ ഒന്നാം റാങ്കുകാരനായ ഓപ്പണർ അഭിഷേക് ശർമ നൽകുന്ന ധൈര്യം ചെറുതല്ല.

ന്യൂസീലൻഡിനെതിരായ പരമ്പരയിൽ ഓപ്പണറായി തിളങ്ങാനാകാത്ത സഞ്ജു സാംസണിന്റെ കാര്യം ആശങ്കയിലാണ്. ബുധനാഴ്ച ദക്ഷിണാഫ്രിക്കയ്ക്കെതിരായ സന്നാഹമത്സരത്തിൽ അഭിഷേകും ഇഷാനും ചേർന്നാണ് ഓപ്പൺ ചെയ്തത്. സഞ്ജുവിന് ബാറ്റുചെയ്യാൻ അവസരം കിട്ടിയതുമില്ല. പരിക്കുമാറി തിരിച്ചെത്തിയ തിലക് വർമയ്ക്കൊപ്പം ഫിനിഷർ റോളിൽ റിങ്കു സിങ്, പേസ് ഓൾറൗണ്ടർമാരായ ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, സ്പിൻ ഓൾറൗണ്ടർമാരായ അക്‌സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ എന്നിവരുമുണ്ട്.

സന്നാഹമത്സരത്തിനിടെ പരിക്കേറ്റ പേസ് ബൗളർ ഹർഷിത് റാണ ടൂർണമെന്റിൽനിന്ന് പുറത്തായി. പകരം മുഹമ്മദ് സിറാജിനെ ടീമിൽ ഉൾപ്പെടുത്തി. അതേസമയം പേസർ ജസ്‌പ്രീത് ബുംറയും ശനിയാഴ്ച കളിച്ചേക്കില്ല. താരത്തിന് പനിയാണെന്നാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞദിവസം നെറ്റ്സിലെ പരിശീലനത്തിനും ബുംറ ഇറങ്ങിയിരുന്നില്ല. യുഎസ്സിനെതിരേ ബുംറയില്ലാതെയാകും ഇന്ത്യ ഇറങ്ങുക. 

മറ്റൊരു പേസർ അർഷ്ദീപ് സിങ്ങും സ്പിന്നർമാരായി കുൽദീപ് യാദവ്, വരുൺ ചക്രവർത്തി എന്നിവരുമുണ്ട്. അഭിഷേക്, ഇഷാൻ, തിലക്, സൂര്യകുമാർ, ശിവം ദുബെ, ഹാർദിക്, റിങ്കു, ബുംറ, അർഷ്ദീപ്, വരുൺ, അക്‌സർ എന്നിവരായിരിക്കും ഇലവനിൽ. മൊനാങ്ക് പട്ടേൽ നയിക്കുന്ന യു.എസ്. ടീമിൽ വലിയൊരു സംഘം ഇന്ത്യൻ വംശജരാണ്.

Post a Comment

0 Comments