പന്തീരാങ്കാവ് : കുന്നിൻ മുകളിൽ നിന്നു ദേശീയപാതയിലേക്ക് കല്ലും മറ്റും വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചവരെ പൊലീസ് മണിക്കൂറുകൾക്കകം പിടികൂടി. ഗോവിന്ദപുരം സ്വദേശി കോന്തിനാരിയിൽ വാടകയ്ക്ക് താമസിക്കുന്ന വരുൺ (20), 14 വയസ്സുള്ള സ്കൂൾ വിദ്യാർഥി എന്നിവരെയാണ് പന്തീരാങ്കാവ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
ഇന്നലെ പുലർച്ചെ 4.20ന് പന്തീരാങ്കാവ് –തൊണ്ടയാട് ദേശീയപാതയിലേക്ക് ഇരിങ്ങല്ലൂർ മുന്നല്ലേരി ജംക്‌ഷന് സമീപം ചെറുകുന്നിൽ നിന്നാണ് കല്ലേറ് വന്നത്. വാഹന യാത്രക്കാർ ഇതോടെ പരിഭ്രാന്തരായി. അരികിൽ നിർത്തിയ 3 വാഹനങ്ങളുടെ ചില്ലുകൾ കല്ലേറിൽ തകർന്നു.
പൊലീസിൽ വിവരം അറിഞ്ഞ ഉടൻ കുന്നിലെ പണി കഴിയാത്ത ഒഴിഞ്ഞ കെട്ടിട മുറികളും പരിസരവും പരിശോധിച്ചു. സമീപം നിർത്തിയിട്ട ബൈക്കിന്റെ നമ്പർ നാട്ടുകാർ പൊലീസിന് കൈമാറിയിരുന്നു. പിന്നീട് ഇതേ ബൈക്ക് ഓടിച്ചു വരുന്നവരെ പരിശോധിച്ചു ചോദ്യം ചെയ്തപ്പോഴാണ് പ്രതികൾ ഇവർ തന്നെയെന്ന് വ്യക്തമായതെന്ന് പൊലീസ് പറഞ്ഞു. മദ്യലഹരിയിലാണ് അക്രമം നടത്തിയത്.
ഇൻസ്പെക്ടർ ആർ.ശ്രീകുമാർ, എഎസ്ഐ നിധീഷ്, സിപിഒമാരായ അൻഷാദ്, അബ്ദുൽ മനാഫ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

0 Comments