LATEST

6/recent/ticker-posts

ഇത് കേരളത്തിലെ ജനങ്ങളുടെ സോഷ്യല്‍ കാപ്പിറ്റല്‍'; വയനാട് ടൗണ്‍ഷിപ്പില്‍ മമ്മൂട്ടിയുടെ സര്‍പ്രൈസ് വിസിറ്റ്.




കല്‍പറ്റ : മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതർക്കായി സർക്കാർ നിർമിച്ചുനല്‍കിയ ടൗണ്‍ഷിപ്പ് സന്ദർശിച്ച്‌ നടൻ മമ്മൂട്ടി. അപ്രതീക്ഷിത മായിട്ടായിരുന്നു മമ്മൂട്ടിയുടെ സന്ദർശനം. ടൗണ്‍ഷിപ്പ് നടന്നുകണ്ടതിന് ശേഷം കേരളത്തിന്റെ സാമൂഹിക മൂലധനമാണ് ഈ കാണുന്നത് എന്നും ജനങ്ങളുടെ മനസാണ് ഈ ടൗണ്‍ഷിപ്പ് എന്നും മമ്മൂട്ടി പറഞ്ഞു. അനുതാപവും സഹതാപവും ആണ് കേരളത്തിന്റെ സോഷ്യല്‍ കാപ്പിറ്റല്‍ എന്ന് മമ്മൂട്ടി കൂട്ടിച്ചേർത്തു.

മാർച്ച്‌ ഒന്നിനാണ് ആദ്യഘട്ടമായി ടൗണ്‍ഷിപ്പിലെ 178 വീടുകള്‍ മുഖ്യമന്ത്രി ദുരന്തബാധിതർക്ക് കൈമാറിയത്. സർക്കാർ വാക്കുപാലിച്ചെന്നും ഒട്ടും എളുപ്പമായിരുന്നില്ല ഈ യജ്ഞമെന്നുമാണ് വീടുകള്‍ കൈമാറിയതിന് ശേഷം മുഖ്യമന്ത്രി പറഞ്ഞത്. തെരഞ്ഞെടുപ്പ് ഉണ്ടെങ്കിലും മഴക്കാലത്തിന് മുൻപായി മുഴുവൻ ദുരന്തബാധിതർക്കും വീടും ഭൂമിയും നല്‍കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കിയിരുന്നു.

ദുരന്തത്തില്‍ വീട് പൂർണമായി നഷ്ടപ്പെട്ട 178 കുടുംബങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ വീട് നല്‍കിയത്. 44.33 കോടി രൂപ കോടതിയില്‍ കെട്ടിവച്ച്‌ 2025 ഏപ്രില്‍ 11 ന് സർക്കാർ ഏറ്റെടുത്ത കല്‍പറ്റ ഏല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 64.4075 ഹെക്ടർ ഭൂമിയില്‍ പ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ രീതിയില്‍ 410 വീടുകളാണ് നിർമിക്കുന്നത്. 402 കുടുംബാംഗങ്ങളിലെ 1662 പേരാണ് താമസിക്കുക.

2024 ജൂലൈ 30നാണ് നാടിനെയാകെ നടുക്കിയ മുണ്ടക്കൈ-ചൂരല്‍മല പ്രദേശത്തുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടാകുന്നത്. ഒരു രാത്രി ഇരുട്ടിവെളുത്തപ്പോള്‍ ഒരു നാട് തന്നെ മണ്ണിനടിയിലായ വാർത്തയാണ് നാം കേട്ടത്. ആ മഹാദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവരെ ചേർത്തുപിടിക്കാൻ ഈ നാട് ഒന്നടങ്കം രംഗത്തു വന്നതോടെയാണ് ദുരന്തത്തിന്റെ ആദ്യ നാളുകളെ നാം അതിജീവിച്ചത്.

Post a Comment

0 Comments