കാസർകോട് : പെൺകുട്ടികളുടെയും യുവതികളുടെയും ഫോട്ടോകൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി ടെലഗ്രാം ആപ്പിലൂടെയും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും പ്രചരിപ്പിച്ചതായി ഉയർന്ന ഗുരുതര പരാതിയിൽ സ്റ്റുഡിയോ ക്യാമറാമാനെ കാസർകോട് സൈബർ പൊലീസ് അറസ്റ്റ് ചെയ്തു.
സ്ത്രീകളുടെ സ്വകാര്യതയും മാനവുമെല്ലാം ക്രൂരമായി ലംഘിച്ച സംഭവമെന്ന നിലയിൽ കേസ് വലിയ ആശങ്കയ്ക്കിടയാക്കിയിരിക്കുകയാണ്.
ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഇരിയണ്ണി ബേപ്പ് നെട്ടൂർ മൂല ഹൗസിൽ അശോകന്റെ മകൻ അനൂപ് (25)നെയാണ് കാസർകോട് സൈബർ സെൽ സി.ഐ മുഹമ്മദ് ഖാന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ബന്ധുവീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രതിയിൽ നിന്ന് ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടർ, രണ്ട് മൊബൈൽ ഫോണുകൾ, ഹാർഡ് ഡിസ്ക് എന്നിവയും പൊലീസ് പിടിച്ചെടുത്തു. ഇവ കൂടുതൽ സാങ്കേതിക പരിശോധനയ്ക്കായി അയക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
പെൺകുട്ടികളുടെയും യുവതികളുടെയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽ നിന്നുമുള്ളതടക്കം 32-ലധികം ഫോട്ടോകൾ വിവിധ മാർഗങ്ങളിൽ കൈക്കലാക്കി, അവ ഉപയോഗിച്ചാണ് വ്യാജ നഗ്നചിത്രങ്ങൾ സൃഷ്ടിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. ഈ ചിത്രങ്ങൾ ടെലഗ്രാമിലൂടെയും മറ്റ് സോഷ്യൽ മീഡിയ വഴികളും പ്രചരിപ്പിച്ചതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ചില പുരുഷന്മാരുടെ ഫോട്ടോകളും യുവതികളുടെ ചിത്രങ്ങളോടൊപ്പം ചേർത്ത് നഗ്നചിത്രങ്ങൾ ഉണ്ടാക്കിയെന്ന തരത്തിലുള്ള പരാതികളും ലഭിച്ചിട്ടുണ്ടെന്ന് സൈബർ ക്രൈം ഇൻസ്പെക്ടർ വ്യക്തമാക്കി.
അഞ്ച് പേരാണ് പൊലീസിന് ഔദ്യോഗികമായി പരാതി നൽകിയിരിക്കുന്നത്. എന്നാൽ, ഇതിൽ ഇരകളായവരുടെ എണ്ണം ഇതിലും കൂടുതലായിരിക്കാമെന്നാണ് പൊലീസ് തന്നെ പറയുന്നത്.
സ്വന്തം ചിത്രങ്ങൾ വ്യാജ നഗ്നരൂപത്തിൽ ടെലഗ്രാമിൽ പ്രചരിക്കുന്നതായി കണ്ടതോടെയാണ് കൂടുതൽ പെൺകുട്ടികളും യുവതികളും പരാതിയുമായി മുന്നോട്ട് വന്നത്.
ആഴ്ചകൾക്ക് മുമ്പ് ഒരു പെൺകുട്ടിയാണ് ആദ്യം സൈബർ സെല്ലിൽ പരാതി നൽകിയത്. അന്ന് പ്രതിയെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാൻ ശ്രമിച്ചെങ്കിലും പെൺകുട്ടി മൊഴി നൽകാൻ തയ്യാറാകാതിരുന്നതിനാൽ അന്നേദിവസം വിട്ടയച്ചിരുന്നു. പിന്നീട് മൂന്ന് പെൺകുട്ടികൾ കൂടി പരാതി നൽകി മൊഴി നൽകിയതോടെയാണ് കേസെടുക്കാൻ പൊലീസ് തീരുമാനിച്ചത്. തുടർന്ന് അന്വേഷണം ശക്തമാക്കിയതോടെയാണ് യുവാവിനെ പിടികൂടിയത്.
പ്രതി ഉപയോഗിച്ചിരുന്ന ടെലഗ്രാം അക്കൗണ്ടിലൂടെയാണ് ചിത്രങ്ങൾ പുറത്തുവന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. ഈ അക്കൗണ്ടിന്റെ സാങ്കേതിക വിവരങ്ങളും ഡിജിറ്റൽ തെളിവുകളും തേടി ടെലഗ്രാം അധികൃതർക്ക് കത്ത് നൽകിയിട്ടുണ്ടെന്ന് ഇൻസ്പെടർ പറഞ്ഞു. അതുപോലെ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലേക്കും വിവരശേഖരണത്തിനായി കത്തയയ്ക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു. പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങളുടെ പരിശോധനയിലൂടെ കൂടുതൽ തെളിവുകളും കൂടുതൽ ഇരകളുടെ വിവരങ്ങളും പുറത്തുവരാനിടയുണ്ടെന്നാണ് സൂചന.

0 Comments