തിരുവമ്പാടി : കേരളത്തിന്റെ സ്വപ്ന അടിസ്ഥാനസൗകര്യ പദ്ധതികളിലൊന്നായ ആനക്കാംപൊയില്‍–കള്ളാടി–മേപ്പാടി തുരങ്കപാതയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് ആദ്യ ബ്ലാസ്റ്റിങ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വിച്ച് ഓൺ ചെയ്ത് ഉദ്ഘാടനം ചെയ്തു. മലയോര ജനതയെ സാക്ഷിനിര്‍ത്തി മൂന്നാം സൈറനോടെയാണ് ബ്ലാസ്റ്റിങ് നടപടികൾ ആരംഭിച്ചത്. കേരളത്തിന്റെ സ്വപ്ന പദ്ധതികളിലൊന്നായ തുരങ്കപാത പദ്ധതിക്ക് തുടക്കമിടാനായതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
രാവിലെ 11 ഓടെ ആനക്കാംപൊയില്‍ മരിയൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ എത്തിയ മുഖ്യമന്ത്രി തുടർന്ന് റോഡ് മാർഗ്ഗം പദ്ധതി പ്രദേശത്തെത്തി ചടങ്ങിൽ പങ്കെടുത്തു. കർശനമായ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പാസ് സംവിധാനത്തിലൂടെ യാണ് നിയന്ത്രിത ആളുകളെ മാത്രമേ പദ്ധതി പ്രദേശത്തേക്ക് പ്രവേശിപ്പിച്ചത്.
പൊതുജനങ്ങൾക്കായി മുത്തപ്പൻപുഴ എൽ.പി സ്കൂളിൽ തത്സമയ സംപ്രേഷണ സൗകര്യം ഒരുക്കിയിരുന്നു. നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നിരവധി പേർ ഇവിടെ ഒത്തുകൂടി ചടങ്ങ് വീക്ഷിച്ചു.
പരിപാടിയിൽ പൊതുമരാമത്ത്–ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമിഞ്ചിയോസ് ഇഞ്ചനാനിയിൽ, വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ, തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ്, കിഫ്ബി സി.ഇ.ഒ ഡോ. കെ.എം. അബ്രഹാം, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ. ബിജു തുടങ്ങി വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ പങ്കെടുത്തു.
വൻ സുരക്ഷാ അകമ്പടിയോടെയെത്തിയ മുഖ്യമന്ത്രി ചുരുങ്ങിയ വാക്കുകളിൽ പ്രസംഗം അവസാനിപ്പിച്ചശേഷം ഉദ്ഘാടന കർമ്മം നിർവഹിച്ച് മടങ്ങി. തുരങ്കപാത നിർമാണവുമായി ബന്ധപ്പെട്ട അനുബന്ധ സൗകര്യങ്ങളായ താൽക്കാലിക പാലം, ക്രഷർ യൂണിറ്റ്, ഫ്യൂവൽ ടാങ്ക്, തൊഴിലാളികൾക്കുള്ള താമസ ക്യാമ്പ് ഷെഡുകൾ തുടങ്ങിയ ഒരുക്കങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് പദ്ധതിയുടെ നിർണായക ഘട്ടമായ ബ്ലാസ്റ്റിങ് ആരംഭിച്ചത്.
വയനാട്– കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന 8.73 കിലോമീറ്റർ നീളമുള്ള തുരങ്കപാത കേരളത്തിലെ ഏറ്റവും വലിയ അടിസ്ഥാനസൗകര്യ വികസന പദ്ധതികളിലൊന്നാണ്. കേരള പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) സാമ്പത്തിക സഹായത്തോടെയാണ് നിർമാണം പുരോഗമിക്കുന്നത്.
പദ്ധതിയുടെ നടത്തിപ്പിനും നിർവഹണത്തിനുമായി പ്രത്യേക ലക്ഷ്യസംഘടനയായി കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നാല് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഭോപ്പാൽ ആസ്ഥാനമായ ദിലീപ് ബിൽഡ്‌കോൺ, കൊൽക്കത്ത ആസ്ഥാനമായ റോയൽ ഇൻഫ്രാസ്ട്രക്ചർ എന്നീ കമ്പനികളാണ് നിർമാണ കരാർ ഏറ്റെടുത്തിരിക്കുന്നത്.
2134.5 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. പദ്ധതി പൂർത്തിയായാൽ കോഴിക്കോട്–വയനാട് യാത്രാസമയം ഗണ്യമായി കുറയുകയും മലയോര മേഖലയിലെ ഗതാഗത, ടൂറിസം മേഖലകൾക്ക് പുതിയ ഉണർവ് ലഭിക്കുകയും ചെയ്യും എന്നതാണ് പ്രതീക്ഷ.
നിർമ്മാണ രീതി.
മലബാറിനെ സംബന്ധിച്ചിടത്തോളം തുരങ്ക പാത ഉണ്ടാക്കുന്ന മാറ്റം വളരെ വലുതാണ് ഇന്ത്യയിലെ രണ്ടാമത്തെ ട്വീൻ ട്യൂബ് ടണൽ ആണിത്. അത്യാധുനിക സാങ്കേതികവിദ്യകളും മിഷണറിസും ഉപയോഗിച്ച് ഓസ്ട്രേലിയൻ സാങ്കേതിക വിദ്യയിൽ കട്ട് ആൻഡ് കവർ രീതിയിലാണ് തുരങ്കം നിർമ്മിക്കുന്നത്. ഒരേസമയം രണ്ട് ഭാഗങ്ങളിലാണ് തുരങ്കം നിർമിക്കുന്നത്.
തുരങ്കം നിർമ്മിക്കുമ്പോൾ മണ്ണിടിച്ചിൽ ഉണ്ടാക്കാതിരിക്കാനുള്ള മുൻകരുതൽ എന്ന നിലയിലാണ് കട്ട് ആൻഡ് കവർ രീതിയാണ് ഉപയോഗിക്കുന്നത്. മണ്ണ് എടുക്കുമ്പോൾ മണ്ണിടിച്ചിൽ ഉണ്ടാവാതിരിക്കാൻ സിമന്റ് മിശ്രിതം പൂശിയാണ് കവർ ചെയ്യുന്നത്. കൃത്യമായ അളവിലും ആഴത്തിലും പാറ തുരക്കാൻ റോക്ക് ഗ്രിൽ ബ്ലൂ ബർഗ് മെഷീനുകൾ ഉപയോഗിച്ചാണ് പ്രവർത്തികൾ നടക്കുന്നത്.
തുരങ്കപാത നിർമാണം അതിവേഗത്തിൽ;
ആദ്യ ബ്ലാസ്റ്റിങിൽ നൂറോളം ലോഡ് പാറപ്പൊടി. ആനക്കാംപൊയില്‍ – കള്ളാടി–മേപ്പാടി തുരങ്കപാതയുടെ തുരക്കൽ പ്രവർത്തനങ്ങൾ അതിവേഗത്തിൽ പുരോഗമിക്കുന്നു. ആദ്യ ബ്ലാസ്റ്റിങിനോടനുബന്ധിച്ച് നൂറോളം ലോഡ് പാറ കഷണങ്ങളാണ് പുറത്തെടുത്തത്. ഒരു ദിവസം 24 മണിക്കൂറും തൊഴിലാളികൾ പ്രവർത്തിച്ചാൽ ഏകദേശം എട്ട് മീറ്റർ വരെ തുരങ്കം തുരക്കാൻ സാധിക്കുമെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. നിർമാണ പ്രവർത്തനങ്ങൾ ക്രമീകരിച്ച രീതിയിൽ ഘട്ടംഘട്ടമായി പുരോഗമിക്കുകയാണ്.
കേരളത്തിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൊന്നായ ഈ തുരങ്കപാത പൂർത്തിയായാൽ കോഴിക്കോട്–വയനാട് ജില്ലകൾ തമ്മിലുള്ള യാത്രാസമയം ഗണ്യമായി കുറയുകയും മലയോര മേഖലയിലെ ഗതാഗതത്തിനും വികസനത്തിനും വലിയ പിന്തുണയാകുകയും ചെയ്യും.
ലേഖകൻ പ്രതീഷ് ഉദയൻ

0 Comments