LATEST

6/recent/ticker-posts

കുന്നമംഗലത്തെ പടക്ക നിർമാണ ശാലയിൽ സ്ഫോടനം: 2 മരണം.




കോഴിക്കോട് : കുന്നമംഗലം കുരിക്കത്തൂരിൽ വാടകവീട്ടിൽ പ്രവർത്തിച്ചുവന്ന പടക്കനിർമാണ ശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ രണ്ടു മരണം. കോഴിക്കോട് രാമനാട്ടുകര പാറമ്മൽ മഠത്തിൽപറമ്പിൽ രവിയുടെ മകൻ രാഹുൽ (26), മുണ്ടിക്കൽതാഴം പുതിയോട്ട്‌മേത്തൽ രവിയുടെ മകൻ രാഹുൽ (27) എന്നിവരാണ് മരിച്ചത്. മൂന്നു പേർക്കു പരുക്കേറ്റു.

കോഴിക്കോട് മെഡിക്കൽ കോളജ് എടക്കണ്ട പറമ്പത്ത് മുരളിയുടെ മകൻ ഹിജിത്ത് (36), ദമ്പതികളായ മുണ്ടിക്കൽതാഴം പുതിയോട്ട് മേത്തൽ വിഷ്ണു, ഭാര്യ കോട്ടയം പാലാ ഉഴവൂർ സ്വദേശി സിമി (27) എന്നിവർക്കാണ് പരുക്കേറ്റത്. മരിച്ച രാഹുലിന്റെ സഹോദരനാണ് വിഷ്ണു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കുരിക്കത്തൂരിൽ ജനവാസമേഖലയിൽ വാടകയ്ക്കു നൽകിയ വീട്ടിലാണ് രാത്രി ഏകദേശം 9.45 ന് നാടിനെ നടുക്കി സ്ഫോടനം ഉണ്ടായത്. ഈസ്റ്റർ – വിഷു ആഘോഷങ്ങളുടെ ഭാഗമായാണ് ഇവിടെ പടക്കം നിർമിച്ചു വന്നതെന്നാണ് പ്രാഥമിക നിഗമനം. മരിച്ച രണ്ടു പേരുടെയും മൃതദേഹങ്ങൾ അംഗഭംഗം വന്ന നിലയിലായിരുന്നു. 

ഇവരുടെ ശരീരഭാഗങ്ങൾ 25 മീറ്ററോളം തെറിച്ചു പോയിരുന്നതായും ആദ്യം രക്ഷാപ്രവർത്തനത്തിന് എത്തിയവർ പറയുന്നു. വീട്ടിലെ അടുക്കള ഭാഗത്താണ് സ്ഫോടനം ഉണ്ടായത്. ഓടിട്ട വീടിന്റെ മേൽക്കൂരയടക്കം സ്ഫോടനത്തിൽ തകർന്നു.

അഗ്നിരക്ഷാ സേന എത്തിയാണ് തീ അണച്ചത്. പരിസരത്തെ ചില വീടുകളുടെ ചില്ലുകൾ സ്ഫോടനത്തിൽ തകർന്നു. അരക്കിലോമീറ്ററോളം ദൂരത്തിൽ സ്ഫോടന ശബ്ദം കേട്ടതായി നാട്ടുകാർ പറയുന്നു. സംഭവത്തിൽ കുന്നമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു. വീടിനുളളിലും പരിസരത്തും വിൽപനയ്ക്ക് തയാറാക്കിയ പടക്കങ്ങളും കമ്പിത്തിരികളും മറ്റും അടങ്ങിയ പെട്ടികൾ കണ്ടെത്തി.

സ്ഫോടനം ഉണ്ടായ വിവരം അറിഞ്ഞയുടൻ പൊലീസിനെ വിവരം അറിയിച്ചതായും ഇവിടെയെത്തി നോക്കുമ്പോൾ പരുക്കേറ്റു കിടക്കുന്ന ഒരാളെയാണ് ആദ്യം കണ്ടതെന്നും മുൻ വാർഡ് അംഗം എം.എം.സുധീഷ് പറഞ്ഞു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഗുരുതരമായി പരുക്കേറ്റ മറ്റുള്ളവരെ കാണുന്നത്. ആറു മാസം മുൻപ് കുരിക്കല്ലൂരിനടുത്ത് മുണ്ടക്കൽ എന്ന സ്ഥലത്താണ് ഇവർ താമസിച്ചുവന്നതെന്നും പിന്നീടാണ് അവർ ഇവിടെയെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

കക്കോടിയിൽ പടക്ക നിർമാണശാലയിൽ ലൈസൻസ് ഉള്ളവരാണ് ഈ വീട്ടിൽ താമസിച്ചു വന്നതെന്നാണ് വിവരം. ഒരു മാസത്തോളമായി പരിസരത്തെ ചില സ്ത്രീകൾ ഇവിടെ പനയോലയും മറ്റും നിർമിക്കുന്നതിനായി വന്നിരുന്നതായും നാട്ടുകാർ പറഞ്ഞു. പലഹാര നിർമാണത്തിന് എന്ന പേരിലാണ് ആറു മാസം മുൻപ് വീട് വാടകയ്ക്ക് എടുത്തതെന്നും ചില പരിസരവാസികൾ പറഞ്ഞു. ഫയർഫോഴ്സും പൊലീസും സംഭവസ്ഥലത്ത് തിരച്ചിൽ നടത്തി. കൂടുതൽ സ്ഫോടകവസ്തുക്കൾ വീട്ടിലുണ്ടോ എന്നതറിയാൻ ബോംബ് സ്ക്വാഡും സ്ഥലത്ത് എത്തും. സിറ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫ് സ്ഥലത്തെത്തി. 

Post a Comment

0 Comments