ന്യൂഡൽഹി : വനിത സംവരണ - മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണക്കാത്ത പ്രതിപക്ഷത്തെ വിമർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി യുടെയും ബി.ജെ.പിയുടെയും വനിതാ സംവരണ കപടത തുറന്നുകാട്ടി തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്തു. നിലവിൽ 543 അംഗങ്ങളുള്ള ലോക്സഭയിൽ സ്ത്രീ പ്രാതിനിധ്യം ഏറ്റവും കുറഞ്ഞ രാഷ്ട്രീയ പാർട്ടി ബി.ജെ.പിയാണെന്ന കണക്കുകൾ പുറത്തുവിട്ടാണ് മഹുവയുടെ മറുപടി.
ലോക്സഭയിൽ 240 അംഗങ്ങളുള്ള ബി.ജെ.പിയുടെ വനിത അംഗങ്ങളുടെ എണ്ണം 31 മാത്രമാണ്. അതായത് 12.90 ശതമാനം മാത്രം. മറ്റു പാർട്ടികളുടെ അംഗങ്ങളുടെ എണ്ണവും പ്രാതിനിധ്യവുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും കുറവ് വനിത അംഗങ്ങളുള്ള പാർട്ടിയാണ് ബി.ജെ.പിയെന്ന് മഹുവ മൊയ്ത തുറന്നുകാട്ടുന്നു.
98 അംഗങ്ങളുള്ള ഇന്ത്യൻ നാഷനൽ കോൺഗ്രസിൽ വനിത എം.പിമാരുടെ എണ്ണം 14ആണ്. അതായത് 14.30 ശതമാനം. 29 അംഗങ്ങളുള്ള തൃണമൂൽ കോൺഗ്രസിൽ 14 ആണ് (37.90 ശതമാനം) വനിത അംഗങ്ങളുടെ എണ്ണം. 37 അംഗങ്ങളുള്ള എസ്.പിയിൽ അഞ്ച് വനിത അംഗങ്ങൾ (13.50 ശതമാനം). 22 അംഗങ്ങളുള്ള ഡി.എം.എയിൽ മൂന്ന് വനിത എം.പിമാർ (13.60 ശതമാനം). 12 എം.പിമാരുള്ള ജെ.ഡി.യുവിന് രണ്ട് വനിത എം.പിമാർ (16.70 ശതമാനം). അഞ്ച് അംഗങ്ങളുള്ള എൽ.ജെ.പിയിൽ 2 വനിത അംഗങ്ങൾ (40 ശതമാനം).
എന്നിങ്ങനെയാണ് മഹുവ മൊയ്ത പങ്കുവെച്ച കണക്കുകൾ. പ്രതിപക്ഷ പാർട്ടികളേക്കാൾ കുറഞ്ഞ പ്രാതനിധ്യമാണ് വനിതകൾക്ക് ബി.ജെ.പിയിലെന്ന് ഈ കണക്കുകൾ സൂചിപ്പിക്കുന്നു.

0 Comments