LATEST

6/recent/ticker-posts

പരസ്യ പ്രചാരണത്തിന് ഇന്ന് സമാപനം കൊട്ടിക്കലാശം; കളറാക്കാനുള്ള ഒരുക്കത്തിൽ മുന്നണികൾ.




തിരുവമ്പാടി : ചൂടിനെ വക വയ്ക്കാതെയുള്ള വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചാരണച്ചൂടിന് ഇന്ന് വൈകിട്ടോടെ സമാപനം. മൈക്ക് അനൗൺസ്‌മെന്റ് അടക്കമുള്ള ശബ്ദ പ്രചാരണത്തിനാണ് ഇന്ന് സമാപനമാകുക. വൈകിട്ട് ആറിനാണ് കൊട്ടിക്കലാശം. സുരക്ഷ നിയന്ത്രണമുള്ളതിനാൽ ജില്ലയിലെ 13 മണ്ഡലങ്ങളിലെയും പ്രധാന കേന്ദ്രങ്ങളിലായി സംഘടിപ്പിക്കുന്ന കൊട്ടിക്കലാശം കരുതലോടെ പരമാവധി കളറാക്കാനുള്ള ഒരുക്കത്തിലാണ് മുന്നണികൾ. 

റോഡ് ഷോയാണ് പ്രധാനം. ഇന്നലെ മൈക്ക് അനൗൺസ്‌മെന്റ് വാഹനങ്ങൾ വിവിധ മണ്ഡലങ്ങളുടെ മുക്കിലും മൂലയിലും പ്രചാരണം നടത്തി. ശബ്ദ പ്രചാരണം ഇന്ന് അവസാനിക്കുന്നതിനാൽ പരമാവധി പ്രചാരണം നടത്തുകയായിരുന്നു മുന്നണികളുടെ ലക്ഷ്യം. ജനങ്ങൾ കൂടുന്ന കവലകളിൽ അനൗൺസ്‌മെന്റ് വാഹനങ്ങൾ നിറുത്തിയുള്ള വോട്ടഭ്യർത്ഥന ഇന്നലെത്തെ പ്രധാന കാഴ്ചയായിരുന്നു. 

പാരഡി ഗാനങ്ങളും ഇന്നലെ രംഗം കീഴടക്കി. നിശബ്ദ പ്രചാരണ ദിവസമായ നാളെ വീട് കയറിയുള്ള പ്രചാരണമാണ് സ്ഥാനാർത്ഥികളും പ്രവർത്തകരും നടത്തുക. അടുത്ത സുഹൃത്തുക്കളോടും പരിചയക്കാരോടും വോട്ട് ചെയ്യണമെന്ന് ഓർമ്മിപ്പിക്കാനുള്ള അവസരം കൂടിയായാണ് ഈ സമയത്തെ കാണുക. സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണവും ടോപ്പ് ഗിയറിലാണ്. പരമാവധി വോട്ടർമാരെ ബൂത്തുകളിലെത്തിക്കാനുള്ള ശ്രമത്തിലാണ് മുന്നണികൾ. 

പ്രായാധിക്യമുള്ളവരെയും ബൂത്തിലെത്തിക്കാനാണ് ശ്രമം. പ്രവാസികളിൽ പലരും നാട്ടിലെത്തിയിട്ടുണ്ട്. പഠനാവശ്യത്തിനായി മറ്റിടങ്ങളിലുള്ള വിദ്യാർത്ഥികളിൽ പലരും സമ്മതിദാനാവകാശം വിനിയോഗിക്കാൻ നാട്ടിലെത്തി.

എല്ലാ മുന്നണികളുടെയും ദേശീയ നേതാക്കളെത്തിയത് പ്രവർത്തകരിൽ ആവേശമായി. യു.ഡി.എഫാണ് കോഴിക്കോട്ട് മഹാറാലിയോടെ തുടക്കമിട്ടത്. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെയുള്ള നേതാക്കളെത്തി. രാഹുൽ ഗാന്ധിക്ക് അന്ന് എത്താനായില്ലെങ്കിലും പിന്നീടെത്തി റോഡ് ഷോയിലും പൊതുയോഗങ്ങളിലും പങ്കെടുത്തു. ഇന്ന് പുലർച്ചെ ബേപ്പൂരിൽ ഷാഫി പറമ്പിൽ എത്തിയത് യൂഡിഎഫ് അണികളിൽ ആവേശം നിറച്ചു. പുലർച്ചെ 1 മണിക്ക് ബേപ്പൂരിലെ യൂഡിഎഫ് സ്ഥാനാർഥി പി വി അവൻവറിന്റെ റോഡ് ഷോക്ക് വേണ്ടിയാണ് ഷാഫി എത്തിയത്. 

നിറഞ്ഞ ജനാവലിയാണ് ഷാഫിയെ എതിരേറ്റത്. 
എം.എ ബേബി, പ്രകാശ് കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ ഘടകകക്ഷി നേതാക്കളുമെത്തിയത് എൻ.ഡി.എഫ് ക്യാമ്പിലും ആവേശമായി. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും നടി ഖുശ്ബുവും എൻ.ഡി.എ സ്ഥാനാർത്ഥികളുടെ പ്രചാരണത്തിനെത്തി. ഏറ്റവുമൊടുവിൽ ബേപ്പൂരിൽ കേന്ദ്രമന്ത്രി അമിത്ഷായുടെ റോഡ്‌ഷോയുമുണ്ടായി.

Post a Comment

0 Comments