വാൽപാറ : ചുരത്തിൽ ടൂറിസ്റ്റ് വാൻ മറിഞ്ഞുണ്ടായ അപകടത്തെത്തുടർന്നുള്ള രക്ഷാപ്രവർത്തനം
വാൽപാറ (തമിഴ്നാട്) ∙ ആളിയാർ ചുരത്തിൽ വാൻ അപകടത്തിൽപ്പെട്ടതിന്റെ കാരണം ബ്രേക്കിനുണ്ടായ തകരാറെന്ന് തമിഴ്നാട് പൊലീസിന്റെ പ്രാഥമിക നിഗമനം. ചുരത്തിലെ ഇരുപത്തിയേഴ് വളവുകൾ ഇറങ്ങിയ ശേഷം ബ്രേക്ക് സംവിധാനം ചൂടായി തകരാറിലായിരിക്കാം എന്നാണ് കരുതുന്നത്. ഗിയറിൽ വാഹനം നിർത്താനുള്ള ശ്രമവും പരാജയപ്പെട്ടു. കൽഭിത്തിയിൽ സ്ഥാപിച്ച ഇരുമ്പു തൂണുകൾ തകർത്ത് 800 അടി താഴ്ചയിലേയ്ക്ക് വാൻ വീഴുകയായിരുന്നു. പാറയിടുക്കിൽ അഞ്ചു തവണ കരണം മറിഞ്ഞു. ഛിന്നഭിന്നമായ വാഹന അവശിഷ്ടങ്ങളാണ് റോഡിൽ പതിച്ചത്.
ചുരത്തിലെ പതിമൂന്നാം വളവിൽ വച്ചായിരുന്നു അപകടം. പതിമൂന്നാം വളവിൽ നിന്ന് പത്താം വളവിനും ഒൻപതാം വളവിനും മധ്യേയുള്ള ഭാഗത്തേക്കാണ് വാഹനം എത്തിയത്. പൂർണ്ണമായും സംരക്ഷണഭിത്തി ഇവിടെ ഉണ്ടായിരുന്നില്ല. ചെറിയൊരു കൽഭിത്തി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഫസ്റ്റ് ഗിയറിലും സെക്കൻഡ് ഗിയറിലുമൊക്കെ മാറ്റിയിട്ട് വാഹനം ഇറങ്ങിയ സമയത്ത് നിയന്ത്രണം നഷ്ടപ്പെട്ട് നേരെ കോൺക്രീറ്റ് തൂണിൽ ഇടിച്ച് 800 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഒൻപത് പേരാണ് കേരളത്തെ നടുക്കിയ വാഹനാപകടത്തിൽ മരിച്ചത്.

0 Comments