കൂടരഞ്ഞി : കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ ആനക്കല്ലുംപാറയിലെ ജനവാസ മേഖലയിലെ കിണറ്റിൽ പുലിയെയും പൂച്ചയെയും ചത്ത നിലയിൽ കണ്ടെത്തിയത് പ്രദേശത്ത് ആശങ്ക സൃഷ്ടിച്ചു. കൂമ്പാറ പുളിക്കൽ ഔസേപ്പച്ചൻ എന്നയാളുടെ വീടിന് താഴെയുള്ള കിണറ്റിലാണ് ഏതാനും ദിവസങ്ങൾ പഴക്കമുള്ള ജഡങ്ങൾ കണ്ടെത്തിയത്.
പുലിയിൽ നിന്ന് രക്ഷപ്പെടാൻ ഓടുന്നതിനിടെ പൂച്ച കിണറ്റിൽ വീണതാകാമെന്നും, ഇരയെ നഷ്ടപ്പെടാതിരിക്കാൻ പിന്നാലെ പുലിയും കിണറ്റിലേക്ക് ചാടിയതാകാമെന്നുമാണ് പ്രാഥമിക നിഗമനം. കിണറിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സമീപവാസികൾ പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
വിവരം അറിയിച്ചതിനെ തുടർന്ന് താമരശ്ശേരി റേഞ്ച് ഓഫീസർ ഷാജിയുടെ നേതൃത്വത്തിലുള്ള ആർ.ആർ.ടി (റാപിഡ് റെസ്പോൺസ് ടീം) സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ആർ.ആർ.ടി രക്ഷാപ്രവർത്തകനായ കരീം കിണറ്റിൽ ഇറങ്ങി വടം കെട്ടിയാണ് പുലിയെ പുറത്തെത്തിച്ചത്.
തുടർന്ന് പൂച്ചയെയും പുറത്തെടുത്തു.
വനംവകുപ്പ് ജീവനക്കാരായ ബിനോയ്, അജീഷ്, ആർ.ആർ.ടി അംഗങ്ങളായ പ്രജീഷ് ഇ., ബിനീഷ്, സ്റ്റേഷൻ വാച്ചർമാരായ മുജീബ്, പ്രസാദ് എം., കരീം, ഷബീർ, നാസർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
പുറത്തെടുത്ത പുലിയുടെയും കാട്ടുപൂച്ചയുടെയും ജഡങ്ങൾ തുടർനടപടികളുടെ ഭാഗമായി താമരശ്ശേരി റേഞ്ച് ഓഫീസിലേക്ക് മാറ്റി.
തുടർനടപടികൾക്കായി പുലിയുടെ ജഡം താമരശ്ശേരി റേഞ്ച് ഓഫീസിൽ എത്തിച്ചു. സുമാർ നാലു വയസ്സ് പ്രായം വരുന്ന പെൺപുലിയാണ് കിണറ്റിൽ വീണു ചത്തത്.
നിലമ്പൂർ അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്റിനറി ഓഫീസർ ഡോ. ശ്യാം, താമരശ്ശേരി വെറ്റിനറി സർജൻ ഡോ. ലിനൂപ് എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് പോസ്റ്റ്മോർട്ടം നടപടികൾ നടത്തും.
ആർ.ആർ.ടി റേഞ്ച് ഓഫീസർ (G) ഷാജീവ് കെ., സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പ്രജീഷ് ഇ., ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ബിനോയ് ടി., അജീഷ് കെ.ടി., ബിനീഷ് രാമൻ, ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ് പ്രസാദ് വി.പി., വാച്ചർമാരായ മുജീബ് റഹ്മാൻ, അബ്ദുൽ കരീം, ഷബീർ, നാസർ എന്നിവരുടെ നേതൃത്വത്തിലാണ് ജഡം പുറത്തെടുത്തത്.
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ബോബി ഷിബു, വൈസ് പ്രസിഡണ്ട് ജോർജുകുട്ടി, വാർഡ് മെമ്പർ സക്കീന സലിം എന്നിവർ സന്നിഹിതരായിരുന്നു.

0 Comments