ഡല്‍ഹി : ഇറാൻ ഉള്‍പ്പെട്ട സംഘർഷങ്ങളെത്തുടർന്ന് ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വിതരണം തടസ്സപ്പെട്ടതോടെ ഇന്ത്യയില്‍ പാചകവാതക വിതരണത്തില്‍ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്.
ഇന്ത്യയുടെ എല്‍പിജി ആവശ്യകതയുടെ 60 ശതമാനവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. ഇതില്‍ 90 ശതമാനവും ഹോർമുസ് കടലിടുക്ക് വഴിയാണ് എത്തിക്കുന്നത്.
രാജ്യത്തെ പല നഗരങ്ങളിലും ഗ്യാസ് ഏജൻസികള്‍ക്ക് മുന്നില്‍ നീണ്ട ക്യൂ ദൃശ്യമാണ്. ഈ പ്രതിസന്ധിയിലാണ് ഉപഭോക്താക്കള്‍ക്ക് ആശ്വാസവുമായി രംഗത്തെത്തിയിരിക്കുകയാണ് പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയില്‍ കോർപ്പറേഷൻ. സാധാരണ ഗ്യാസ് സിലിണ്ടറുകള്‍ക്കായി കാത്തുനില്‍ക്കാതെ പെട്ടെന്ന് ലഭ്യമാകുന്ന 5 കിലോയുടെ 'ചോട്ടു' സിലിണ്ടറുകളാണ് കമ്പനി അവതരിപ്പിക്കുന്നത്.
'ചോട്ടു' സിലിണ്ടർ സ്വന്തമാക്കാൻ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതില്ല. അടുത്തുള്ള ഇൻഡേൻ ഗ്യാസ് ഏജൻസിയില്‍ നേരിട്ടെത്തി ഇത് വാങ്ങാം. സാധാരണ ഗ്യാസ് കണക്ഷൻ എടുക്കാൻ വേണ്ട അഡ്രസ് പ്രൂഫ് ഇതിന് ആവശ്യമില്ല. തിരിച്ചറിയല്‍ രേഖ മാത്രം നല്‍കിയാല്‍ സിലിണ്ടർ ലഭിക്കും.
ഈ സിലിണ്ടറിന്റെ മറ്റൊരു പ്രത്യേകത അതിന്റെ ലഭ്യതയാണ്. ഇൻഡേൻ വിതരണക്കാരില്‍ നിന്ന് മാത്രമല്ല, അംഗീകൃത റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ നിന്നും പലചരക്ക് കടകളില്‍ നിന്നും ഇത് റീഫില്‍ ചെയ്യാൻ സാധിക്കും. ഇതിനായി ബുക്കിംഗോ കാത്തിരിപ്പോ ആവശ്യമില്ല; നേരിട്ട് ചെന്ന് സിലിണ്ടർ നിറച്ച് ഉടൻ തന്നെ മടങ്ങാം. വലിപ്പത്തില്‍ ചെറുതാണെങ്കിലും വലിയ സൗകര്യം വാഗ്ദാനം ചെയ്യുന്ന 'ചോട്ടു', പാചകവാതകം പെട്ടെന്ന് ആവശ്യമുള്ളവർക്കും വിതരണ തടസ്സം നേരിടുന്നവർക്കും മികച്ചൊരു തുണയായിരിക്കുമെന്ന് ഇന്ത്യൻ ഓയില്‍ കോർപ്പറേഷൻ വ്യക്തമാക്കുന്നു.
എല്‍പിജി എല്ലാവരിലേക്കും എളുപ്പത്തില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി വിപുലീകരിച്ചിരിക്കുന്നത്. ഇന്ത്യൻ ഓയില്‍ കോർപറേഷൻ എക്‌സില്‍ പങ്കുവെച്ച കുറിപ്പിലാണ് ഇത് പറയുന്നത്.

0 Comments