മുക്കം : മുക്കത്ത് എസ്.ഐയുടെ വീട് കുത്തിതുറന്ന് മോഷണം.മുത്തേരി കാപ്പുമല വളവിൽ ബെവറജസ് ഔട്ട്‌ലെറ്റിന് സമീപം എസ്.ഐ. ശ്രീരാഗ് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് പട്ടാപ്പകൽ മോഷണം നടന്നത്. സംഭവത്തിൽ അരീക്കോട് പുത്തൻപീടിക സ്വദേശി മിയാസ് ബാബുവിനെ (19) മുക്കം പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ വൈകീട്ട് മൂന്നു മണിയോടെയാണ് സംഭവം.
മുക്കത്തെ വ്യാപാരിയുടെ ഉടമസ്ഥതയിലുള്ളതാണ് വീട്. ഒട്ടേറെ മുറികളുള്ള ഈ വീട്ടിലെ ഒരു മുറിയിലാണ് എസ്.ഐ. വാടകയ്ക്ക് താമസിച്ചിരുന്നത്. തൊട്ടടുത്ത മുറിയിൽ വീട്ടുടമയുടെ ഉടമസ്ഥതയിലുള്ള വ്യാപാര സ്ഥാപനത്തിലെ തൊഴിലാളികളാണ് താമസിച്ചിരുന്നത്. വീടിന്റെ പിന്നിലെ വാതിൽ കുത്തിപ്പൊളിച്ചാണ് മൂന്നംഗം മോഷണസംഘം വീടിനകത്ത് കയറിയത്. മോഷണ സമയത്ത് വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. വീടിനകത്തെ മൂന്ന് വാതിലുകളും തകർത്ത പ്രതികൾ മുറികളിൽ കയറി.
എസ്ഐയുടെ തൊട്ടടുത്ത മുറിയിൽ താമസിക്കുന്ന വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ സനീഷ് വീടിന്റെ പ്രധാനവാതിൽ തുറന്നപ്പോഴാണ് ഒരു യുവാവിനെ വീടിനകത്ത് കണ്ടത്. രണ്ടുപേർ ഓടി രക്ഷപ്പെടുന്നത് കണ്ടതോടെ, സംശയം തോന്നിയ ജീവനക്കാരൻ യുവാവിനെ കീഴ്‌പ്പെടുത്തി മുക്കം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്തശേഷം പോലിസ് നടത്തിയ പരിശോധനയിലാണ് മോഷണവിവരം അറിയുന്നത്. എസ്.ഐയുടെ താമസസ്ഥലത്ത്നിന്ന് 8500 രൂപയും പവർബാങ്കും ഡ്രിമ്മറും ഓടിരക്ഷപ്പെട്ട പ്രതികൾ കൊണ്ടുപോയിട്ടുണ്ട്.
ലാപ് ടോപ്പ് ഉൾപ്പെടെയുള്ള ഇലക്ട്രോണിക്സ് സാധനങ്ങൾ വീടിന് പുറത്ത് എടുത്ത് സംഘം വയ്ക്കുകയും ചെയ്തിരുന്നു. കൂടെയുണ്ടായിരുന്ന മോഷ്ടാക്കളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി മുക്കം പോലീസ് പറഞ്ഞു.

0 Comments