തിരുവമ്പാടി : നാടിനെ നടുക്കിയ കെ.എസ്.ആർ.ടി.സി ബസ് അപകടത്തിന്റെ ദുരന്തസ്മരണയ്ക്ക് മേൽ കാളിയാമ്പുഴയിൽ പുതുപാലം യാഥാർത്ഥ്യമായി. ചുറ്റിവളഞ്ഞ യാത്രകൾക്ക് അവസാനമായി പുതുക്കിപ്പണിത കാളിയാമ്പുഴ പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു.
തിരുവമ്പാടി – പുല്ലൂരാംപാറ റോഡിലെ കാളിയാമ്പുഴയിൽ 2024 ഒക്ടോബർ 8-നുണ്ടായ ബസ് അപകടത്തിൽ രണ്ട് സ്ത്രീകൾ മരിക്കുകയും 35 യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
നിറയെ യാത്രക്കാരുമായി തിരുവമ്പാടി ഭാഗത്തേക്ക് വരികയായിരുന്ന ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് പതിക്കുകയായിരുന്നു. കാലപ്പഴക്കം ചെന്നും ജീർണാവസ്ഥയിലായിരുന്ന പഴയ പാലത്തിന്റെ കൈവരി തകർന്നതാണ് അപകടത്തിന് കാരണമായത്. തുടർന്ന് തിരുവമ്പാടി–പുല്ലൂരാംപാറ–എടത്തറ– മറിപ്പുഴ റോഡ് നവീകരണ പദ്ധതിയുടെ ഭാഗമായി കാളിയാമ്പുഴ പാലം പുനർനിർമിക്കുകയായിരുന്നു.
ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപാതയുടെ സമീപന റോഡായ ഈ പാത മലയോര മേഖലയിലെ പ്രധാന ഗതാഗതധമനികളിലൊന്നാണ്. 108.314 കോടി രൂപ ചെലവിൽ 10 മീറ്റർ വീതിയിൽ ആധുനിക സൗകര്യങ്ങളോടെ പദ്ധതി നടപ്പാക്കുന്നു. കേരള റോഡ് ഫണ്ട് ബോർഡാണ് നിർവഹണം നടത്തുന്നത്.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമാണം ഏറ്റെടുത്തത്. പാലത്തിന്റെ നിർമാണ പ്രവർത്തനത്തെ തുടർന്ന് പ്രദേശവാസികൾക്കും, സ്കൂൾ വിദ്യാർത്ഥികൾക്കും ഉൾപ്പെടെ ഏറെ ദൂരം ചുറ്റിവളഞ്ഞ് യാത്ര ചെയ്യേണ്ടിവന്നിരുന്നു. പാലം ഗതാഗതത്തിന് തുറന്നതോടെ ഇതിന് ശാശ്വത പരിഹാരമായതോടൊപ്പം വലിയ ആശ്വാസവും ലഭിച്ചു.
മലയോര ഹൈവേയുമായും അരിപ്പാറ ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളുമായും ഈ പാലം നിർണായക ബന്ധം ഉറപ്പാക്കുന്നു.

0 Comments