LATEST

6/recent/ticker-posts

ശക്തമായ മലവെള്ളപ്പാച്ചിൽ; മുത്തപ്പൻപുഴയിൽ താൽക്കാലിക പാലം ഒലിച്ചുപോയി, ഗതാഗതം ഭാഗികം, പ്രതിഷേധം ശക്തം.





തിരുവമ്പാടി : മറിപ്പൂഴ റൂട്ടിൽ മുത്തപ്പൻപുഴ മുസ്ലിം പള്ളിക്ക് സമീപം നിർമ്മാണത്തിലിരിക്കുന്ന പാലത്തിന് പകരമായി ഒരുക്കിയിരുന്ന താൽക്കാലിക പാലം ശക്തമായ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. വനമേഖലയിൽ പെയ്ത അതിശക്തമായ മഴയെ തുടർന്ന് തോട്ടിലൂടെ വൻതോതിൽ വെള്ളം കുത്തിയൊലിച്ചെത്തുകയായിരുന്നു.

വെള്ളത്തിന്റെ അതിശക്തമായ ഒഴുക്കിൽ താൽക്കാലിക പാലം പൂർണമായും തകർന്നു ഒഴുകിപ്പോയതോടെ ഗതാഗതം താറുമാറായി. നിലവിൽ ചെറുവാഹനങ്ങൾക്ക് മാത്രമാണ് ഭാഗികമായി കടന്നുപോകാൻ കഴിയുന്നത്. വലിയ വാഹനങ്ങളുടെ ഗതാഗതം പൂർണമായും നിലച്ചിരിക്കുകയാണ്.

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ULCCS) ആണ് പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. എന്നാൽ നിർമാണം നിശ്ചിത സമയത്തിനകം പൂർത്തിയാക്കാത്തതാണ് നിലവിലെ ദുരവസ്ഥയ്ക്ക് കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചു. മഴക്കാലത്തിന് മുമ്പ് പാലം പണി പൂർത്തിയാക്കിയിരുന്നെങ്കിൽ ജനങ്ങൾക്ക് സ്ഥിരം ഗതാഗത സൗകര്യം ലഭ്യമാകുമായിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

പാലം നിർമാണം അനന്തമായി നീളുന്നതിനെതിരെ പ്രദേശവാസികൾക്കിടയിൽ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. തുടർന്നും മഴ ശക്തമായാൽ പ്രദേശം പൂർണമായും ഒറ്റപ്പെടുമെന്ന ആശങ്കയും നാട്ടുകാർ പങ്കുവയ്ക്കുന്നു.

എത്രയും വേഗം ഗതാഗതം പൂർണമായി പുനഃസ്ഥാപിക്കാനും പാലം നിർമാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാനും അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Post a Comment

0 Comments