കൂടരഞ്ഞി : പൂവാറൻതോട് പ്രദേശത്തെ റിസോർട്ടിലെ ജീവനക്കാരനായിരുന്ന ഊട്ടി കോത്തേരി സ്വദേശി സതീഷ് (33) വനത്തിൽ കാണാതായ സംഭവത്തിൽ ആശങ്കകൾക്കൊടുവിൽ ഇയാൾ തിരിച്ചെത്തി. നിലവിൽ സതീഷ് തിരുവമ്പാടി പോലീസ് സ്റ്റേഷനിലാണുള്ളത്.
കഴിഞ്ഞ 17-ാം തീയതി രാവിലെ തമ്പുരാൻകൊല്ലി ഭാഗത്ത് നിന്ന് വനത്തിലേക്ക് കയറിയ സതീഷ് ഏറെ സമയം കഴിഞ്ഞിട്ടും തിരികെ എത്താതിരുന്നതോടെയാണ് സഹപ്രവർത്തകരും നാട്ടുകാരും അന്വേഷണം ആരംഭിച്ചത്. തുടർന്ന് ഇയാളെ കാണാതായതായി വ്യക്തമായതോടെ പൊലീസിനെയും വനവകുപ്പിനെയും വിവരമറിയിക്കുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെ പൂവാറൻതോട് വാർഡ് മെമ്പർ റോയി ആക്കേലിയുടെ നേതൃത്വത്തിൽ പൊലീസ്, വനപാലകർ, നാട്ടുകാർ എന്നിവർ ചേർന്ന് വനമേഖലയിൽ വ്യാപക തിരച്ചിൽ നടത്തി. തിരച്ചിൽ പുരോഗമിക്കുന്നതിനിടെയാണ് പുല്ലൂരാംപാറ കൊടക്കാട്ടുപാറ ഭാഗത്ത് നിന്ന് ബസ് കയറി സതീഷ് തിരുവമ്പാടി പോലീസ് സ്റ്റേഷനിലെത്തിയത്.
അവശനിലയിലായിരുന്ന ഇയാൾ ചോദ്യങ്ങളോട് കാര്യമായി പ്രതികരിക്കാതെയും അതീവ ക്ഷീണിതനായി കാണപ്പെട്ടതായും ബന്ധപ്പെട്ടവർ അറിയിച്ചു.
സംഭവത്തിൽ പൊലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.
തിരുവമ്പാടി ലേഖകൻ പ്രതീഷ് ഉദയൻ

0 Comments