LATEST

6/recent/ticker-posts

മലഞ്ചരക്കുകടയിൽ വൻ മോഷണം; ലക്ഷങ്ങളുടെ സാധനങ്ങൾ കവർന്നു.




തിരുവമ്പാടി : പുല്ലൂരാംപാറ പള്ളിപ്പടിയിലെ താളനാനി ട്രേഡേഴ്സിൽ വൻ മോഷണം. കടയുടെ പൂട്ടുപൊളിച്ച് അകത്ത് കയറിയ മോഷ്ടാക്കൾ ലക്ഷക്കണക്കിന് രൂപ വിലവരുന്ന മലഞ്ചരക്ക് സാധനങ്ങളാണ് കവർന്നത്. വ്യാഴാഴ്ച രാത്രിയിലോ വെള്ളിയാഴ്ച പുലർച്ചെയോ ആയിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.
വെള്ളിയാഴ്ച രാവിലെ കട തുറക്കാനെത്തിയ കടയുടമ പ്രിൻസ് താളനാനിയുടെ മകനാണ് കടയുടെ പൂട്ടുതകർത്ത നിലയിൽ കണ്ടെത്തിയത്. 

അകത്ത് കയറി പരിശോധിച്ചപ്പോൾ സാധനങ്ങൾ വ്യാപകമായി നഷ്ടപ്പെട്ടതായി മനസ്സിലാകുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ തിരുവമ്പാടി പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ് തിരുവമ്പാടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. 

കടയ്ക്കുള്ളിലും പരിസര പ്രദേശങ്ങളിലുമായി തെളിവുകൾ ശേഖരിച്ച പോലീസ് സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് അന്വേഷണം ആരംഭിച്ചു. കടയിൽ നിന്നും ഏകദേശം 150 കിലോ അടയ്ക്ക, 150 കിലോ കുരുമുളക്, 55 കിലോ കോക്കോ പരിപ്പ്, 50 കിലോ ജാതിക്ക, 30 കിലോ ജാതിപത്രി എന്നിവയാണ് മോഷണം പോയത്. 

വിപണിവില പ്രകാരം ലക്ഷങ്ങളോളം രൂപയുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തൽ. സംഭവം പ്രദേശത്തെ വ്യാപാരികളിലും നാട്ടുകാരിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. രാത്രികാലങ്ങളിൽ മേഖലയിൽ പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു. തിരുവമ്പാടി പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി.


Post a Comment

0 Comments