LATEST

6/recent/ticker-posts

മലയോര മേഖലയിൽ അതിശക്തമായ മഴ.




തിരുവമ്പാടി : കൂടരഞ്ഞി, തിരുവമ്പാടി, പുല്ലൂരാംപാറ, കക്കാടംപൊയിൽ എന്നിവ ഉൾപ്പെടുന്ന കിഴക്കൻ മലയോര മേഖലയിൽ ഇന്നലെ വൈകുന്നേരത്തോടെ അതിശക്തമായ ഇടിയോടുകൂടിയ മഴയും കാറ്റും അനുഭവപ്പെട്ടു. കൂടരഞ്ഞി കുളിരാമുട്ടി പുഴയിൽ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്നു. കുളിരാമുട്ടി പമ്പ് ഹൗസിന് സമീപമുള്ള പാലത്തിന് തൊട്ടു താഴെ വരെ വെള്ളമെത്തിയ നിലയിലായിരുന്നു.

നിലവിൽ പുഴയിലെ തടയണയുടെ ഷട്ടറുകൾ പൂർണ്ണമായും തുറന്നിട്ടില്ലാത്തത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. ചില പലകകൾ മാത്രമാണ് നിലവിൽ മാറ്റിയിട്ടുള്ളത്. പുഴയിൽ മലവെള്ളപ്പാച്ചിലിന് സമാനമായ ഒഴുക്കാണ് അനുഭവപ്പെടുന്നത്.

മണിക്കൂറുകളോളം നീണ്ടുനിന്ന മഴ മൂലം പ്രദേശത്തെ ചെറുതും വലുതുമായ പുഴകളും തോടുകളും നിറഞ്ഞു കവിയുന്ന സാഹചര്യമുണ്ടായി. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും, ശക്തമായ കാറ്റിനെ തുടർന്ന് ചിലയിടങ്ങളിൽ മരങ്ങൾ വീണതായും വൈദ്യുതി തടസ്സങ്ങൾ ഉണ്ടായതായും നാട്ടുകാർ അറിയിച്ചു. മഴയുടെ തീവ്രത തുടരുന്നതിനാൽ മലയോര മേഖലകളിൽ മണ്ണിടിച്ചിൽ സാധ്യതയും അധികൃതർ മുന്നറിയിപ്പായി ചൂണ്ടിക്കാട്ടുന്നു.

പുഴകളിലും തോടുകളിലും ഇറങ്ങാതിരിക്കണമെന്നും വൈദ്യുതി വയറുകൾ വീണുകിടക്കുന്നിടങ്ങളിൽ സമീപിക്കാതിരിക്കണമെന്നും അധികൃതർ നിർദേശം നൽകി. മഴ തുടരുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.


Post a Comment

0 Comments