LATEST

6/recent/ticker-posts

ശക്തമായ മഴയിൽ റോഡ് ഒലിച്ചുപോയി; പുല്ലൂരാംപാറ കൊടക്കാട്ട്പാറയിൽ 15-ലേറെ കുടുംബങ്ങൾ ഒറ്റപ്പെട്ടു.




പുല്ലൂരാംപാറ : കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെ തുടർന്ന് പുല്ലൂരാംപാറയിലെ കൊടക്കാട്ട്പാറ റോഡിൽ കലിങ്കിനോട് ചേർന്ന ഭാഗം പൂർണമായും ഒലിച്ചുപോയി. മലയിൽത്തൊടി ഭാഗത്ത് രൂപപ്പെട്ട വലിയ ഗർത്തത്തെ തുടർന്ന് പ്രദേശത്തെ പതിനഞ്ചിലധികം കുടുംബങ്ങൾ യാത്രാദുരിതത്തിലായി.

ശക്തമായ മഴയെ തുടർന്ന് തോട്ടിൽ വെള്ളപ്പൊക്കമുണ്ടാകുകയും കല്ലും മണ്ണും മാലിന്യങ്ങളും അടിഞ്ഞുകൂടി ചപ്പാത്തിന്റെ പൈപ്പ് അടയുകയും ചെയ്തതോടെയാണ് അപകടാവസ്ഥ രൂപപ്പെട്ടത്. തുടർന്ന് വെള്ളം റോഡിലൂടെ കവിഞ്ഞൊഴുകി അതിശക്തമായി പതിച്ചതിനാൽ റോഡിന്റെ വലിയ ഭാഗം ഒലിച്ചുപോകുകയും ഗതാഗതം പൂർണമായും നിലയ്ക്കുകയും ചെയ്തു.

പ്രദേശവാസികളുടെ ദൈനംദിന യാത്രയ്ക്കും വിദ്യാർത്ഥികൾ, തൊഴിലാളികൾ, കർഷകർ എന്നിവരുടെ സഞ്ചാരത്തിനും ആശ്രയമായിരുന്ന പ്രധാന റോഡാണ് തകർന്നത്. നിലവിൽ തോട്ടിലൂടെയുള്ള ഇടുങ്ങിയ നടവഴി മാത്രമാണ് പ്രദേശവാസികളുടെ ഏക ആശ്രയം. 

രോഗികളെയും വയോജനങ്ങളെയും ആശുപത്രിയിലെത്തിക്കുന്നതുൾപ്പെടെയുള്ള അടിയന്തര ആവശ്യങ്ങൾക്ക് വാഹനങ്ങൾ കടന്നുപോകാൻ കഴിയാത്ത സാഹചര്യം കടുത്ത ആശങ്കയ്ക്കിടയാക്കിയിരിക്കുകയാണ്.
സംഭവത്തെ തുടർന്ന് ബന്ധപ്പെട്ട അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി സ്ഥിതിഗതികൾ വിലയിരുത്തിയെങ്കിലും റോഡ് പുനഃസ്ഥാപിക്കുന്നതിനുള്ള അടിയന്തര നടപടികൾ ഇതുവരെ ആരംഭിച്ചിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു.

മഴ വീണ്ടും ശക്തമായാൽ ശേഷിക്കുന്ന ഭാഗവും തകരാൻ സാധ്യതയുള്ളതിനാൽ ദുരന്തം കൂടുതൽ രൂക്ഷമാകുന്നതിന് മുമ്പ് ചപ്പാത്തും റോഡും അടിയന്തരമായി പുനർനിർമിച്ച് ഗതാഗതം പുനഃസ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ശക്തമായ ആവശ്യം.



Post a Comment

0 Comments