LATEST

6/recent/ticker-posts

മയങ്ങില്ല കേരളം പദ്ധതി; തിരുവമ്പാടി മണ്ഡലത്തിൽ ജനകീയ സമിതി രൂപീകരിച്ചു.



കൂടരഞ്ഞി : സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപദ്ധതിയുടെ ഭാഗമായി എക്സൈസ് വകുപ്പ് നടപ്പാക്കുന്ന ‘മയങ്ങില്ല കേരളം’ പദ്ധതിയുടെ ഭാഗമായി തിരുവമ്പാടി മണ്ഡലത്തിൽ ജനകീയ സമിതി രൂപീകരിച്ചു. മദ്യ-മയക്കുമരുന്ന് ഉപയോഗത്തിനെതിരെ വിവിധ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി കർമ്മപദ്ധതിയും തയ്യാറാക്കി.

കൂടരഞ്ഞി കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന യോഗത്തിൽ സി.കെ. കാസിം എം.എൽ.എ. അധ്യക്ഷത വഹിച്ചു. മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലും ഒരു നഗരസഭയിലും ആഗസ്റ്റ് 10നകം ജനകീയ സമിതികളും മുഴുവൻ വാർഡുകളിലും ആഗസ്റ്റ് 18നകം ജനജാഗ്രതാ സമിതികളും രൂപീകരിക്കാൻ തീരുമാനിച്ചു.

ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകളിലെ ലഹരിവിരുദ്ധ ക്ലബ്ബുകൾ പുനഃസംഘടിപ്പിച്ച് ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ഉന്നതികളിലും മലയോര മേഖലകളിലും വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പരിശോധന നടത്തും. 

ജില്ലാ അതിർത്തികളിലും പ്രധാന റോഡുകളിലും വാഹന പരിശോധനയും ശക്തമാക്കും. ലൈസൻസുള്ള സ്ഥാപനങ്ങളിൽ പരിശോധന നടത്തി സാമ്പിളുകൾ ശേഖരിക്കുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും യോഗം തീരുമാനിച്ചു.

ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ദീപ പോൾ, സണ്ണി കാപ്പാട്ടുമല, ജോബി ഇലന്തൂർ, മുഹമ്മദ് വട്ടപ്പറമ്പൻ, കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്കുട്ടി കക്കാടംപൊയിൽ, കാരശ്ശേരി വൈസ് പ്രസിഡന്റ് എം. ദിവ്യ, താമരശ്ശേരി എക്സൈസ് ഇൻസ്പെക്ടർ ഇ.പി. വിപിൻ എന്നിവർ പ്രസംഗിച്ചു.
കോടഞ്ചേരി എസ്.ഐ. കെ.സി. പ്രദീപ്, താമരശ്ശേരി എസ്.ഐ. ബിൻസ് ജോസഫ്, സി.ഡി.പി.ഒമാരായ എൻ.പി. തസ്ലീന, പ്രസന്നകുമാരി, പ്രിവന്റീവ് ഓഫീസർ ജി. ബൈജു, താമരശ്ശേരി റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി.സി. മനോജ് കുമാർ എന്നിവർ നേതൃത്വം നൽകി.


Post a Comment

0 Comments