ന്യൂഡല്‍ഹി : ഭരണകക്ഷിയായ ബിജെപിയുമായി ഒത്തുകളിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പുകള്‍ അട്ടിമറിച്ചതെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. വോട്ടർപട്ടികയുടെ ഡിജിറ്റല്‍ പതിപ്പ് വേണമെന്ന രാഷ്‌ട്രീയ പാർട്ടികളുടെ ആവശ്യം തെരഞ്ഞെടുപ്പു കമ്മീഷൻ ഇപ്പോഴും അനുവദിക്കാത്തതിനു പിന്നില്‍ വ്യക്തമായ കള്ളക്കളിയുണ്ട്.
പോളിംഗ് ബൂത്തുകളിലെ സിസിടിവി തെളിവുകള്‍ നശിപ്പിക്കാനുള്ള തെരഞ്ഞെടുപ്പു കമ്മീഷന്‍റെ പുതിയ തീരുമാനവും ആസൂത്രിത ഗൂഢാലോചന തെളിയിക്കുന്നു. വോട്ടിംഗ് സമയം തീരുന്നതിനു തൊട്ടുമുന്പായി ചില ബൂത്തുകളില്‍ ക്രമാതീതമായി വോട്ടിംഗ് ശതമാനം ഉയർന്നതിന്‍റെ തെളിവുകള്‍ ഇല്ലാതാക്കാനാണു സിസിടിവി ദൃശ്യം നശിപ്പിക്കാൻ തീരുമാനിച്ചത്. തട്ടിപ്പിന്‍റെ തെളിവുകള്‍ കിട്ടാതിരിക്കാൻ ഇതിനായി നയത്തില്‍ മാറ്റം വരുത്തിയെന്ന് രാഹുല്‍ വിശദീകരിച്ചു.
മറ്റെല്ലാ പാർട്ടികളെയും ബാധിക്കുന്ന, വോട്ടർമാരില്‍ സ്വാഭാവികമായുള്ള ഭരണവിരുദ്ധവികാരം ബിജെപിക്കു മാത്രമില്ല. ഇതിനു പിന്നില്‍ വൻ തട്ടിപ്പുണ്ട്.
കർണാടകയിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തില്‍ ആകെയുള്ള 6.5 ലക്ഷം വോട്ടുകളില്‍ ഒരു ലക്ഷത്തിലധികം വ്യാജവോട്ടുകളാണെന്നും ഇങ്ങനെയാണു ബാംഗളൂരു സെൻട്രല്‍ ലോക്സഭാ മണ്ഡലത്തില്‍ ബിജെപി തെറ്റായ ജയം കരസ്ഥമാക്കിയതെന്നും ഉദാഹരണമായി രാഹുല്‍ ചൂണ്ടിക്കാട്ടി.
2023ലെ ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നുവെന്ന സംശയം ബലപ്പെടുത്തുന്നതായിരുന്നു പിന്നീട് നടന്ന മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പ്. ഹരിയാന, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാന തെരഞ്ഞെടുപ്പുകളിലും ജനവിധി അട്ടിമറിക്കാൻ കൃത്രിമങ്ങളുണ്ടായെന്ന് അദ്ദേഹം ആരോപിച്ചു.
മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതായുള്ള സംശയം സ്ഥിരീകരിച്ചു. മഹാരാഷ്‌ട്രയില്‍ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കിടയിലെ വെറും അഞ്ചു മാസത്തെ ഇടവേളയില്‍ ഒരു കോടിയിലധികം പുതിയ വോട്ടർമാർ ചേർക്കപ്പെട്ടുവെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍റെ കണക്കുകള്‍ ഉദ്ധരിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞു.
അഞ്ചു വർഷത്തിനിടെ ചേർത്തതിനേക്കാള്‍ കൂടുതലാണിത്. പോളിംഗ് അവസാനിക്കുന്നതിന് തൊട്ടുമുന്പായി വൈകുന്നേരം 5.30നുശേഷമാണ് വോട്ടിംഗ് ശതമാനം കുത്തനേ കൂടിയത്. ഇത്തരത്തില്‍ വോട്ടർമാരുടെ ക്യൂ ബൂത്തുകളില്‍ ഉണ്ടായിരുന്നില്ലെന്ന് ബൂത്ത് ഏജന്‍റുമാർ സാക്ഷ്യപ്പെടുത്തി. സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിക്കുന്നതായി കമ്മീഷൻ അറിയിച്ചത് തെളിവുകള്‍ ഇല്ലാതാക്കുന്നതിനാണ്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്‌ട്രയിലെ 48 സീറ്റുകളില്‍ 30 എണ്ണവും കോണ്‍ഗ്രസും സഖ്യകക്ഷികളുമാണു ജയിച്ചത്. പക്ഷേ അഞ്ചു മാസം കഴിഞ്ഞു നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും സഖ്യകക്ഷികളും തൂത്തുവാരിയതില്‍ ക്രമക്കേടുകളുണ്ട്.
രാഷ്‌ട്രീയ പാർട്ടികള്‍ രേഖാമൂലം ആവശ്യപ്പെട്ടിട്ടും വോട്ടർപട്ടികയുടെ ഡിജിറ്റല്‍ പതിപ്പ് നല്‍കിയില്ല. പകരം വലിയ കെട്ടുകണക്കിന് അച്ചടിച്ച പട്ടികയാണു നല്‍കിയത്. ഇതാകട്ടെ വായിക്കാൻ പ്രയാസമാണ്.
ഇതിനു പകരം വോട്ടർ പട്ടികയുടെ ഡിജിറ്റല്‍ കോപ്പി നല്‍കാൻ മിനിറ്റുകള്‍ മതി. വ്യാജവോട്ടർമാർ, വ്യാജവിലാസങ്ങള്‍, വ്യാജ ഫോട്ടോകള്‍, ഇരട്ടിപ്പുകള്‍, മറ്റു കൃത്രിമങ്ങള്‍ എന്നിവ ഡിജിറ്റല്‍ പകർപ്പില്‍ വേഗത്തില്‍ കണ്ടെത്താനാകും. പലതും ഒളിക്കാനും മറയ്ക്കാനുമുള്ളതു കൊണ്ടാണ് വളരെ എളുപ്പത്തില്‍ നല്‍കാവുന്ന ഡിജിറ്റല്‍ കോപ്പി (മെഷീൻ റീഡബിള്‍) പ്രതിപക്ഷ പാർട്ടികള്‍ക്കു നല്‍കാത്തതെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി.
മഹാദേവപുര നിയമസഭാ മണ്ഡലത്തിലെ പൊരുത്തക്കേടുകള്‍
ഇരട്ട വോട്ടുകള്‍ 11,965,വ്യാജ വിലാസങ്ങള്‍ 40,009 ഒരു വിലാസം, അനേക വോട്ട് 10,452 തെറ്റായ ഫോട്ടോകള്‍ 4,132 ഫോറം 6 ദുരുപയോഗം 33,692 മൊത്തം വ്യാജവോട്ടുകള്‍ 1,00,250 കർണാടകയില്‍ ബംഗളൂരു സെൻട്രല്‍ ലോക്സഭാ മണ്ഡലത്തിലെ ഫലം അട്ടിമറിച്ച ക്രമക്കേടുകളാണ് ഈ മണ്ഡലത്തില്‍പ്പെട്ട മഹാദേവപുര നിയമസഭാ മണ്ഡലത്തിലേത്.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഹാദേവപുര മണ്ഡലത്തിലെ വോട്ടർപട്ടികയില്‍ 1,00,250 വോട്ടുകളുടെ മോഷണം നടന്നുവെന്ന് കോണ്‍ഗ്രസിന്‍റെ അന്വേഷണത്തില്‍ കണ്ടെത്തി. ഭരണകക്ഷിയായ ബിജെപിയുമായി ചേർന്നു തെരഞ്ഞെടുപ്പു കമ്മീഷനാണു വോട്ടുമോഷണം നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.
കർണാടകയില്‍ 16 ലോക്സഭാ മണ്ഡലങ്ങള്‍ കോണ്‍ഗ്രസ് നേടുമെന്ന് ആഭ്യന്തര സർവേയില്‍ കണ്ടെത്തിയിരുന്നു. ഒന്പതു സീറ്റുകള്‍ ഞങ്ങള്‍ നേടി. ഏഴിടങ്ങളില്‍ അപ്രതീക്ഷിത തോല്‍വികളും. അതേക്കുറിച്ചു പഠിക്കാൻ ഒരു വിദഗ്ധ സംഘത്തെ തെരഞ്ഞെടുത്തു.
വോട്ടർപട്ടികയുടെ ഡിജിറ്റല്‍ കോപ്പി കമ്മീഷൻ കൈമാറാത്തതിനാല്‍ ഒരു നിയമസഭാ മണ്ഡലത്തില്‍ മാത്രമേ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയൂവെന്ന് കോണ്‍ഗ്രസിന്‍റെ വിദഗ്ധ ടീം തീരുമാനിച്ചു. അങ്ങനെയാണു വലിയതോതിലുള്ള തട്ടിപ്പുകള്‍ കണ്ടെത്തിയത്. മഹാദേവപുരയില്‍ മാത്രം ഒരു ലക്ഷത്തിലധികം വ്യാജവും അസാധുവുമായ വോട്ടർമാരെയും അവരുടെ വിലാസങ്ങളും കണ്ടെത്തി.
ഒരേ വോട്ടർമാരുടെ പേരും വിലാസവും നാലു തവണവരെ ആവർത്തിക്കുന്ന വോട്ടർപട്ടികയുടെ പകർപ്പ് അടക്കമുള്ള തെളിവുകള്‍ രാഹുല്‍ ഗാന്ധി പത്രസമ്മേളനത്തില്‍ പ്രദർശിപ്പിച്ചു. വോട്ടർപട്ടികയില്‍ ഇരട്ടിപ്പുള്ള വോട്ടർ, രണ്ടിടത്തും വോട്ട് രേഖപ്പെടുത്തിയതിന്‍റെ തെളിവും അദ്ദേഹം പുറത്തുവിട്ടു. ഒരേ പേര്, വിലാസം, ഫോട്ടോ തുടങ്ങിയ വോട്ടർ പട്ടികയിലെ ഒരു പേജില്‍ തന്നെയുണ്ട്.
വോട്ടുതട്ടിപ്പിന് അഞ്ച് വഴികള്‍
വോട്ടർപട്ടികയിലെ തട്ടിപ്പിനായി അഞ്ച് മാർഗങ്ങളാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍റെ വോട്ടർപട്ടികയിലുള്ളതെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. ഒരേ വോട്ടർതന്നെ പലതവണ ആവർത്തിക്കുന്നതാണ് ഒന്ന്. ഇല്ലാത്ത വ്യാജവിലാസങ്ങളില്‍ വോട്ടർമാരെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതാണു മറ്റൊന്ന്.
വീട്ടുനമ്പർ പൂജ്യം എന്നുള്ള നിരവധി വോട്ടർമാർ പട്ടികയിലുണ്ട്. ഒരു വിലാസത്തില്‍ അനേക വോട്ടുകള്‍ (ചിലപ്പോള്‍ നൂറിലേറെ) ചേർക്കുന്നതാണു മൂന്നാമത്. നാലാമതായി, തെറ്റായതോ ഏകദേശം വ്യത്യസ്തമായതോ ആയ ഫോട്ടോകള്‍ ഉള്‍പ്പെടുത്തുന്നു. പുതിയ വോട്ടർമാർക്ക് ചേരുന്നതിനുള്ള ഫോറം ആറിന്‍റെ ദുരുപയോഗത്തിലൂടെ വ്യാജവോട്ടർമാരെ ചേർക്കുന്നതാണ് അഞ്ചാമത്തേതെന്ന് രാഹുല്‍ ആരോപിച്ചു.
കർണാടകയിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തിലെ വോട്ടർപട്ടിക മാത്രം പരിശോധിച്ചതിലെ ക്രമക്കേടുകളും തട്ടിപ്പുകളുമാണിതെന്ന് രാഹുല്‍ വിശദീകരിച്ചു. ബംഗളൂരു സെൻട്രല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ ജയം അട്ടിമറിച്ച് ബിജെപി ജയിച്ചതിന്‍റെ തെളിവുകളാണ് രാജ്യത്തെ ജനങ്ങള്‍ക്കു മുന്നില്‍ നിരത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു._
0 Comments