മെക്സിക്കോ : ലോകത്തെ വിറപ്പിച്ച മെക്സിക്കൻ മയക്കുമരുന്ന് മാഫിയാ തലവൻ നെമീസിയോ ഒസെഗ്വേര സെർവാന്റസ് എന്ന 'എല്‍ മെഞ്ചോ' കുടുങ്ങിയത് സ്വന്തം കാമുകിയിലൂടെയാണെന്ന നിർണ്ണായക വെളിപ്പെടുത്തലുമായി മെക്സിക്കൻ പ്രതിരോധ മന്ത്രാലയം.
വർഷങ്ങളായി ഒളിവില്‍ കഴിഞ്ഞിരുന്ന എല്‍ മെഞ്ചോയെ ഞായറാഴ്ചയാണ് മെക്സിക്കൻ സൈന്യം പിടികൂടി വധിച്ചത്. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളുടെ സഹായത്തോടെ നടത്തിയ ഈ വൻ ഓപ്പറേഷനില്‍ ഇയാളുടെ വലംകൈ ഉള്‍പ്പെടെ 70-ഓളം പേർ കൊല്ലപ്പെട്ടതായാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
എല്‍ മെഞ്ചോയുടെ കാമുകിയെയും അവരുടെ വിശ്വസ്തനായ സഹായിയെയും മാസങ്ങളായി സൈനിക ഇൻവെസ്റ്റിഗേറ്റർമാർ നിരീക്ഷിച്ചു വരികയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച കാമുകിയെയും കൊണ്ട് സഹായി ജാലിസ്‌കോയിലെ തപാല്‍പയിലുള്ള ഒരു രഹസ്യ കേന്ദ്രത്തിലെത്തി. അമേരിക്കൻ ഏജൻസികള്‍ നല്‍കിയ ജിപിഎസ് വിവരങ്ങളും ലൊക്കേഷനും സൈന്യം കൃത്യമായി പിന്തുടർന്നു. കാമുകി ഒപ്പം താമസിച്ച രാത്രി മുഴുവൻ കാത്തുനിന്ന സ്പെഷ്യല്‍ ഫോഴ്സ്, പുലർച്ചെ അവർ മടങ്ങിയതിന് പിന്നാലെയാണ് ആക്രമണം ആരംഭിച്ചത്. ആറ് ഹെലികോപ്റ്ററുകളും നൂറുകണക്കിന് കമാൻഡോകളും പ്രദേശം വളഞ്ഞു.
സൈന്യത്തെ കണ്ടതോടെ ഇയാളുടെ സുരക്ഷാ സംഘം റോക്കറ്റ് ലോഞ്ചറുകളും അത്യാധുനിക തോക്കുകളും ഉപയോഗിച്ച് അതിശക്തമായി പ്രത്യാക്രമണം നടത്തി. ഈ വെടിവെപ്പിനിടെ എല്‍ മെഞ്ചോ രണ്ട് ബോഡിഗാർഡുകള്‍ക്കൊപ്പം കാടിനുള്ളിലേക്ക് രക്ഷപെടാൻ ശ്രമിച്ചെങ്കിലും സ്പെഷ്യല്‍ ഫോഴ്സ് വിട്ടില്ല. ഒടുവില്‍ കാടിനുള്ളിലെ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന നിലയില്‍ ഇയാളെ കണ്ടെത്തുകയായിരുന്നു.
പിടികൂടുന്നതിനിടെ നടന്ന ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ എല്‍ മെഞ്ചോ മെക്സിക്കോ സിറ്റിയിലേക്കുള്ള യാത്രാമധ്യേ ഹെലികോപ്റ്ററില്‍ വെച്ചാണ് മരിച്ചത്.
എല്‍ മെഞ്ചോയുടെ വലംകൈ ആയ 'എല്‍ തുളി' എന്നറിയപ്പെടുന്ന കുറ്റവാളി ഓരോ സൈനികനെ കൊല്ലുന്നതിനും 20,000 പെസോ (ഏകദേശം 1000 ഡോളർ) ഇനാമും പ്രഖ്യാപിച്ചിരുന്നു. ഇയാള്‍ നടത്തിയ പ്രത്യാക്രമണത്തില്‍ 25 നാഷണല്‍ ഗാർഡ് അംഗങ്ങളും പ്രിസണ്‍ ഓഫീസറും ഉള്‍പ്പെടെ നിരവധി സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു.
മിന്നല്‍ നീക്കത്തിലൂടെ സൈന്യം എല്‍ തുളിയെയും വധിച്ചു. ഇയാളില്‍ നിന്ന് 1.4 മില്യണ്‍ ഡോളറും വൻ ആയുധശേഖരവും കണ്ടെടുത്തു. ലഹരി രാജാവിന്റെ മൃതദേഹം വിട്ടുകിട്ടാൻ കാർട്ടല്‍ അംഗങ്ങള്‍ മെക്സിക്കോയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഇപ്പോഴും ആക്രമണം തുടരുകയാണ്.

0 Comments