LATEST

6/recent/ticker-posts

കേരളത്തിന്റെ സ്വപ്‌ന പദ്ധതിക്ക് തുടക്കം; വയനാട് തുരങ്കപാതയുടെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു.



തിരുവമ്പാടി : ആനയ്ക്കാംപൊയിൽ കള്ളാടി - മേപ്പാടി തുരങ്ക പാതയുടെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. തുരങ്ക പാതയുടെ നിർമാണം ആരംഭിക്കുന്ന തോടെ നാളുകൾ നീണ്ട യാത്രാ ദുരിതത്തിനാണ് പരിഹാരമാകുന്നത്. വലിയ പ്രതീക്ഷയോടെയാണ് ജനങ്ങൾ പദ്ധതിയെ ഉറ്റുനോക്കുന്നത് അദ്ദേഹം കൂട്ടിച്ചേർത്തു.  


നിലവിൽ കച്ചവട ആവശ്യങ്ങൾക്കും മറ്റും വയനാട്ടിലേക്ക് പോകാൻ കിലോമീറ്ററുകൾ താണ്ടണം. മണിക്കൂറുകൾ ഗതാഗത കുരുക്കിൽ കിടക്കണം. തുരങ്ക പാത യാഥാർഥ്യമായാൽ ഇതിനൊക്കെ പരിഹാരമാകുമെന്നാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. 


ആനക്കാംപൊയിലിൻ്റെയും സമീപ പ്രദേശങ്ങളുടെയും വികസന കുതിപ്പിന് കൂടി തുരങ്ക പാത വഴിത്തുറക്കും. കിഫ്ബി ധനസഹായത്താല്‍ 2134 കോടി രൂപ ചെലവഴിച്ചാണ് തുരങ്കപാതയുടെ നിര്‍മാണം. ഇന്ത്യയിലെ ദൈര്‍ഘ്യമേറിയ മൂന്നാമത്തെ ട്വിന്‍ ട്യൂബ് ടണലാണ് കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിച്ച് നിര്‍മിക്കുന്നത്. 


തുരങ്കപ്പാത വരുന്നതോടെ വയനാട്ടിലേക്കുള്ള ദൂരവും സമയവും കുറയും. മേപ്പാടിയിലേക്ക് 8.2 കിലോ മീറ്ററിന്റേയും സുല്‍ത്താന്‍ ബത്തേരിയിലേക്ക് ഒരു കിലോ മീറ്ററിന്റേയും കുറവാണുണ്ടാകുന്നത്. അതേസമയം ജില്ലാ ആസ്ഥാനമായ കല്‍പറ്റയിലേക്ക് 7 കിലോമീറ്ററും മാനന്തവാടിയിലേക്ക് 12 കിലോമീറ്ററും അധികം സഞ്ചരിക്കേണ്ടിവരും. 


കൊച്ചി - ബംഗളരു വ്യാവസായിക ഇടനാഴിയുടെ ഭാഗമായതും ടൂറിസം മേഖലയില്‍ അനന്തമായ സാധ്യതകളുടെ വാതില്‍ തുറക്കുന്നതുമായ ഈ തുരങ്കപാത കേരളത്തിന്റെ വികസനരംഗത്ത് വന്‍ കുതിച്ചുചാട്ടം സൃഷ്ടിക്കും. 


പക്ഷെ ഹെയര്‍പിന്‍ വളവുകളൊന്നു മില്ലാത്തതുകൊണ്ട് ഇപ്പോഴെടുക്കുന്നതി നേക്കാള്‍ പകുതി സമയം മാത്രമേ ലക്ഷ്യസ്ഥാനത്തെത്താന്‍ വേണ്ടിവരുകയുള്ളൂ. മലബാറിന്‍റെ ടൂറിസം വികസനത്തിനും വലിയ പ്രതീക്ഷയാണ് ആനക്കാംപൊയില്‍ -മേപ്പാടി തുരങ്കപാത നല്‍കുന്നത്. താമരശേരി ചുരം ഒഴിവാക്കാമെന്നതാണ് ഏറ്റവും വലിയ മെച്ചം. 


ചുരത്തില്‍ കുടുങ്ങുന്നതും ഗതാഗതക്കുരുക്കും ഒഴിവാക്കാം. ഉരുള്‍പൊട്ടല്‍ കൂടി ഉണ്ടായതോടെ വയനാട്ടിലേക്കുള്ള സഞ്ചാരികളുടെ വരവ് പിന്നെയും കുറഞ്ഞു. എന്നാല്‍ തുരങ്കപാത വരുന്നതോടെ ഇതിനെല്ലാം മാറ്റം വരുമെന്നാണ് കരുതുന്നത്. അതുവഴി കൂടുതല്‍ തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കപ്പെടും.

പദ്ധതി പൂര്‍ത്തിയാകുന്നതോടെ താമരശ്ശേരി ചുരത്തിലെ തിരക്ക് ഒഴിവാകും, കോഴിക്കോട് - വയനാട് ഗതാഗതം സുഗമമാകും, യാത്രാസമയവും കുറയും.


Post a Comment

0 Comments