LATEST

6/recent/ticker-posts

പീരുമേട് എം.എൽ.എ വാഴൂർ സോമൻ അന്തരിച്ചു.

തിരുവനന്തപുരം : മുതിർന്ന സി.പി.ഐ നേതാവും പീരുമേട് എം.എൽ.എയുമായ വാഴൂർ സോമൻ അന്തരിച്ചു. 73 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ശാസ്തമംഗലത്തെ ശ്രീരാമകൃഷ്ണൻ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

തിരുവനന്തപുരത്ത് നടന്ന പാർട്ടി യോഗത്തിനിടെ വാഴൂർ സോമൻ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ റവന്യൂ മന്ത്രി കെ. രാജന്‍റെ വാഹനത്തിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

മൃതശരീരം സി.പി.ഐ ആസ്ഥാനമായ എം.എൻ. സ്മാരകത്തിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് രാത്രിയോടെ വണ്ടിപ്പെരിയാറിലെ വീട്ടിലേക്ക് മൃതശരീരം കൊണ്ടുപോകും. കോട്ടയം വാഴൂർ സ്വദേശിയാണ്.

2021ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ സിറിയക് തോമസിനെ 1,835 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് വാഴൂർ സോമൻ നിയമസഭയിലെത്തിയത്.

സി.പി.ഐ തൊഴിലാളി സംഘടനയായ എ.ഐ.ടി.യു.സിയുടെ സമുന്നത നേതാവായിരുന്നു വാഴൂർ സോമൻ. തൊഴിലാളികൾക്കൊപ്പം നിന്ന് ഇടുക്കി ജില്ലയിൽ സംഘടന കെട്ടിപ്പടുക്കാൻ ശ്രമിച്ച നേതാവാണ്. തൊഴിലാളി സമരങ്ങളിൽ പങ്കെടുത്ത് നിരവധി തവണ പൊലീസിന്‍റെ മർദനമേറ്റിട്ടുണ്ട്. ഇതിന്‍റെ ശാരീരിക പ്രശ്നങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നു.

Post a Comment

0 Comments