പുല്ലൂരാംപാറ : മദ്യവും വിവിധ ന്യൂജെൻ രാസലഹരികളും സർവ്വനാശം വിതച്ചു കൊണ്ട് സംഹാര താണ്ഡവമാടുമ്പോൾ ലഹരി വിരുദ്ധ പ്രവർത്തനം സമൂഹത്തിന്റെ ആവശ്യമാണെന്ന് താമരശ്ശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു.
കെ സി ബി സി ലഹരി വിരുദ്ധ സമിതി താമരശ്ശേരി രൂപതാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ മേൽനോട്ടത്തിൽ ലഹരി രഹിത പുതുതലമുറയെ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്കൂളുകളിൽ പ്രവർത്തിക്കുന്ന വ്യക്തിത്വ വികസന ക്ലബ്ബിന്റെ രൂപതാ അവാർഡ് ദാനവും പ്രതിഭാസംഗമവും ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുക യായിരുന്നു ബിഷപ്.
സ്കൂളുകളിലെ വ്യക്തിത്വ വികസന ലഹരി വിരുദ്ധ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും വിദ്യാർത്ഥികളിലും സമൂഹത്തിലും നന്മയുടെ വിത്ത് പാകുന്നതാണെന്നും ബിഷപ് അഭിപ്രായപ്പെട്ടു. പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ വെച്ച് നടത്തിയ സമ്മേളനം താമരശ്ശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്യുകയും അവാർഡുകൾ വിതരണം ചെയ്യുകയും ചെയ്തു.
രൂപതാ സാഹിത്യോത്സവ വിജയികൾക്കും ചാമ്പ്യൻഷിപ്പ് നേടിയ സ്കൂളുകൾക്കും മികച്ച വ്യക്തിത്വ വികസന ക്ലബ്ബുകൾക്കും യു പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായി ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ചവർക്കാണ് അവാർഡുകൾ നൽകിയത്. ലഹരി വിരുദ്ധ സമിതി രൂപതാ പ്രസിഡന്റ് കുര്യൻ ചെമ്പനാനി സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു.
രൂപതാഡയറക്റ്റർ ഫാദർ ജിന്റോ മച്ചുഴിയിൽ ആമുഖ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ സുനിൽ ജോസഫ്, സാഹിത്യോത്സവം ജനറൽ കൺവീനർ കെ സി ജോസഫ്, യു പി സ്കൂൾ ഹെഡ് മാസ്റ്റർ സിബി കുര്യാക്കോസ്, പി ടി എ പ്രസിഡന്റ് വിത്സൻ താഴത്തു പറമ്പിൽ , വ്യക്തിത്വ വികസന ക്ലബ്ബ് കോ ഓർഡിനേറ്റർ ടി ടി തോമസ്, സംസ്ഥാന സെക്രട്ടറി റോയി ജോസ് , വിദ്യാർത്ഥി പ്രതിനിധി ക്രിസ് ബി ഫ്രാൻസീസ്, സിസ്റ്റർ ഗീത സി എം സി എന്നിവർ പ്രസംഗിച്ചു.
ഹെഡ് മാസ്റ്റർ ജോളി ഉണ്ണ്യേപ്പിള്ളിൽ , ലഹരി വിരുദ്ധ സമിതി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പി വി ജോൺ, ജോയിക്കുട്ടി ലൂക്കോസ്, അദ്ധ്യാപകരായ ജുബിൻ അഗസ്റ്റിൻ, ജിൻസി പി വർഗീസ്, സോളി ജോർജ് , സിസ്റ്റർ സെലിൻ, ഷിബി അഗസ്റ്റിൻ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.

0 Comments