LATEST

6/recent/ticker-posts

മദ്യനയക്കേസ്: കേജ്‌രിവാളും സിസോദിയയും കുറ്റവിമുക്തർ; ‘സത്യം ജയിച്ചു’: പൊട്ടിക്കരഞ്ഞ് കേജ്‍രിവാൾ.



ന്യൂഡൽഹി : ഡൽഹി രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ മദ്യനയക്കേസിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും കുറ്റവിമുക്തർ. ഇരുവരെയും പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കിയ ഡൽഹി റൗസ് അവന്യൂവിലെ പ്രത്യേക സിബിഐ കോടതി, അന്വേഷണം നടത്തിയ സിബിഐയ്ക്കെതിരെ ശക്തമായ വിമർശനം നടത്തുകയും ചെയ്തു. 

തെളിവില്ലാത്ത കേസിൽ ഉൾപ്പെടുത്തിയതെന്തിനെന്ന് കോടതി സിബിഐയോടു ചോദിച്ചു. സത്യം ജയിച്ചുവെന്ന് മാധ്യമങ്ങളോടു പറഞ്ഞ കേജ്‌രിവാൾ പൊട്ടിക്കരഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ചേർന്ന കെട്ടിച്ചമച്ച കേസാണിതെന്നും കേജ്‌രിവാൾ പറഞ്ഞു. അതേസമയം, പ്രത്യേക സിബിഐ കോടതിയുടെ വിധിക്കെതിരെ ഡൽഹി ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ സിബിഐ ഒരുങ്ങുകയാണ്.

താനും മനീഷ് സിസോദിയയും സത്യസന്ധരാണെന്ന് കേജ്‌രിവാൾ. കോടതി സമുച്ചയത്തിനു മുന്നിൽ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘‘സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ ഗൂഢാലോചനയ്ക്കു പിന്നിൽ പ്രവർത്തിച്ചത് മോദിയും അമിത് ഷായുമാണ്. ആംആദ്മി പാർട്ടിയുടെ ഏറ്റവും മുതിർന്ന അഞ്ച് നേതാക്കളെ അഴിക്കുള്ളിലാക്കി പാർട്ടിയെ ഇല്ലാതാക്കാനുള്ള ബിജെപിയുടെ നീക്കമായിരുന്നു അത്. 

സത്യം എപ്പോഴും വിജയിക്കും. ഞാൻ അഴിമതിക്കാരനല്ല. കേജ്‌രിവാളും സിസോദിയയും സത്യസന്ധരാണെന്ന് കോടതി പറഞ്ഞു. ഞങ്ങൾക്കെതിരെയുള്ള എല്ലാ കുറ്റങ്ങളും ഒഴിവാക്കി. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ ഞങ്ങൾക്ക് പൂർണ വിശ്വാസം ഉണ്ട്. മുഖ്യമന്ത്രിയെ വീട്ടിൽനിന്ന് പിടിച്ചുകൊണ്ടുപോയി ജയിലിൽ ഇടുകയായിരുന്നു. എന്റെ ജീവിതത്തിൽ സത്യസന്ധത മാത്രമേ ഞാൻ നേടിയിട്ടുള്ളു’’ – കേജ്‌രിവാൾ പറഞ്ഞു.

മദ്യനയ അഴിമതി കേസിൽ 23 പേരെയും പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കിയ ശേഷം ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ഭാര്യ സുനിത കേജ്‌രിവാളും ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഭാര്യ സീമ സിസോദിയയും മാധ്യമങ്ങളെ കാണുന്നു. ചിത്രം: രാഹുൽ ആർ പട്ടം/മനോരമ
മദ്യനയ അഴിമതി കേസിൽ 23 പേരെയും പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കിയ ശേഷം ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ഭാര്യ സുനിത കേജ്‌രിവാളും ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഭാര്യ സീമ സിസോദിയയും മാധ്യമങ്ങളെ കാണുന്നു. ചിത്രം: രാഹുൽ ആർ പട്ടം/മനോരമ

കെട്ടിപ്പിടിച്ച് സുനിതകോടതിവിധി കേട്ടശേഷം വീട്ടിലെത്തിയ കേജ്‌രിവാളിനെ ഭാര്യ സുനിത കെട്ടിപ്പിടിച്ചാണ് സ്വീകരിച്ചത്. മനീഷ് സിസോദിയയും ഒപ്പമുണ്ടായിരുന്നു. ഇരുവരുടെയും ഭാര്യമാർ മാധ്യമങ്ങളെ കണ്ടിരുന്നു. ‘‘ദൈവത്തോട് നന്ദി പറയുന്നു. അരവിന്ദ്‌ജി ഈ ജീവിതമത്രയും സത്യസന്ധതയോടെയാണ് ജീവിച്ചത്. 

പക്ഷേ ബിജെപിക്കാർ അദ്ദേഹത്തെയും കൂട്ടാളികളെയും ജയിലിലേക്ക് അയച്ചു. സത്യം ജയിക്കുമെന്നതിൽ വിശ്വാസമുണ്ടായിരുന്നു. ഞങ്ങൾക്കൊപ്പംനിന്ന എല്ലാവരോടും നന്ദി പറയുന്നു’’ – സുനിത കേജ്‌രിവാൾ പറഞ്ഞു.

Post a Comment

0 Comments