കോഴിക്കോട് : അടച്ചിട്ട വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘത്തിൽ ഉൾപ്പെട്ട രണ്ടുപേർ പയ്യോളിയിൽ പിടിയിൽ. കൊയിലാണ്ടിക്കും പയ്യോളിക്കും ഇടയിൽ ദേശീയപാതയ്ക്കരികിലെ വീടുകൾ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ മോഷണം. പകൽ സമയങ്ങളിൽ ആക്രിക്കച്ചവടവും സെപ്റ്റിക് ടാങ്ക് ക്ലീനിങ്ങുമാണ് ജോലി.
തമിഴ്‌നാട് സ്വദേശികളായ കാർത്തികേയൻ, കാർത്തി മുരുകേശൻ എന്നിവരാണ് പിടിയിലായത്. സംഘത്തിൽപ്പെട്ട ഒരാൾക്കൂടി പിടിയിലാകാനുണ്ട്.
ആൾത്താമസമില്ലാത്ത വീടുകൾ നോക്കിയാണ് കവർച്ച നടത്തുന്നത്. എട്ടോളം വീടുകളിൽ ഇത്തരത്തിൽ കവർച്ച നടത്തിയതായി പയ്യോളി പോലീസിന് മനസ്സിലായി. കഴിഞ്ഞ രണ്ടു മാസമായി ഇത്തരത്തിൽ ഇവർ കവർച്ച നടത്തുന്നുണ്ട്. പോലീസിനൊപ്പം നാട്ടുകാരും കള്ളന്മാരെ പിടികൂടാനുള്ള ശ്രമം നടത്തിയിരുന്നു.
ഇന്നലെ പുലർച്ചെ പോലീസിന്റെയും ജാഗ്രത സമിതിയുടെയും നിരീക്ഷണത്തിനിടയിലാണ് കവർച്ചക്കിടെ ഒരാൾ പിടിയിലായത്.
കവർച്ച നടന്ന സ്ഥലങ്ങളിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിലെല്ലാം ഒരു ഗുഡ്‌സ് ഓട്ടോ ഉണ്ടായിരുന്നു. ഈ ഗുഡ്‌സ് ഓട്ടോ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്. പകൽ സമയങ്ങളിൽ ആക്രി കച്ചവടവും സെപ്റ്റിക് ടാങ്ക് ക്ലീനിങ്ങും മറയാക്കിയായിരുന്നു കവർച്ച.

0 Comments