LATEST

6/recent/ticker-posts

ബംഗ്ലാദേശിൽ ബിഎൻപിക്ക് വൻ ഭൂരിപക്ഷം; ‘ഡാർക്ക് പ്രിൻസ്’ താരിഖ് റഹ്‌മാൻ പ്രധാനമന്ത്രിപദത്തിലേക്ക്



ധാക്ക : ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടി സർക്കാർ രൂപവത്കരണത്തിനൊരുങ്ങുകയാണ് ബിഎൻപി (ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി). പാർട്ടിയുടെ ആക്ടിങ് ചെയർമാനും മുൻപ്രധാനമന്ത്രി ഖാലിദ സിയയുടെ മകനുമായ താരിഖ് റഹ്‌മാനാണ് പ്രധാനമന്ത്രിപദത്തിലേക്ക് എത്തുക. അറുപതുവയസ്സുകാരനായ താരിഖ്, സിയയുടെ മൂത്തമകനാണ്. 

മുന്നൂറംഗ ജാതീയ സൻസദിൽ (ബംഗ്ലാദേശ് പാർലമെന്റ്) ഇരുന്നൂറിലധികം സീറ്റുകളിൽ ബിഎൻപിയാണ് വിജയിച്ചത്. വോട്ടെണ്ണൽ ചിലയിടങ്ങളിൽ പൂർത്തിയാകാൻ ബാക്കിയുണ്ട്.

ഹസീനയുടെ അവാമി ലീഗിനെ തിരഞ്ഞെടുപ്പിൽനിന്ന് വിലക്കിയതിനാൽ ബി.എൻ.പി.യും രാജ്യത്തെ ഏറ്റവും വലിയ ഇസ്‌ലാമിസ്റ്റ് പാർട്ടിയായ ജമാഅത്തെ ഇസ്‌ലാമി നയിക്കുന്ന മുന്നണിയും തമ്മിലായിരുന്നു പ്രധാന മത്സരം. ഹസീനയെ താഴെയിറക്കിയ പ്രക്ഷോഭം നയിച്ച ‘വിവേചനത്തിനെതിരേ വിദ്യാർഥികൾ’ എന്ന വിദ്യാർഥിസംഘടന പിന്നീട് രൂപവത്കരിച്ച നാഷണൽ സിറ്റിസൺസ് പാർട്ടി (എൻ.സി.പി.) ഈ മുന്നണിയുടെ നെടുംതൂണാണ്.

ബംഗ്ലാദേശിൽ ആദ്യ ഇസ്‌ലാമിക നേതൃത്വത്തിലുള്ള സർക്കാരുണ്ടാക്കുകയെന്ന ലക്ഷ്യവുമായാണ് ജമാഅത്തെ ഇസ്‌ലാമി കളത്തിലിറങ്ങിയത്. ഷെയ്ഖ് ഹസീനയുടെ ഭരണകാലത്ത് നിരോധിക്കപ്പെട്ട ഈ പാർട്ടി 2024ലെ പ്രക്ഷോഭത്തിനു പിന്നാലെയാണ് വീണ്ടും രാഷ്ട്രീയഅരങ്ങിലെത്തിയത്.

'ഡാർക്ക് പ്രിൻസ്' എന്നൊരു വിളിപ്പേരു കൂടിയുണ്ട് താരിഖ് റഹ്‌മാന്. ഖാലിദ സിയ രണ്ടാമത് പ്രധാനമന്ത്രിയായിരുന്ന 2001-06 കാലത്ത് അദ്ദേഹത്തിന്റെ സ്വാധീനശേഷി കുതിച്ചുയർന്നിരുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്. അക്കാലത്ത് ഹവാ ഭവനിലായിരുന്നു താരിഖിന്റെ ഓഫീസ് പ്രവർത്തിച്ചിരുന്നത്.എന്നാൽ, ആ ഇരുനിലക്കെട്ടിടം പലപ്പോഴും ഷാഡോ പിഎംഒ ആയിരുന്നെന്നാണ് അറിയപ്പെട്ടിരുന്നത്.

17 വർഷത്തെ വിദേശവാസത്തിനൊടുവിൽ 2025 ഡിസംബറിലാണ് താരിഖ് രാജ്യത്ത് മടങ്ങിയെത്തിയത്. 2008-ലാണ് രാഷ്ട്രീയ-നിയമസമ്മർദ്ദങ്ങൾക്കിടെ അദ്ദേഹം ചികിത്സയ്ക്കായി ലണ്ടനിലേക്ക് പോകുന്നത്. അഴിമതിക്കേസുകൾ, മുൻപ്രധാനമന്ത്രി ഷേയ്ഖ് ഹസീനയ്‌ക്കെതിരേ വധശ്രമത്തിന് ഗൂഢാലോചന നടത്തി തുടങ്ങി നിരവധി കേസുകൾ താരിഖിനെതിരേ ഉണ്ടായിരുന്നു. 

ഇതോടെ മാതൃരാജ്യത്തേക്കുള്ള അദ്ദേഹത്തിന്റെ മടങ്ങിവരവ് നീണ്ടു. സർക്കാർ മാറിയതിന് പിന്നാലെ പൂർവകാല കേസുകളിൽനിന്ന് അദ്ദേഹം വിമുക്തനാക്കപ്പെടുകയായിരുന്നു. ഇതോടെ നാടകീയമായ രാഷ്ട്രീയ തിരിച്ചുവരവിന് കളമൊരുങ്ങി.

ബംഗ്ലാദേശ് രാഷ്ട്രീയത്തിലെ അതികായ ആയിരുന്ന ഖാലിദ സിയ 2025 ഡിസംബർമാസത്തിലാണ് മരിച്ചത്. താരിഖ് റഹ്‌മാൻ ബംഗ്ലാദേശിലെത്തി വെറും അഞ്ചുദിവസത്തിന് ശേഷമായിരുന്നു ഇത്. ഷേയ്ഖ് ഹസീന പുറത്താക്കപ്പെട്ടതിനും ഇടക്കാല സർക്കാർ രൂപവത്കരിക്കപ്പെട്ടതിനും പിന്നാലെ നടന്ന പൊതുതിരഞ്ഞെടുപ്പിൽ ബിഎൻപിയുടെ സാരഥ്യം താരിഖ് റഹ്‌മാൻ ഏറ്റെടുത്തു. സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിലും സഖ്യസാധ്യതകൾ പഠിക്കുന്നതിലും നടപ്പാക്കുന്നതിലും അദ്ദേഹം ശ്രദ്ധ പുലർത്തുകയും ചെയ്തു. 

Post a Comment

0 Comments