കോഴിക്കോട് : വർഷം തോറും വിവിധ പ്രഖ്യാപനങ്ങളിൽ ഒതുങ്ങി നടപ്പിലാകാതെ നീണ്ടു പോയ മൊഫ്യൂസിൽ ബസ് സ്റ്റാൻഡിന് പുതുജീവൻ. നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന മൊഫ്യൂസിൽ ബസ് സ്റ്റാൻഡ് അടിമുടി പുതുക്കിപണിയാൻ 18 കോടിയുടെ വിശദ പദ്ധതി രേഖ (ഡി.പി.ആർ) തയ്യാറായി. പി.സി റഷീദ് ആൻഡ് അസോസിയേറ്റ്സ് സ്ഥാപനം സമർപ്പിച്ച ഡി.പി.ആറിന് കഴിഞ്ഞ ദിവസം ചേർന്ന് കൗൺസിൽ യോഗം അംഗീകാരം നൽകി. 2020 ൽ താത്പര്യ പത്രം ക്ഷണിച്ച് നടപടികൾ ആരംഭിച്ച പദ്ധതിയാണ് വിവിധ കാരണങ്ങളാൽ നീണ്ടു പോയത്.
2024-25 വാർഷിക ബജറ്റിൽ പുതിയ മൊഫ്യൂസൽ ബസ് സ്റ്റാൻഡ് നിർമാണത്തിനായി 45 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയതായാണ് അറിയിച്ചിരുന്നത്. ഇതിനായി ആർക്കിടെക്ടിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ, പുതിയ കൗൺസിൽ വന്നപ്പോൾ പദ്ധതിയിൽ ചില കൂട്ടിച്ചേർത്തലുകൾ ഉൾപ്പെടുത്തി 45 കോടി രൂപയിലേക്ക് ഉയർത്തി ബഡ്റ്റിലും 45 കോടി രൂപയുടെ പ്രഖ്യാപനം നടത്തി.
തുടർന്ന് ആർക്കിടെക്ട് വീണ്ടും ഡിസൈൻ - സമർപ്പിച്ചെങ്കിലും പിന്നീട് 27 കോടിയിലേക്കും 11 കോടിയിലേക്കും വീണ്ടും വെട്ടിച്ചുരുക്കി. ആറ് ഏക്കർ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന മൊഫ്യൂസിൽ ബസ് സ്റ്റാൻഡിൽ നിലവിൽ അഞ്ച് നിലകളിലായി ഏകദേശം 1,72.250 സ്വയർ ഫീറ്റ് വിസ്തൃതിയിലുള്ള തൊഴിലാളികളുമടക്കം പതിനായിരത്തിന് മുകളിൽ ആളുകൾ വന്നുപോവുന്നതും ജോലി ചെയ്യുന്നതുമായ ബസ് സ്റ്റാൻഡിൽ അടിസ്ഥാന സൗകര്യം പോലുമില്ലാത്ത സ്ഥിതിയാണ്.
യാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ എയർ കണ്ടിഷൻഡ് താമസ സൗകര്യം ആധുനിക രീതിയിലുള്ള ഫുഡ് കോർട്ട്, റസ്റ്റ് റൂംസ്, യൂട്ടിലിറ്റി ഷോപ്, കട മുറികൾ, കിയോസ്കുകൾ, ലിഫ്റ്റ് എസ്കലേറ്റർ, രാത്രികാല ദീർഘദൂര ബസ് ടെർമിനൽ, കോഴിക്കോടിന്റെ മുഖമുദ്രയായി ക്ലോക്ക് ടവർഎന്നിവ പദ്ധതിലുൾപ്പെടുത്തിയിട്ടുണ്ട്.
35 മീറ്റർ ഉയരത്തിലാണ് ക്ലോക്ക് ടവർ വിഭാവനം ചെയ്‌തത്. ഇതോടൊപ്പം 68 ബസ് ട്രാക്ക്, 22 ബസ് വെയ്റ്റിംഗ് ട്രാക്ക്, 1000 സ്ക‌്വയർ മീറ്റർ ബൈക്ക് പാർക്കിംഗ്, 172 കാർ പാർക്കിംഗ്, ഓട്ടോ ബേ എന്നിവയുമുണ്ട്.
രണ്ടാം നിലയിലാണ് കാർ പാർക്കിംഗ്. ഇവിടെ ഇലക്ട്രിക്കൽ കാർ ചാർജ് ചെയ്യുവാനും ചെറിയ തരത്തിലുള്ള റിപ്പയർ ഷോപ്പുകളുമുണ്ടാകും റുപ്ടോപ്പിൽ സോളാർ എനർജി പ്രൊഡക്ഷൻ യൂണിറ്റുമുണ്ട്.
പുരുഷന്മാർക്കും സ്ത്രീകൾക്കും പണം കൊടുത്ത ഉപയോഗിക്കാവുന്ന ശൗചാലയം, ഭിന്നലിംഗക്കാർക്കുള്ള ശൗചാലയം, ഫീഡിംഗ് റൂം, ഇലക്ട്രിക്കൽ റൂം, കെട്ടിടത്തിൽ ഫയർ പ്രൊട്ടക്ഷൻ സംവിധാനങ്ങൾ, പൊലീസ് കണ്ട്രോൾ റൂം വനിത ഹെല്പ് ഡെസ്ക് ചൈൽഡ് ഹെല്പ് ഡെസ്ക് എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
18 കോടി ചെലവിൽ പുതിയ ബസ്റ്റാൻഡ് പുതുക്കിപണിയുന്നതിന് മുന്നോടിയായി ബസ് സ്റ്റാൻഡിൽ അടിയന്തര അറ്റകുറ്റപ്പണികളും നവീകരണ പ്രവർത്തനങ്ങളും ഉടൻ ആരംഭിക്കും. 2025–26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപ ചെലവിലാണ് പദ്ധതിയാണ് നടപ്പാക്കുന്നത്. ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ പരിപാലനം, അടിസ്ഥാന സൗകര്യ വികസനം, കെട്ടിടത്തിലെ ചോർച്ചകൾ പരിഹരിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് നടത്തുക.
നിലവിലുള്ള ടോയ്ലറ്റ് നവീകരിക്കുകയും ജീവനക്കാർക്കായി പുതിയ ടോയ്ലറ്റ് നിർമ്മിക്കുകയും ചെയ്യും. കൂടാതെ സെപ്റ്റിക് ടാങ്കും വെള്ളം ലഭ്യമാക്കാൻ വാട്ടർ ടാങ്കും സ്ഥാപിക്കും. തീപിടിത്തത്തിന് ശേഷം ഇലക്ട്രിക്കൽ പാനലുകൾ സംരക്ഷിക്കാൻ പ്രത്യേക പാനൽ റൂം നിർമ്മിക്കാനും പദ്ധതിയുണ്ട്. കേടായ ടൈലുകൾ മാറ്റി പുതിയവ വിരിക്കും. പുതിയ ഇരിപ്പിടങ്ങളൊരുക്കും. മുകളിൽ നിന്ന് മാലിന്യം താഴേക്ക് വീഴുന്നത് തടയാൻ വിവിധ നിലകളിൽ ഗ്രിൽ സ്ഥാപിക്കുന്നതും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പദ്ധതി നടത്തിപ്പിന് കരാർ നൽകി.

0 Comments