തിരുവമ്പാടി : അഗസ്ത്യൻമുഴി – കൈതപ്പൊയിൽ റോഡിലെ പയ്യടിമുക്ക് തോട്ടിലേക്ക് (ഒരപ്പുതോട്) തുടർച്ചയായി രണ്ടു ദിവസങ്ങളിലായി രാത്രിയുടെ മറവിൽ സാമൂഹ്യവിരുദ്ധർ കക്കൂസ് മാലിന്യം തള്ളി. വാഹനം റോഡരികിൽ നിർത്തി തോട്ടിലേക്ക് മാലിന്യം ഒഴുക്കുന്നതായാണ് വിവരം.
കക്കൂസ് മാലിന്യം തോട്ടിലൂടെ ഒഴുകി ഇരുവഞ്ഞിപ്പുഴയിലേക്ക് എത്തുന്നതിനാൽ നിരവധി കുടിവെള്ള പദ്ധതികൾക്ക് മലിനീകരണ ഭീഷണി ഉയർന്നിരിക്കുകയാണ്. ദുർഗന്ധം മൂലം പ്രദേശവാസികൾ ദുരിതത്തിലാണെന്നും പരാതിയുണ്ട്. ജില്ലയിൽ ഷിഗെല്ല, മഞ്ഞപ്പിത്തം, വയറിളക്കം തുടങ്ങിയ ജലജന്യ രോഗങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.
കുടിവെള്ളം ക്ലോറിനേറ്റ് ചെയ്യുകയും തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കണമെന്നും നിർദേശമുണ്ട്.
പൊതുജലാശയങ്ങളിലേക്ക് മാലിന്യം തള്ളുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്. ശരത് ലാലും മെഡിക്കൽ ഓഫീസർ ഡോ. കെ. വി. പ്രിയ എന്നിവർ പറഞ്ഞു.
സംഭവസ്ഥലം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സ്മിത ബാബു, കെ.ബി. റിനി, ഹെൽത്ത് ഇൻസ്പെക്ടർ എം. സുനീർ, പി.എച്ച്.ഐ അയന എസ്.എം, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് മുസ്തഫ ഖാൻ, ആശാ പ്രവർത്തകർ എന്നിവർ സന്ദർശിച്ച് അണുനശീകരണം നടത്തി.

0 Comments