LATEST

6/recent/ticker-posts

തിരുവമ്പാടിയിൽ ലോക ഗ്ലോക്കോമ വാരാചരണം - ജില്ലാതല ഉദ്ഘാടനവും നേത്രപരിശോധന ക്യാമ്പും സംഘടിപ്പിച്ചു.




തിരുവമ്പാടി : ലോക ഗ്ലോക്കോമ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ സംഘടപ്പിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിതിൻ പല്ലാട്ട് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻറ് പി ആർ അജിത അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ലതിക വി ആർ മുഖ്യപ്രഭാഷണം നടത്തി.
   
തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കെ വി പ്രിയ സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ബിന്ദു ജോൺസൺ, വാർഡ് മെമ്പർമാരായ സ്മിത ബാബു, സജ്ന മുഹമ്മദലി, കെ ബി റിനി, മറിയമ്മ ബാബു, മുൻ വാർഡ് മെമ്പർ കെ എം മുഹമ്മദലി, ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ ഡോ. ഭവില, ജില്ലാ ഒഫ്താൽമിക് കോർഡിനേറ്റർ മനോജ് കുമാർ, പി കെ ഷൈനി, ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ, ഒപ്ടോമെട്രിസ്റ്റ് എ ബിജീഷ്, മൻസൂർ അമ്പിളി, ജിസ്ന എന്നിവർ ചടങ്ങിൽ സംസാരിച്ചു.
ദിനാചരണത്തിൻ്റെ ഭാഗമായി പോസ്റ്റർ പ്രദർശനം, റിബൺ ക്യാമ്പയിൻ എന്നിവയും നടന്നു.

 തുടർന്ന് കോഴിക്കോട് ജനറൽ ആശുപത്രി നേത്രരോഗ വിഭാഗം സർജൻ ഡോ. ചിത്ര ബോധവൽക്കരണ ക്ലാസ് എടുത്തു. ജില്ലാ അന്ധത നിയന്ത്രണ യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച നേത്ര പരിശോധന ക്യാമ്പിൽ 112 പേർ പങ്കെടുത്തു.

 ഗ്ലോക്കോമ അറിയാം പ്രതിരോധിക്കാം 

ഒരു ലക്ഷണങ്ങളും കാണിക്കാതെ, കണ്ണുകളെ ബാധിക്കുകയും കാഴ്ചശക്തി പൂര്‍ണമായി നഷ്ടപ്പെടാൻ ഇടയാക്കുകയും ചെയ്യുന്ന നേത്ര രോഗമാണ് ഗ്ലോക്കോമ.
രോഗത്തിന്റെ ആരംഭത്തില്‍ തന്നെ ചികിത്സ നേടിയാൽ കാഴ്ചക്കുറവ് തടയുകയോ മന്ദഗതിയിലാക്കുകയോ ചെയ്യാം.

കാഴ്ചയുടെ നിശബ്ദ കൊലയാളിയാണ് 
ഗ്ലോക്കോമ .മറ്റു നേത്രരോഗങ്ങളെ പോലെ ഗ്ലോക്കോമ തുടക്കത്തിൽ തിരിച്ചറിയാൻ കഴിയണമെന്നില്ല. നേത്രനാഡികൾക്കുണ്ടാകുന്ന തകരാറാണ് ഗ്ലോക്കോമയുടെ പ്രധാന കാരണം. ഗ്ലോക്കോമ സ്ഥിരമായ കാഴ്ച നഷ്ടം ഉണ്ടാക്കാൻ ഇടയുള്ള ഒരു നേത്രരോഗമാണ്.

കണ്ണിനു മുൻപിൽ മഴവില്ല് പോലെ നിറങ്ങൾ കാണുക ,കണ്ണിന് ചുവപ്പ്, പെട്ടെന്ന് വേദനയോടുകൂടിയ കാഴ്ചക്കുറവ് അനുഭവപ്പെടുക, സ്ഥിരമായ തലവേദന കണ്ണിനു ചുറ്റുമുള്ള വശങ്ങളിലെ കാഴ്ച കുറയുക, അവസാന ഘട്ടങ്ങളിൽ ഒരു കുഴലിലൂടെ നോക്കുമ്പോൾ കാണുന്ന കാഴ്ച മാത്രമാകുന്നു എന്നിവ ചില രോഗലക്ഷണങ്ങളാണ്. 40 വയസ്സിന് മുകളിൽ പ്രായമുള്ളവർ നിശ്ചയമായും ഗ്ലോക്കോമ പരിശോധനയ്ക്ക് വിധേയമാകേണ്ടതാണ്. പ്രമേഹം, രക്താതിമർദ്ദം, ഹ്രസ്വ ദൃഷ്ടി, ദീർഘദൃഷ്ടി കണ്ണിന് പരിക്ക് ഉണ്ടായവർ ദീർഘകാല സ്റ്റീറോയിഡ് മരുന്ന് കഴിക്കുന്നവർ തുടങ്ങിയവർ കണ്ണിൻറെ പരിശോധന കൃത്യമായി നടത്തേണ്ടതാണ്.
ഒപ്റ്റോമെട്രിസ്റ്റിന്റെ സേവനം ലഭ്യമാകുന്ന എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും കണ്ണിൻ്റെ മർദ്ദം പരിശോധിക്കാനുള്ള സംവിധാനങ്ങളുണ്ട്. കണ്ണിൻ്റെ മർദ്ദം പരിശോധിച്ചതിനുശേഷം നിർദ്ദേശങ്ങൾ അനുസരിച്ച് തുടർ പരിശോധനകൾക്ക് വിധേയമാകണം.

ഗ്ലോക്കോമയെ കുറിച്ച് ബോധവത്ക്കരണം നടത്തുന്നതിനായി മാര്‍ച്ച് 8 മുതല്‍ 14 വരെ ലോക ഗ്ലോക്കോമ വാരമായി ആചരിക്കുന്നു. 'ഗ്ലോക്കോമ വിമുക്ത ലോകത്തിന്നായി ഒന്നിക്കാം' എന്നതാണ് ഇത്തവണത്തെ വാരാചരണ സന്ദേശം.

Post a Comment

0 Comments