തിരുവമ്പാടി : സിപിഎം സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിച്ചതോടെ തിരുവമ്പാടിയിൽ സിറ്റിംഗ് എം എൽ എയായ ലിന്റോ ജോസഫ് തന്നെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി വീണ്ടും മത്സരത്തിനിറങ്ങും. ഇതോടെ മണ്ഡലത്തിൽ പോരാട്ടം ശക്തമാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
2021ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ആദ്യമായി മത്സരിച്ച ലിന്റോ ജോസഫ്, വോട്ടുശതമാനം ഉയർത്തി 67,867 വോട്ടുകൾ നേടി വിജയിച്ചിരുന്നു. യു.ഡി.എഫ് സ്ഥാനാർഥിയായ സി പി ചെറിയ മുഹമ്മദ് 62,324 വോട്ടുകളാണ് നേടിയത്. 4,643 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ലിന്റോ ജോസഫ് വിജയം കൈവരിച്ചത്.
ഇത്തവണ മലയോര മണ്ഡലമായ തിരുവമ്പാടിയിൽ വോട്ടർമാരുടെ മനോഭാവം പ്രവചനാതീതമാണ്. ചതുരംഗക്കളത്തിലെ കരുനീക്കങ്ങൾ പോലെ വിവിധ പാർട്ടികൾ തന്ത്രങ്ങൾ ഒരുക്കിക്കൊണ്ടിരിക്കെ, സംസ്ഥാനത്തിന്റെ ശ്രദ്ധ ആകർഷിക്കുന്ന ശക്തമായ മത്സരത്തിനാണ് മണ്ഡലം ഒരുങ്ങുന്നത്.
ഇതിനിടെ യു.ഡി.എഫ് സ്ഥാനാർത്ഥി നിർണ്ണയം അന്തിമഘട്ടത്തിലാണ്. മുസ്ലിം ലീഗിന്റെ ശക്തമായ സ്വാധീനമുള്ള മണ്ഡലമായിരുന്നിട്ടും, സഭയുടെ താൽപ്പര്യങ്ങൾ പരിഗണിച്ച് സീറ്റ് കോൺഗ്രസിന് വിട്ടുകൊടുക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നതായി അറിയുന്നു. ഇതിനെതിരെ പ്രാദേശിക ലീഗ് നേതൃത്വത്തിനിടയിൽ അതൃപ്തിയും നിലനിൽക്കുന്നു.
മണ്ഡലം പ്രസിഡന്റ് സി.കെ. കാസിം ഉൾപ്പെടെ നിരവധി പേർ സ്ഥാനാർത്ഥിത്വം പ്രതീക്ഷിച്ച് രംഗത്തുണ്ടായിരുന്നു. എന്നാൽ, ഇത് നിർണായകമായ തിരഞ്ഞെടുപ്പായതിനാൽ നേതൃത്വത്തിന്റെ തീരുമാനത്തെ അണികൾ അംഗീകരിക്കുമെന്നാണു യു.ഡി.എഫ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

0 Comments