ഇറാൻ : പരമോന്നത നേതാവായി ആയത്തുല്ല അലി ഖാംനഈയുടെ മകൻ മുജ്‌തബ ഖാംനഈയെ തെരഞ്ഞെടുത്തെന്ന വാർത്തകൾ പുറത്തുവന്നതിനെ തുടർന്ന് വീണ്ടും ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. യു.എസ് അനുമതിയില്ലാതെ തെരഞ്ഞെടുക്കപ്പെടുന്നയാൾ അധികകാലം അധികാരത്തിൽ തുടരില്ലെന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്.
ഇറാന്റെ അടുത്ത പരമോന്നത നേതാവിന്റെ തെരഞ്ഞെടുപ്പിൽ അമേരിക്കയ്ക്ക് സ്വാധീനം ചെലുത്താനാകുമെന്ന് ട്രംപ് പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. “വാഷിങ്ടണിന്റെ അനുമതിയില്ലാതെ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് അധികനാൾ വാഴാൻ സാധിക്കില്ല” എന്നായിരുന്നു ട്രംപിന്റെ പ്രസ്താവന.
ഇറാന്റെ പുതിയ പരമോന്നത നേതാവായി മുജ്‌തബ ഖാംനഈയെ തെരഞ്ഞെടുത്തെന്ന വാർത്ത ഇറാനിയൻ മാധ്യമങ്ങൾ പുറത്തുവിടുന്നതിന് തൊട്ടുമുൻപാണ് ട്രംപിന്റെ ഈ ഭീഷണി വീണ്ടും ഉയർന്നത്.
അതേസമയം, ട്രംപിന്റെ പ്രസ്താവനയ്ക്ക് ശക്തമായ മറുപടിയുമായി ഇറാൻ പാർലമെന്റ് സ്പീക്കർ രംഗത്തെത്തി. “ഞങ്ങളുടെ രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്നത് എപ്സ്റ്റീൻ സംഘമല്ല” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇറാന്റെ ആഭ്യന്തര കാര്യങ്ങളിൽ വിദേശ ശക്തികൾ ഇടപെടുന്നത് അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിന്റെ നേതൃത്വത്തെ കുറിച്ചുള്ള തീരുമാനങ്ങൾ ഇറാന്റെ ഭരണഘടനയും മതനേതൃത്വ സംവിധാനവും അനുസരിച്ചായിരിക്കുമെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.

0 Comments