LATEST

6/recent/ticker-posts

കരുനാഗപ്പള്ളിയില്‍ പട്ടാപ്പകല്‍ അരുംകൊല; കൊലക്കേസ് പ്രതിയെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തി.




കൊല്ലം : കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. ജിം സന്തോഷ് വധക്കേസിലെ ഒന്നാം പ്രതി അലുവ അതുലാണ് കൊല്ലപ്പെട്ടത്. ജാമ്യത്തിലിറങ്ങിയ ശേഷം സ്റ്റേഷനിൽപോയി മടങ്ങുകയായിരുന്നു അതുൽ. കാറിലെത്തിയ സംഘം അതുൽ സഞ്ചരിച്ച കാറിനെ ഇടിച്ചു കുഴിയിലേക്ക് ഇട്ടു. പിന്നീട് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. 2025 മാർച്ച് 27നാണ് പടനായർകുളങ്ങര വടക്ക് കെട്ടിശ്ശേരിൽ കിഴക്കതിൽ വീട്ടിൽ എ.സന്തോഷ് കുമാറെന്ന ജിം സന്തോഷ് കൊല്ലപ്പെട്ടത്.

പുലർച്ചെ വടിവാളും കമ്പിപ്പാരയും ഉൾപ്പെടെയുള്ള ആയുധങ്ങളുമായി കാറിൽ എത്തിയ സംഘം ആദ്യം സന്തോഷിന്റെ മാതാവ് ഓമന കിടന്ന മുറിയുടെ കതക് വെട്ടിപ്പൊളിച്ച് ഉള്ളിൽ കടന്നു. ആ മുറിയിൽ സന്തോഷ് ഇല്ലെന്നറിഞ്ഞതോടെ സംഘം തൊട്ടടുത്ത മുറിയുടെ കതക് തകർത്ത് അകത്തു കയറി സന്തോഷിനെ ആക്രമിക്കുകയായിരുന്നു. അക്രമികൾ സ്ഫോടക വസ്തുക്കൾ മുറിയിൽ പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.

മാതാവിന്റെ മുന്നിൽ വച്ചായിരുന്നു അക്രമങ്ങളെല്ലാം. ശരീരത്തിന്റെ പലഭാഗത്തും വെട്ടേറ്റ സന്തോഷ്കുമാർ മരിച്ചെന്നു കരുതി സംഘം മടങ്ങി. ഇതിനു ശേഷം സന്തോഷ്കുമാർ തന്നെയാണ് ആംബുലൻസ് വിളിച്ചത്. ആംബുലൻസ് എത്തി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. 

സന്തോഷിന്റെ ഭാര്യ രമ്യയും മക്കളായ ഭഗതും വൈഗയും ഈ സമയം തഴവയിലെ വീട്ടിലായിരുന്നു. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള പകയാണ് കൊലപാതകത്തിൽ കലാശിച്ചത്. 

Post a Comment

0 Comments