LATEST

6/recent/ticker-posts

കാളിയാമ്പുഴ പാലം കോൺക്രീറ്റ് ചെയ്തു.




തിരുവമ്പാടി : ആനക്കാംപൊയിൽ റോഡ് നവീകരണത്തിന്റെ ഭാഗമായി പൊളിച്ച കാളിയാമ്പുഴ പാലം കോൺക്രീറ്റ് ചെയ്തു. 60 വർഷം മുൻപ് നാട്ടുകാരുടെ ജനകീയ കൂട്ടായ്മയിൽ നിർമിച്ച പാലം കഴിഞ്ഞ മാർച്ചിലാണ് പൊളിച്ചു നീക്കിയത്. പാലം പൊളിച്ചതിനെത്തുടർന്ന് മറുകരയിൽ എത്താൻ താത്കാലികമായി നടപ്പാലം നിർമിച്ചിരുന്നു. എന്നാൽ കനത്ത മഴയും വെള്ളപ്പാച്ചിലും ഉണ്ടായപ്പോൾ ആ നടപ്പാലം ഒലിച്ചുപോയി. തുടർന്ന് കരാർ കമ്പനിയായ ഊരാളുങ്കൽ വീണ്ടും നടപ്പാലം നിർമിച്ചു.

പാലം നിർമാണം ഇടക്കാലത്ത് മന്ദഗതിയിൽ ആയതോടെ പ്രദേശത്തെ സ്കൂൾ വിദ്യാർത്ഥികളും നാട്ടുകാരും ഏറെ ബുദ്ധിമുട്ടുകൾ നേരിട്ടു. ചുറ്റിവളഞ്ഞ് പോകേണ്ട അവസ്ഥയും ബസുകൾ ഓട്ടം നിർത്തിയതുമൂലം ജനങ്ങൾ ഏറെ യാത്രാദുരിതം അനുഭവിച്ചു.

പാലത്തിന്റെ കോൺക്രീറ്റ് പൂർത്തിയായതോടെ ഇരുവശങ്ങളിലുമുള്ള അനുബന്ധ റോഡുകൾ മണ്ണിട്ട് ഉയർത്തി ഒരു മാസം കഴിയുമ്പോൾ ഗതാഗതത്തിന് തുറന്ന് നൽകാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ തിരുവമ്പാടി–മരിപ്പുഴ റോഡ് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 108.314 കോടി രൂപ ചെലവഴിച്ചാണ് നവീകരണം നടത്തുന്നത്. 

2023-ൽ ആരംഭിച്ച റോഡ് നവീകരണത്തിന് രണ്ട് വർഷമാണ് കാലാവധി നിശ്ചയിച്ചിരുന്നത്. ഈ റോഡിൽ ആകെ നാല് പാലങ്ങളും 50 കലുങ്കുകളും നിർമിക്കേണ്ടതാണ്. അതിൽ കാളിയാമ്പുഴ പാലമാണ് ഇതുവരെ കോൺക്രീറ്റ് ചെയ്തത്. മുത്തപ്പൻപ്പുഴ പാലം ഇതിനകം പൊളിച്ചു നീക്കിയിട്ടുണ്ട്. ആനക്കാംപൊയിൽ, ഇരുമ്പകം പാലങ്ങൾ ഇനി പൊളിക്കാനുണ്ട്. 

റോഡ് നവീകരണം ആരംഭിക്കാത്ത ഭാഗങ്ങളും ഈ പാതയിൽ നിലനിൽക്കുന്നു. തിരുവമ്പാടി– ആനക്കാംപൊയിൽ റോഡ് നവീകരണം നടക്കുന്നതിനാൽ തുരങ്കപ്പാത നിർമാണത്തിനുള്ള യന്ത്രസാമഗ്രികൾ പുന്നയ്ക്കൽ വഴി പുല്ലൂരാംപാറയിലേക്ക് എത്തിച്ചാണ് ഇപ്പോൾ മറിപ്പുഴയിലേക്ക് കൊണ്ടുപോകുന്നത്.

Post a Comment

0 Comments