LATEST

6/recent/ticker-posts

അണികളിൽ ആവേശം നിറച്ച് മുഖ്യമന്ത്രി കോഴിക്കോട്ട്.




കോഴിക്കോട് : തിരഞ്ഞെടുപ്പ് ആവേശം അവസാന ലാപ്പിലേക്കടുത്തതോടെ മണ്ഡലങ്ങളിൽ പോരാട്ടച്ചൂടേറി. പലയിടത്തും സ്ഥാനാ‌ർത്ഥികൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. അണികളിൽ ആവേശമുയർത്തി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ജില്ലയിലെത്തിയത് പോരാട്ടവീര്യങ്ങൾക്ക് കൊഴുപ്പേകി. 

കടുത്ത മത്സരങ്ങൾ നടക്കുന്ന ബേപ്പൂർ, കുന്ദമംഗലം, കോഴിക്കോട് (സൗത്ത്, നോർത്ത്), നാദാപുരം, കുറ്റ്യാടി തുടങ്ങിയ ആറ് മണ്ഡലങ്ങളിലാണ് മുഖ്യമന്ത്രിയെത്തിയത്. ഓരോയിടങ്ങളിലും സ‌ർക്കാരിന്റെ മികവാർന്ന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പ്രസംഗിച്ചത്. 

രാവിലെ 10 മണിയോടെ കോഴിക്കോടെത്തിയ മുഖ്യമന്ത്രി സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ പ്രകടന പത്രിക പുറത്തിറക്കി വാർത്താസമ്മേളനവും നടത്തി. പതിനൊന്നരയോടെ ജില്ലയിലെ ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്ന ബേപ്പൂർ മണ്ഡലത്തിൽ പി.എ മുഹമ്മദ് റിയാസിന്റെ വിജയത്തിനായി ആദ്യ റാലിയിൽ പങ്കെടുത്തു. വലിയ ജനക്കൂട്ടമാണ് മുഖ്യമന്ത്രിയെ കാണാൻ ഒഴുകിയെത്തിയത്.

വൈകീട്ട് നാല് മണിയോടെ കുന്ദമംഗലത്ത് ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി പി.ടി.എ റഹീമിന്റെ റാലിയിലെത്തി. ഇവിടേയും സ്ത്രീകളടക്കം നൂറുകണക്കിനാളുകളാണ് ഒഴുകിയെത്തിയത്. സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞു . വൈകിട്ട് ബീച്ചിൽ മുഖ്യമന്ത്രി പങ്കെടുത്ത എൽ.ഡി.എഫ് പൊതുയോഗത്തിലും റാലിയിലും ജനങ്ങൾ ഇരച്ചെത്തി. 

റാലിയിൽ സി.പി.ഐ ജില്ലാ അസി. സെക്രട്ടറി പി.കെ നാസർ അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥികളായ തോട്ടത്തിൽ രവീന്ദ്രൻ, അഹമ്മദ് ദേവർ കോവിൽ, എൽ.ഡി.എഫ്‌ നേതാക്കളായ മുക്കം മുഹമ്മദ്‌, അഡ്വ. കെ പ്രകാശ്‌ ബാബു, പ്രൊഫ. മുഹമ്മദ്‌ സുലൈമാൻ, തസ്ലീം ഷാജഹാൻ, ഇ രവീന്ദ്രനാഥ്‌, എം.പി സൂര്യനാരായണൻ, പി.ടി ആസാദ്‌, ഒ.പി അബ്ദുറഹ്മാൻ, എം മെഹബൂബ്‌, എ പ്രദീപ്‌കുമാർ, വി വസീഫ്‌, സി.പി മുസാഫർ അഹമ്മദ്‌, പി നിഖിൽ, ഒ സദാശിവൻ, വേണുഗോപാലൻ നായർ തുടങ്ങിയവർ പങ്കെടുത്തു.

 അഞ്ചരയ്കക് മുൻപ് തന്നെ മുഖ്യമന്ത്രിയെത്തി. സദസിനെ അഭിവാദ്യം ചെയ്തതു. അര മണിക്കൂർ നീണ്ട പ്രസംഗത്തിൽ ഇടതു പക്ഷം എന്നും ജനങ്ങൾക്കൊപ്പമാണെന്ന അദ്ദേഹം ആവർത്തിച്ചു. പ്രസംഗത്തിന് ശേഷം വിദ്യാർത്ഥികൾ വരച്ച മുഖ്യമന്ത്രിയുടെ ചിത്രം അദ്ദേഹത്തിന് കെെമാറി. രാത്രി പുറമേരിയിൽ നടന്ന പരിപാടിയിലും അദ്ദേഹം പങ്കെടുത്തു.

Post a Comment

0 Comments