LATEST

6/recent/ticker-posts

കൊലപാതകം; ഉത്തരം കിട്ടാതെ ഒട്ടേറെ ചോദ്യങ്ങൾ,വൈരാഗ്യബുദ്ധി കെടുത്തിയത് നസ്രീനയുടെ ഡോക്ടർ സ്വപ്‌നം.




കോഴിക്കോട് : അദ്നാന്റെ പഠനവൈകല്യത്തെയും പെരുമാറ്റദൂഷ്യത്തെയും അവനൊപ്പം ചേർന്നു നിന്ന് പരിഹരിക്കാനുള്ള കഠിനപരിശ്രമം നടത്തുന്നതിനിടെയാണ് വൈരാഗ്യബുദ്ധി മൂഴിക്കലിലെ വീട്ടിൽ ദുരന്തംവിതച്ചത്. ഇരട്ടമരണത്തോടൊപ്പം പൂതംകുഴിമീത്തലെ വീട്ടിൽ ചൊവ്വാഴ്ച പുലർച്ചെ പൊലിഞ്ഞത് അവിടത്തെ മൂത്തമകൾ നസ്രീനയുടെ ഡോക്ടർ സ്വപ്നംകൂടിയാണ്.

മലബാറിലെ അറിയപ്പെടുന്ന ബാരൽ റിപ്പയറിങ് വ്യവസായിയായ സി.പി. ഹംസയുടെയും സഫിയയുടെയും പേരമക്കളായ നസ്രീനയ്ക്കും അദിനാനും ഇടയിൽ വൈരാഗ്യം ശക്തിപ്പെട്ടിട്ട് നാലുമാസമേ ആയിട്ടുള്ളൂ.

പഠനമികവിന്റെ കുറവുകൊണ്ടും ചില പെരുമാറ്റദൂഷ്യങ്ങൾകൊണ്ടും തലവേദനയായിത്തുടങ്ങിയ അദിനാനെ നല്ലവഴിക്ക് കൊണ്ടുവരാനാണ് കൊളത്തറയിലെ വീട്ടിൽനിന്ന് മൂഴിക്കലിലെ പൂതംകുഴിമീത്തലെ വീട്ടിലേക്ക് കൊണ്ടുവന്നത്. പഠനം തുടരുന്നതിനായി അദിനാനെ മർക്കസ് ഐ.ടി.ഐ.യിൽ ചേർക്കുകയും ചെയ്തു.

നിസാർ വിദേശത്തായതുകൊണ്ട് ഹംസയ്ക്ക് ഒരുകൈ സഹായമായി അദിനാൻ ഇവിടെ ഉണ്ടാകുമെന്നും എല്ലാവരും കരുതി. അതുകൊണ്ടുതന്നെ ഈ വീട്ടിൽ നിസാർ-റംസീന ദമ്പതിമാരുടെ മക്കൾക്കുള്ള അതേസൗകര്യങ്ങളും അധികാരങ്ങളും അദിനാന് ലഭിച്ചു. ഇത് ചൂഷണംചെയ്ത് വീട്ടിൽനിന്ന് പലപ്പോഴായി 40,000 രൂപ മോഷ്ടിച്ചുവെന്നത് നസ്രീന കണ്ടെത്തി. ഇതറിഞ്ഞ് ഹംസ ഇടപെട്ട് അദിനാനെ കൊളത്തറയിലെ വീട്ടിലേക്ക് മടക്കിയയച്ചു.

പഠന മികവു കൊണ്ടും കാര്യപ്രാപ്തികൊണ്ടും ചെറുപ്പത്തിലേ മിടുക്കിയായ നസ്രീനയോട് നേരത്തേ അദിനാന് നീരസമുണ്ടായിരുന്നു. പത്താം ക്‌ളാസ് പരീക്ഷ മികവോടെ എഴുതിയ നസ്രീന പരീക്ഷഫലം വരുംമുൻപുതന്നെ തുടർപഠനത്തിനുള്ള ഒരുക്കങ്ങൾ നടത്തി.

വേങ്ങരയിലെ ഒരു സ്ഥാപനത്തിൽച്ചേർന്ന് മെഡിസിൻ എൻട്രൻസ് കോച്ചിങ്ങും പ്‌ളസ്ടു പഠനവും ഒന്നിച്ച് നടത്താനാണ് തീരുമാനിച്ചത്. കഴിഞ്ഞദിവസം ഇവിടെ ഫീസടച്ച് പ്രവേശനം നേടുകയും ചെയ്തു.

കൊലപാതകത്തെക്കുറിച്ചും ആത്മഹത്യയെക്കുറിച്ചും നാട്ടുകാരെപ്പോലെത്തന്നെ അന്വേഷണസംഘത്തിനുമുന്നിലും ഒട്ടേറെ ചോദ്യങ്ങൾ ഉത്തരം കിട്ടാതെയുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് കൊലയ്ക്കുശേഷം അദിനാൻ താഴത്തെ മുറിയിൽ, ഉമ്മൂമ്മ സഫിയ കിടക്കുന്ന മുറിയിൽ എത്തിയത്. അവിടെ താക്കോൽ എന്തിന് എടുക്കാൻ ശ്രമിച്ചുവെന്നത് വീണ്ടും ഒരു മോഷണശ്രമം അവിടെ നടത്താൻ ശ്രമിച്ചതിന്റെ തെളിവായി സംശയിക്കുന്നു. 

കൊലയ്ക്കുശേഷവും ഏറെനേരം അദിനാൻ അവിടെ പലമുറികളിലായി ചെലവിട്ടിട്ടുണ്ട്. രണ്ടുമുറികളിൽ എ.സി. പ്രവർത്തിപ്പിച്ചതും അദിനാൻ തന്നെയാണെന്ന് സംശയമുണ്ട്. അദിനാൻ ആത്മഹത്യക്ക് തിരഞ്ഞെടുത്ത മാർഗവും സാധാരണമല്ലാത്തതാണ്. പാക്കിങ്ങിന് ഉപയോഗിക്കുന്ന വീതിയേറിയ പ്ലാസ്റ്റർ, മൂക്കും വായയും കണ്ണും മൂടു ന്ന രീതിയിൽ തലയ്ക്കുചുറ്റും വരിഞ്ഞ് ഒട്ടിച്ചു. ഇങ്ങനെചെയ്യാൽ ശ്വാസതടസ്സം ഉണ്ടാകുമ്പോൾ തനിയെ ഇതെല്ലാം വലിച്ച് ഒഴിവാക്കില്ലെയെന്നാണ് പലരുടെയും സംശയം. 

എന്നാൽ, പശിമകൂടുതലുള്ള ഈ പാക്കിങ് സ്റ്റിക്കർ പെട്ടെന്ന് പറിച്ചെടുക്കാനാകില്ലയെന്ന് ശാസ്ത്രീയസംഘം വിലയിരുത്തുന്നു. വീടിനുചുറ്റും സി.സി.ടി.വി. ക്യാമറകൾ ഉണ്ടെങ്കിലും ഒറ്റ ക്യാമറയിൽ മാത്രമാണ് അദിനാൻ മുറ്റത്തേക്കുവരുന്ന ദൃശ്യമുള്ളത്. അത് ഉടൻതന്നെ തിരിച്ചുവെക്കുകയും ചെയ്തിരുന്നു.

വിവരമറിഞ്ഞ് മേയർ ഒ. സദാശിവൻ രാവിലെത്തന്നെ സ്ഥലത്തെത്തി. അന്വേഷണത്തിന് നേതൃത്വം നൽകാൻ കമ്മിഷണർ മെറിൻ ജോസഫ്, ഡെപ്യൂട്ടി കമ്മിഷണർ പഥം സിങ്, മെഡിക്കൽ കോളേജ് അസി. കമ്മിഷണർ കെ.എം. ബൈജു, ചേവായൂർ ഇൻസ്‌പെക്ടർ ടി. മഹേഷ്, എസ്.ഐ.മാരായ വി.കെ. അലിയാസ്, രാംകുമാർ, അബ്ദുറഹ്‌മാൻ എന്നിവർ സ്ഥലത്തെത്തി. തെളിവ് ശേഖരിക്കാൻ ഫൊറൻസിക് സംഘം, വിരളടയാള വിദഗ്ധർ, ഡോഗ് സ്‌ക്വാഡ് എന്നിവരും സ്ഥലത്തെത്തി.

സ്വഭാവദൂഷ്യം വീട്ടുകാരെ അറിയിച്ചതിന്റെ വൈരാഗ്യംമൂലം മാതാവിന്റെ സഹോദരിയുടെ മകളെ കഴുത്ത് ഞെരിച്ചുകൊന്ന് യുവാവ് ജീവനൊടുക്കി. വെള്ളിമാട്കുന്നിനു സമീപം ഈസ്റ്റ് മൂഴിക്കൽ പൂതംകുഴിമീത്തൽ വീട്ടിൽ ചൊവ്വാഴ്ച പുലർച്ചെ ഒരുമണിക്കും നാലരയ്ക്കും ഇടയിലാണ് രണ്ടുമരണവും. പൂതംകുഴിമീത്തൽ വീട്ടിൽ റംസീനയുടെയും നിസാറിന്റെയും മൂത്തമകൾ പത്താംക്ളാസ് വിദ്യാർഥിനി നസ്രീന (16), റംസീനയുടെ സഹോദരി ഹസീനയുടെയും അഷ്റഫിന്റെയും ഏകമകൻ നല്ലളം മാവത്തിനിലം കെ.പി. ഹൗസിൽ അദിനാൻ (20) എന്നിവരാണ് മരിച്ചത്.

പോലീസ് പറയുന്നതിങ്ങനെ തിങ്കളാഴ്ച രാത്രി ഏഴോടെ മൂഴിക്കലിലെ വീടിന്റെ പിൻവശത്തെ മതിൽക്കടന്ന് അദിനാൻ എത്തുന്നത് സി.സി.ടി.വി. ദൃശ്യങ്ങളിലുണ്ട്. വീടിന്റെ പുറകിലെ കുളിമുറിയിൽ ഒളിച്ചിരുന്നശേഷം രാത്രിയെപ്പോഴോ തുറന്നുകിടന്ന വാതിലൂടെയാണ് ഇയാൾ അകത്തുകടന്നത്. ഈസമയം നസ്രീന, റംസീന, നസ്രീനയുടെ സഹോദരങ്ങളായ ഇഷാം, നൈമ, റംസീനയുടെ മാതാവ് സഫിയ എന്നിവരും വിരുന്നുവന്ന ബന്ധുക്കളും വീടിന്റെ മുൻവശത്തുണ്ടായിരുന്നു. ഇവർ രാത്രി പന്ത്രണ്ടരയോടെ മടങ്ങി.

രാത്രി ഒരുമണിയോടെ മുകളിലെ മുറിയിൽ ഉറങ്ങാനെത്തിയ നസ്രീനയെ അവിടെയുണ്ടായിരുന്ന ലെഗിൻസ് പാന്റ് ഉപയോഗിച്ച് കഴുത്തുഞെരിച്ചും മൂക്കും വായയും പൊത്തി ശ്വാസംമുട്ടിച്ചുമാണ് അദിനാൻ കൊലപ്പെടുത്തിയത്. പാക്കിങ് ടേപ്പ് ഉപയോഗിച്ച് ഇവരുടെ കൈയും കാലും കെട്ടുകയും ചെയ്തു.

നസ്രീന മരിച്ചെന്ന് ഉറപ്പിച്ചശേഷം താഴത്തെ നിലയിൽ സഫിയ കിടന്ന മുറിയിലെത്തി അലമാരയുടെ താക്കോലെടുക്കാൻ ശ്രമിച്ചു. ഇതിനിടെ ഉണർന്ന സഫിയ ബഹളംകൂട്ടി അയൽവാസികളെയും ബന്ധുക്കളെയും വിളിച്ചുകൂട്ടി. വീട്ടിൽനിന്ന് പുറത്തേക്കുള്ള വാതിലുകൾ അകത്തുനിന്ന് താക്കോലിട്ട് പൂട്ടിയതുകൊണ്ട് പുറത്തിറങ്ങാൻ സാധിക്കാതിരുന്ന അദിനാൻ മുകളിലെ മറ്റൊരുമുറിയിൽ കയറി ഒളിച്ചു. തിരഞ്ഞെത്തിയവർ കട്ടിലിനടിയിൽ ആളനക്കംകണ്ട് വാതിൽ പുറത്തുനിന്ന് പൂട്ടി. തൊട്ടടുത്ത മുറിയിൽ അബോധാവസ്ഥയിൽ കണ്ട നസ്രീനയെയും കൊണ്ട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോയി. 

പിന്നീട് പോലീസെത്തിയാണ് അദിനാൻ ഒളിച്ചമുറി തുറക്കാൻ ശ്രമിച്ചത്. അകത്തുനിന്ന് പൂട്ടിയ മുറി വാതിൽപ്പൊളിച്ച് അകത്തുകടന്നപ്പോഴാണ് മുഖം പാക്കിങ് പ്ളാസ്റ്റർകൊണ്ട് വരിഞ്ഞൊട്ടിച്ചു കട്ടിലിനടിയിൽ മരിച്ചനിലയിൽ അദിനാനെ കണ്ടെത്തിയത്. രണ്ടുമരണവും ശ്വാസംമുട്ടിയാണെന്ന് പോസ്റ്റ്മോർട്ടം ചെയ്ത മെഡിക്കൽ കോളേജ് ഫൊറൻസിക് വിദഗ്ധർ സ്ഥിരീകരിച്ചിട്ടുണ്ട്.

പഠിക്കാൻ ഈ വീട്ടിൽ കൊണ്ടുനിർത്തിയിരുന്ന അദിനാൻ പണമെടുത്ത് ഉപയോഗിച്ചതുൾപ്പെടെയുള്ള കാര്യങ്ങൾ നസ്രീനയാണ് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന്, ഇയാളെ വീട്ടിൽനിന്ന് ഇറക്കിവിട്ടിരുന്നു. ഇതിന്റെ പ്രതികാരമായാണ് അദ്നാൻ ക്രൂരകൃത്യം ചെയ്തതെന്നാണ് പോലീസ് പറയുന്നത്.

Post a Comment

0 Comments