മുംബൈ : ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും സമ്പന്നൻ എന്ന നേട്ടം ഇനി ഗൗതം അദാനിക്ക് സ്വന്തം. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ കടത്തിവെട്ടിയാണ് അദാനി ഗ്രൂപ്പ് ചെയർമാന്റെ നേട്ടം. ഇതിനുമുൻപും അദാനി ആ നേട്ടം കൈവരിച്ചിട്ടുണ്ടെങ്കിലും ഹിൻഡൻബർഗ്, യുഎസിലെ കൈക്കൂലിക്കേസ് തുടങ്ങിയ ആരോപണങ്ങൾക്ക് പിന്നാലെ അദാനി ഗ്രൂപ്പ് ഓഹരികളിലുണ്ടായ വിലത്തകർച്ച അദ്ദേഹത്തിന്റെ ആസ്തി കുറയാനും ഇടയാക്കിയിരുന്നു.
എന്നാൽ, ആരോപണങ്ങളിൽ നിന്നെല്ലാം അതിവേഗം കരകയറിയാണ് ഇപ്പോൾ അദ്ദേഹം വീണ്ടും ഏഷ്യയിലെ തന്നെ ഏറ്റവും സമ്പന്നൻ എന്ന ‘പട്ടം’ ചൂടിയത്. ബ്ലൂംബെർഗിന്റെ റിയൽടൈം ശതകോടീശ്വര പട്ടികപ്രകാരം ലോക റാങ്കിങ്ങിൽ 19-ാം സ്ഥാനമാണ് ഗൗതം അദാനിക്ക്. മുകേഷ് അംബാനിക്ക് റാങ്ക് 20.
92.6 ബില്യൻ ഡോളറാണ് (ഏകദേശം 8.63 ലക്ഷം കോടി രൂപ) അദാനിയുടെ ആസ്തി. മുകേഷിന്റേത് 90.8 ബില്യൻ (8.46 ലക്ഷം കോടി രൂപ). 2026ൽ ഇതുവരെ അദാനിയുടെ ആസ്തിയിൽ 810 കോടി ഡോളറിന്റെ വർധനയുണ്ടായപ്പോൾ (75,500 കോടി രൂപ) മുകേഷ് നേരിട്ടത് 1690 കോടി ഡോളറിന്റെ (1.48 ലക്ഷം കോടി രൂപ) നഷ്ടമാണ്.
ഇന്ത്യൻ ഓഹരി വിപണി കഴിഞ്ഞദിവസം നഷ്ടമാണ് നേരിട്ടതെങ്കിലും അദാനി ഗ്രൂപ്പ് ഓഹരികൾ നേട്ടം കുറിച്ചിരുന്നു. സോളർ എനർജി കോർപറേഷൻ ഓഫ് ഇന്ത്യയിൽ (എസ്ഇസിഐ) ടെൻഡർ നേടാൻ കൈക്കൂലി കൊടുത്തെന്ന് അദാനി ഗ്രൂപ്പിനെതിരായ ഉയർന്ന ആരോപണം കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ (സിസിഐ) തള്ളിയിട്ടുമുണ്ട്.
ഇത് ഇന്നും അദാനി ഗ്രൂപ്പ് ഓഹരികളെ തുണച്ചേക്കാം. പ്രഥമാദൃഷ്ട്യാ തെളിവില്ലെന്ന് വ്യക്തമാക്കിയാണ് സിസിഐയുടെ നടപടി. അദാനി എന്റർപ്രൈസസ്, അദാനി ഗ്രീൻ എനർജി, ഗൗതം അദാനി, സാഗർ അദാനി, അസ്യൂർ പവർ ഇന്ത്യ, എസ്ഇസിഐ തുടങ്ങിയവർക്ക് എതിരെയായിരുന്നു ആരോപണം.
ലോകത്തെ ഏറ്റവും സമ്പന്നൻ എന്ന പട്ടം ടെസ്‍ല, എക്സ്, സ്പേസ്എക്സ് എന്നിവയുടെ മേധാവി ഇലോൺ മസ്ക് എതിരാളികളേയില്ലാതെ കൈവശംവച്ചിരിക്കുന്നു. 656 ബില്യനാണ് മസ്കിന്റെ ആസ്തി (61.15 ലക്ഷം കോടി രൂപ). രണ്ടാം സ്ഥാനത്തുള്ള ഗൂഗിൾ സഹസ്ഥാപകൻ ലാറി പേജിന്റെ ആസ്തി 286 ബില്യൻ (26.67 ലക്ഷം കോടി രൂപ). ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് (269 ബില്യൻ), ഗൂഗിൾ സഹസ്ഥാപകൻ സെർജി ബ്രിൻ (266 ബില്യൻ), മെറ്റ മേധാവി മാർക്ക് സക്കർബർഗ് (239 ബില്യൻ) എന്നിവരാണ് ടോപ് 5ൽ ഇടംപിടിച്ച മറ്റുള്ളവർ.

0 Comments