LATEST

6/recent/ticker-posts

വനിതാ സംവരണമല്ല, മണ്ഡല പുനർനിർണയമാണ് ലക്ഷ്യം; കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി സോണിയ ഗാന്ധി.




ന്യൂഡൽഹി : പ്രത്യേക പാർലമെന്റ് സമ്മേളനത്തിൻ്റെ യഥാർഥ ലക്ഷ്യം വനിതാ സംവരണ ഭേദഗതി ബില്ലല്ലെന്നും ജാതി സെൻസസ് വൈകിപ്പിക്കലാണെന്നും കോൺഗ്രസ് പാർലമെൻ്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി. ദ ഹിന്ദു പത്രത്തിൽ എഴുതിയ ലേഖനത്തിലാണ് കേന്ദ്രസർക്കാർ നീക്കങ്ങൾക്കെതിരെയുള്ള വിമർശനം. 

നിലവിൽ പുറത്തുവരുന്ന അനൗദ്യോഗിക വിവരങ്ങൾ പ്രകാരം സർക്കാരിൻ്റെ മണ്ഡല പുനർനിർണയ പദ്ധതി അതീവ അപകടകരമാണെന്നും ഇത് ഭരണഘടനയ്ക്ക് മേലുള്ള നേരിട്ടുള്ള കടന്നുകയറ്റമാണെന്നും സോണിയ ഗാന്ധി ആരോപിച്ചു.

തമിഴ്‌നാട്, പശ്ചിമ ബംഗാൾ നിയമസഭാ തzരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഇത്തരമൊരു സമ്മേളനം വിളിച്ചുചേർക്കുന്നത് രാഷ്ട്രീയ നേട്ടത്തിനാണെന്നും വിമർശിച്ച അവർ പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കാനാണ് സർക്കാരിന്റെ നീക്കമെന്നും പറഞ്ഞു. ലോക്സഭ മണ്ഡലങ്ങളുടെ എണ്ണം വർധിപ്പിക്കേണ്ടത് രാഷ്ട്രീയമായ തുല്യത പാലിച്ചാണ്. കുടുംബാസൂത്രണം വിജയകരമായി നടപ്പാക്കിയവർക്കും ചെറിയ സംസ്ഥാനങ്ങൾക്കും ദോഷകരമായ തരത്തിലാവരുത്. മണ്ഡലങ്ങളുടെ ആനുപാതിക വർധനവ് അവർക്കുള്ള സ്വാധീനം നഷ്ടപ്പെടുത്താനിടയാക്കുമെന്നും സോണിയ.

അതേസമയം, വനിതാ സംവരണ ഭേദഗതി ബിൽ വ്യാഴാഴ്ച ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ യാഥാർഥ്യമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബില്ലിലൂടെ രാജ്യം പുതിയൊരു ചരിത്രമെഴുതാൻ ഒരുങ്ങുകയാണെന്നും മോദി വ്യക്തമാക്കി. ഡൽഹിയിൽ നടന്ന നാരീശക്തി വന്ദൻ സമ്മേളനത്തിൽ സംസാരിക്കവെയാണ് മോദിയുടെ പ്രഖ്യാപനം.

വനിതാ സംവരണ ബില്ല് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പ്രധാനപ്പെട്ട തീരുമാനമാണെന്നും നാരി ശക്തിക്കായി ചരിത്രപരമായ നീക്കം സമർപ്പിക്കുന്നുവെന്നും മോദി പറഞ്ഞു.

Post a Comment

0 Comments