കോഴിക്കോട് : രോഗികളെ നിലത്തുകിടത്തരുതെന്ന് മന്ത്രിയുടെ നിർദേശം വന്നെങ്കിലും ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികൾ ഇപ്പോഴും വരാന്തയിൽ തന്നെ. മെഡിസിൻ വാർഡുകൾക്കു പുറത്ത് നഴ്‌സിങ് സൂപ്രണ്ടിന്റെ ഓഫിസിലേക്ക് പോകുന്ന വരാന്ത നിറയെ രോഗികളാണ്. മൂന്നാം വാർഡിനും കന്റീനു മുന്നിലും തറയിൽ പായ വിരിച്ചു കിടക്കുന്ന രോഗികൾ 4 ദിവസമായി ഇതേ സ്ഥലത്താണ്.
മെനഞ്ചൈറ്റിസ്, മഞ്ഞപ്പിത്തം, ഡെങ്കി, ന്യൂമോണിയ, മഞ്ഞപ്പിത്തം, പനിബാധിതർ തുടങ്ങിയവരാണ് ഏറെയും. മഴക്കാലം ആരംഭിക്കുന്നതോടെ പകർച്ചവ്യാധികളും പനിരോഗങ്ങളും വർധിക്കുന്നതിനാൽ രോഗികൾക്ക് കിടക്കാൻ വരാന്തയും തികയാതെ വരും.
പിഎംഎസ്എസ്‌വൈ ബ്ലോക്ക് പ്രവർത്തനം ആരംഭിക്കുന്നതോടെ മെഡിക്കൽ കോളജിലെ രോഗികളുടെ തിരക്കിനു പരിഹാരമാകുമെന്നാണ് 2023 മാർച്ചിൽ ഉദ്ഘാടന സമയത്ത് പ്രഖ്യാപിച്ചിരുന്നത്. 3 വർഷം പിന്നിട്ടിട്ടും രോഗികളുടെ അവസ്ഥയ്ക്ക് മാറ്റമൊന്നുമില്ല. അത്യാഹിത വിഭാഗം പുതിയ ബ്ലോക്കിലേക്ക് മാറ്റിയതോടെ ഒഴിഞ്ഞ എംസിഎച്ചിലെ പഴയ അത്യാഹിത വിഭാഗം മെഡിസിൻ വാർഡുകളാക്കി മാറ്റി രോഗികളുടെ തിരക്കുകുറയ്ക്കാൻ സൗകര്യമൊരുക്കുമെന്നും പറഞ്ഞിരുന്നു.
അൽപകാലത്തേക്ക് 2 മെഡിസിൻ വാർഡുകൾ ഇവിടേക്ക് മാറ്റിയെങ്കിലും പിന്നീട് തിരിച്ചെടുത്തു. നിലവിൽ ഇവിടം ഡെർമറ്റോളജി വിഭാഗത്തിനും മൈക്രോബയോളജി ലാബിനും നൽകി.
സാവിത്രി സാബു മെമ്മോറിയൽ ബ്ലോക്ക് ടെർഷ്യറി കാൻസർ സെന്റിലേക്ക് മാറുന്നതോടെ ഒഴിയുന്ന വാർഡുകൾ മെഡിസിൻ വിഭാഗത്തിനു കിട്ടിയാൽ ഒരു പരിധിവരെ രോഗികളെ ഉൾക്കൊള്ളാനാകുമെന്നാണു മെഡിസിൻ വിഭാഗം കരുതുന്നത്. ഏറ്റവുമധികം രോഗികൾ ചികിത്സ തേടിയെത്തുന്ന മെഡിസിൻ, എല്ലുരോഗ വിഭാഗത്തിനാണ് സ്ഥലപരിമിതി ഏറെയും.
ആദ്യം ചെയ്യേണ്ടത് ബീച്ച് ആശുപത്രിയിലെ സൗകര്യം വർധിപ്പിക്കുക, 24 മണിക്കൂർ അത്യാഹിത വിഭാഗം സ്ഥാപിക്കുക, കൂടാതെ മറ്റ് സമീപത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലെ സൗകര്യം വർധിപ്പിക്കുക എന്നിവയാണ്. അപ്പോൾ മെഡിക്കൽ കോളജിലേക്ക് എത്തുന്ന രോഗികളുടെ തിരക്കു കുറയ്ക്കാനാകുന്നമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

0 Comments