ബെംഗളൂരു : കർണാടക രാഷ്ട്രീയത്തിൽ നിർണായക പ്രഖ്യാപനവുമായി മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ. സജീവ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. 2028ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും എന്നാൽ പൊതുജീവിതത്തിലും രാഷ്ട്രീയ പ്രവർത്തനങ്ങളിലും തുടരുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.
മാണ്ഡ്യ ജില്ലയിൽ നടന്ന പൊതുപരിപാടിയിലാണ് അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ ജീവിതത്തിലെ നിർണായക തീരുമാനം അദ്ദേഹം പ്രഖ്യാപിച്ചത്. നിലവിൽ 79 വയസായ തനിക്ക് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ 82 വയസാകുമെന്നും അതിനാൽ മത്സരിക്കില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.
“2028ലെ തെരഞ്ഞെടുപ്പിൽ ഞാൻ സ്ഥാനാർഥിയാകില്ല. എന്നാൽ രാഷ്ട്രീയത്തിൽ തുടരും. ജനങ്ങളുടെ സന്തോഷത്തിലും ദുഃഖത്തിലും ഒപ്പമുണ്ടാകും,” എന്ന് സിദ്ധരാമയ്യ പറഞ്ഞു.
1978ൽ താലൂക്ക് ബോർഡ് അംഗമായാണ് തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചതെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം, വിജയങ്ങളും പരാജയങ്ങളും നേരിട്ടിട്ടുണ്ടെങ്കിലും വിശ്വസിച്ച ആശയങ്ങൾക്ക് വിരുദ്ധമായി ഒരിക്കലും പ്രവർത്തിച്ചിട്ടില്ലെന്നും മനസാക്ഷിയെ വഞ്ചിച്ചിട്ടില്ലെന്നും പറഞ്ഞു.
ഇന്നത്തെ രാഷ്ട്രീയം മലിനമായെന്നും തെരഞ്ഞെടുപ്പ് രീതികൾ മാറിയെന്നും അദ്ദേഹം വിമർശിച്ചു. മുമ്പ് ജനങ്ങൾ സ്ഥാനാർഥികളെ വിജയിപ്പിക്കാൻ പിന്തുണ നൽകിയിരുന്നെങ്കിൽ ഇന്ന് സ്ഥാനാർഥികൾ തന്നെ വോട്ടർമാർക്ക് പണം നൽകേണ്ട സാഹചര്യമാണുള്ളത്. അഴിമതി വർധിച്ചെന്നും സത്യസന്ധരായ രാഷ്ട്രീയപ്രവർത്തകർ കുറയുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രി സ്ഥാനം ഡി.കെ. ശിവകുമാറിന് കൈമാറിയതിന് പിന്നാലെ സിദ്ധരാമയ്യ വിരമിക്കുമെന്ന അഭ്യൂഹങ്ങൾ നേരത്തെ ഉയർന്നിരുന്നെങ്കിലും കുടുംബം അത് നിഷേധിച്ചിരുന്നു. ഇപ്പോഴത്തെ പ്രഖ്യാപനത്തോടെ അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് വിരാമമാകുമ്പോൾ, കർണാടക രാഷ്ട്രീയത്തിൽ ഇനി അദ്ദേഹം എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് ശ്രദ്ധേയമാകുന്നത്.

0 Comments